Connect with us

National

മുസാഫര്‍നഗര്‍: അഖിലേഷ് സര്‍ക്കാറിനെ വെട്ടിലാക്കി മന്ത്രിയുടെ പരാമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: മഹോത്സവ ധൂര്‍ത്തിനും എം എല്‍ എമാരുടെ വിദേശ ഉല്ലാസയാത്രക്കും പിറകെ, ഉത്തര്‍പ്രദേശിലെ അഖിലേഷ് സര്‍ക്കാറിനെ വെട്ടിലാക്കി മുസാഫര്‍നഗര്‍ ഇരകളെ സംബന്ധിച്ച് മന്ത്രിയുടെ പരാമര്‍ശം. മരണം ആര്‍ക്കും ഒഴിവാക്കാനാകില്ലെന്നും കൊട്ടാരങ്ങളില്‍ പോലും അത് സംഭവിക്കുമെന്നുമാണ് മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകള്‍ കഴിയുന്ന ക്യാമ്പിലെ മരണത്തെ സംബന്ധിച്ച് സംസ്ഥാന കായിക മന്ത്രി നാരദ് റായ് അഭിപ്രായപ്പെട്ടത്. ഈ നിരുത്തരവാദ അഭിപ്രായപ്രകടനത്തിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വിവിധ കേന്ദ്രങ്ങള്‍ ശക്തമായി പ്രതികരിച്ചു. “കുട്ടികളുടെതായാലും പ്രായപൂര്‍ത്തിയായവരുടെതായാലും പ്രായമുള്ളവരുടെതായാലും മരണം അനിവാര്യമാണ്. ക്യാമ്പുകളില്‍ മാത്രമല്ല, കൊട്ടാരങ്ങളിലും ആളുകള്‍ മരിക്കുന്നുണ്ട്. നമ്മുടെ വീടുകളില്‍ കുട്ടികള്‍ മരിക്കുന്നില്ലേ? മരണം എല്ലായിടത്തുമുണ്ട്.” മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ മുസാഫര്‍നഗര്‍ ഇരകള്‍ കഴിഞ്ഞ ക്യാമ്പുകളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചതിനെ സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.