രണ്ട് അഹങ്കാരങ്ങള്‍ അഭിമുഖീകരിച്ച അശ്ലീലം

Posted on: March 1, 2014 6:00 am | Last updated: February 28, 2014 at 9:28 pm
SHARE

sudheeranനല്ല ഗുരോ, നല്ല ഗുരോ എന്നു തന്നെ സംബോധന ചെയ്യുന്നവര്‍ക്ക് നേരെ തിരിഞ്ഞ് കനത്ത സ്വരത്തില്‍ യേശു പറഞ്ഞത് ” എന്നെ നല്ലവന്‍ എന്നു പറയരുത്. നല്ലവന്‍ യഹോവ മാത്രം’ എന്നാകുന്നു. ഇത് യേശുവിന്റെ മാത്രം പ്രതികരണ രീതിയല്ല. ജനങ്ങളെയും അതുവഴി ചരിത്രത്തെയും ആഴത്തിലും പരപ്പിലും സ്വാധീനിച്ചവരെല്ലാം ‘ഞങ്ങള്‍ പരിശുദ്ധര്‍ മറ്റെല്ലാവരും അശുദ്ധര്‍’ എന്ന നിലപാട് പുലര്‍ത്തിയവാരിയിരുന്നില്ല. ഒരു അഭിമുഖത്തില്‍ കാറല്‍ മാര്‍ക്‌സ് അദ്ദേഹത്തെ തന്നെ സ്വയം നിര്‍വചിച്ചത് ഇങ്ങനെയാണ്: ‘ഞാനൊരു മനുഷ്യനാണ്. അതിനാല്‍ മനുഷ്യന്റെതായ ബലദൗര്‍ബല്യങ്ങളെല്ലാം എനിക്ക് സ്വന്തവുമാണ്.’ സ്വയം പരിശുദ്ധനെന്ന അഹങ്കാരലേശമില്ലാത്ത ഇത്തരം ജീവിതാവബോധമാണ് ഇവരെ ചരിത്രപുരുഷന്മാരാക്കി ഇപ്പോഴും നിലനിര്‍ത്തി വരുന്നത്.
എന്നാല്‍ ഇതിനു കടകവിരുദ്ധമാണ് ആം ആദ്മി മനോഭാവം. ‘ഞങ്ങള്‍ പരിശുദ്ധര്‍ ബാക്കി സകലരും കളങ്കിതര്‍’ എന്നാണ് അവരുടെ രോഗാതുരമായ മനോനില. ഈ മനോനിലയുള്ളവര്‍ വിവിധ പാര്‍ട്ടികളില്‍ ഉണ്ട്. ‘ഞാന്‍, ഞാന്‍ മാത്രം പരിശുദ്ധന്‍’ എന്ന് തെളിയിക്കാന്‍ തത്രപ്പെടുന്ന അത്തരം ആളുകളെയാണ് രാഷ്ട്രീയത്തിലെ ആള്‍ദൈവങ്ങള്‍ എന്ന് പറയുന്നത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആള്‍ദൈവമാണ് വി എം സുധീരന്‍. സി പി എമ്മിലെ ആള്‍ദൈവമാണ് വി എസ് അച്യുതാനന്ദന്‍. ഇവര്‍ രണ്ട് പേരും തങ്ങളൊഴിച്ച് മറ്റെല്ലാവരും കളങ്കിതരാണെന്ന ആദര്‍ശാഹങ്കാരം പുതച്ചുനടക്കുന്നവരാണ്. വെറുതെയല്ല അരവിന്ദ് കെജരിവാള്‍ ഇത്തരം സ്വയം പരിശുദ്ധവാദികളെ ആം ആദ്മിയിലേക്ക് ക്ഷണിക്കുന്നത്. ഇനം ഇനത്തോട് ചേരുവാന്‍ കൊതിക്കുകയും മുതിരുകയും ചെയ്യുമെന്നാണല്ലോ. എല്ലാം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ചൂലും അതെടുത്ത് ശരിക്കും പണിയെടുക്കുന്നവരുടെ ശരീരവും വൃത്തികേടാകും. പൊടി പുരളാതെ ഒരു ചൂലിനും പൊടി തൂത്തുമാറ്റാനാകില്ല. പൊടി പുരളാതെ ചൂലിനെ നിലനിര്‍ത്തണമെങ്കില്‍ ഷോകേസില്‍ വെക്കേണ്ടിവരും. നിരത്ത് തൂത്തുവാരാന്‍ ഉപയോഗിക്കാതിരിക്കേണ്ടിവരും.
ഇതുപോലും മനസ്സിലാകാത്തവരാണ്, തിരുത്തല്‍ ശക്തികളായി കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകളോടു കൂടി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതു പ്രസ്ഥാനങ്ങളില്‍ അഴുക്കുണ്ടെന്ന് അപഹസിച്ച് ചൂല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഉയര്‍ത്തിപ്പിടിക്കുന്ന ചൂലില്‍ അഴുക്കുണ്ടാകില്ല. അതിനാല്‍ ഇതാ, നോക്കൂ പരിശുദ്ധ ചൂലെന്ന് വീമ്പ് പറയാന്‍ ഒക്കും. പക്ഷേ, ചൂല്‍ നിരത്തിലെ അഴുക്ക് തൂത്തുമാറ്റാനായി താഴ്ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചാല്‍ ആ ചൂലിനും അഴുക്ക് പുരളും. ഈ സാമാന്യ തത്വം പോലും തിരിച്ചറിയാതെ ‘ഞാന്‍ പരിശുദ്ധന്‍ ബാക്കി സകലരും കളങ്കിത വ്യക്തിത്വങ്ങള്‍’ എന്ന നിലപാടോടുകൂടി പെരുമാറി ശീലിച്ച വി എസ് അച്യുതാനന്ദനും വി എം സുധീരനും തീര്‍ത്തും ചേരുന്ന പാര്‍ട്ടി ചൂല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആം ആദ്മി പാര്‍ട്ടിയാണ്. എല്ലാവര്‍ക്കും സംഘടിക്കാമെങ്കില്‍ ദൈവത്തെ പോലെ പരിശുദ്ധരാണ് തങ്ങള്‍ എന്ന് അഹങ്കരിക്കുന്നവര്‍ക്കും സംഘടിക്കാമല്ലോ.
‘കളങ്കിത വ്യക്തിത്വങ്ങളുമായി കോണ്‍ഗ്രസുകാര്‍ക്ക് ബന്ധമുണ്ടാകരുതെ’ന്ന് പ്രഖ്യാപിച്ച പരിശുദ്ധ കോണ്‍ഗ്രസുകാരനാണ് വി എം സുധീരന്‍. മഹാത്മാ ഗാന്ധിക്ക് പോലും ശിരസ്സ് കുനിഞ്ഞുപോകുന്ന ഈ ആദര്‍ശസുധീര പ്രഖ്യാപനം സ്വയം തെളിയിച്ചു കാണിക്കാനാണോ വി എം സുധീരന്‍ മന്നം സമാധിയില്‍ ചെന്ന് പുഷ്പാര്‍ച്ചന നടത്തി അമ്പത് വാര അകലെ സുധീരനെ സ്വീകരിക്കാന്‍ ഷാളുമായി കാത്തിരുന്ന സുകുമാരന്‍ നായരെ കാണാതെ പെരുന്നയില്‍ നിന്ന് മടങ്ങിയത്?
എന്തായാലും വി എം സുധീരനോടൊപ്പം ഉണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം പിയോളം, ശാലു മേനോന്റെ കരിക്ക് കുടിച്ചതുള്‍പ്പടെയുള്ള കളങ്കങ്ങളൊന്നും ഇല്ലാത്ത ആളാണ് ജി സുകുമാരന്‍ നായര്‍ എന്ന നായര്‍ സമുദായത്തിന്റെ പോപ്പായ തിലകാങ്കിത ഫാലസ്ഥനായ മനുഷ്യന്‍. ഇവിടെ ഒരു ചോദ്യം ഉദിക്കുന്നു. വി എം സുധീരന്‍ കളങ്കിത വ്യക്തിത്വം എന്ന് പറയുന്നത് ആരെ ഉദ്ദേശിച്ചാണ്? കളങ്കിത വ്യക്തിത്വം എന്നതിന് വി എം സുധീരന്‍ ഉള്ളില്‍ സൂക്ഷിക്കുന്ന നിര്‍വചനം എന്താണ്?
ഈ ചോദ്യങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് കുറേക്കൂടി കൃത്യമായ നിലപാട് ഉണ്ടെന്ന് തോന്നുന്നു. കാരണം, അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഒരൊറ്റ കളങ്കിത വ്യക്തിത്വമേ ഭൂമി മലയാളത്തിലുള്ളൂ- പിണറായി വിജയന്‍. കളങ്കിതരല്ലാത്ത രണ്ടാളുകളേ വി എസിന്റെ ദൃഷ്ടിയില്‍ ഭൂമിമലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. അതിലൊരാള്‍ മാധ്യമ കണക്കെടുപ്പ് പ്രകാരം 51 വെട്ടേറ്റ് മരിച്ചു. ശേഷിക്കുന്നത് ഇനി വി എസ് അച്യുതാനന്ദന്‍ മാത്രമാണ്. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്ന പഴഞ്ചൊല്ലുണ്ടല്ലോ. അത് പ്രകാരം അന്തരിച്ച പരിശുദ്ധന്‍ ടി പി ചന്ദ്രശേഖരനോടൊപ്പം എറെ നാള്‍ ജീവിച്ച കെ കെ രമക്കും അല്‍പ്പം പരിശുദ്ധിയുണ്ടെന്നു വരെ വി എസ് അച്യുതാനന്ദന്‍ ഒരു പക്ഷേ, സമ്മതിച്ചേക്കാം. അതിലപ്പുറം ആരും പരിശുദ്ധരായി ഇല്ല എന്ന് തന്നെയാണ് വി എസ് അച്യുതാനന്ദന്റെ നിലപാട്.!
എന്നാല്‍ ഇത്രയും കൃത്യമായ നിലപാട് വി എം സുധീരന്, ഭൂമിമലയാളത്തില്‍ ആരൊക്കെയാണ് കളങ്കിതര്‍, ആരൊക്കെയാണ് വിശുദ്ധര്‍ എന്ന കാര്യത്തില്‍ എടുക്കാനാകില്ല. ആര്‍ക്കൊക്കെ കോണ്‍ഗ്രസില്‍ സരിതാബാന്ധവം ഉണ്ടെന്ന് അദ്ദേഹത്തിന് യാതൊരു ഉറപ്പും ഇല്ല. അതൊക്കെ ഉമ്മന്‍ ചാണ്ടിയോട് ചര്‍ച്ച ചെയ്‌തേ തീരുമാനിക്കാനാകൂ. പക്ഷേ, വി എം സുധീരന് ഒരു കാര്യം ഉറപ്പുണ്ട്. താന്‍ പരിശുദ്ധനാണ് എന്നതത്രേ അത്. ആ പരിശുദ്ധാഹങ്കാരത്തിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും കിട്ടിക്കഴിഞ്ഞു. സുധീരന്റെ പരിശുദ്ധാഹങ്കാരത്തെയാണ് പെരുന്ന പെരുമാളായ ജി സുകുമാരന്‍ നായര്‍ എന്ന സമുദായികാഹങ്കാരി അവഗണിച്ചത്. രണ്ട് അഹങ്കാരങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ സംഭവിച്ച അശ്ലീലമാണ് വി എം സുധീരന്റെ പെരുന്ന സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ വിവാദം.
എങ്കിലും സുകുമാരന്‍ നായരോട് പറയട്ടെ. അദ്ദേഹം കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് ആധ്യാത്മിക പഠന ക്ലാസുകളും മറ്റും നടത്താന്‍ ഒരുങ്ങിയിരിക്കുകയാണല്ലോ. ഇന്ത്യന്‍ ആധ്യാത്മികതയുടെ ഏറ്റവും പ്രധാനമായ സദാചാര തത്വങ്ങളില്‍ ഒന്ന് ‘അതിഥി ദേവോ ഭവ’ എന്നതാണ്. അതിഥിയായി എത്തുന്ന ആളെ ജാതി, മതം, സ്ഥാനം, സമ്പത്ത്, ദേശം, ഭാഷ എന്നീ പരിഗണനയേതും കൂടാതെ ദേവതുല്യം പരിഗണിച്ച് ഉപചരിക്കണം എന്നാണ് മഹര്‍ഷിമാരുടെ അനുശാസനം. ഇത് പ്രകാരം വി എം സുധീരന്‍ വന്നപ്പോള്‍ സ്വീകരിക്കേണ്ട ചുമതല ജി സുകുമാരന്‍ നായര്‍ക്കുണ്ടായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് ധാര്‍മികമായി ശരിയായില്ല. ഒരു പക്ഷേ, രാഷ്ട്രീയമായി അത് ശരിയാണെന്ന് വന്നാലും. അതുപോലെ, വോട്ട് തേടി പലവുരു സുകുമാരന്‍ നായരെ മെനക്കെട്ട് ചെന്നുകാണാന്‍ മടിച്ചിട്ടില്ലാത്ത വി എം സുധീരന്‍ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയിട്ടും ജി സുകുമാരന്‍ നായരെ കാണാതെ മടങ്ങിയത് ഒരു വീട്ടില്‍ ചെന്നിട്ട് മിരിച്ച ആളുടെ ഫോട്ടോയില്‍ മാല ചാര്‍ത്തി ജീവിച്ചിരിക്കുന്ന ഗൃഹനാഥനെ കാണാതെ ഇറങ്ങിപ്പോരുന്നതിന് സമാനമായ അപമര്യാദയായിപ്പോയി എന്നും പറഞ്ഞേ തീരൂ.