മതാടിസ്ഥാനത്തിലല്ല കുറ്റവാളിയെ തീരുമാനിക്കേണ്ടതെന്ന് മോഡി

Posted on: January 12, 2014 7:26 pm | Last updated: January 12, 2014 at 11:28 pm

shinde and modi

പനാജി: ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്കെതിരെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. മതം നോക്കിയല്ല കുറ്റവാളിയെ തീരുമാനിക്കേണ്ടതെന്ന് മോഡി പറഞ്ഞു. രാജ്യത്ത് ന്യനപക്ഷ സമുദായാംഗങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞദിവസം ഷിന്‍ഡെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പനാജിയില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ മോഡിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്. നിയമം ലംഘിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ ന്യൂനപക്ഷമാണോയെന്ന് നോക്കണം എന്ന നിര്‍ദേശമാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയത്. എങ്ങനെയാണ് ഇത് സംഭവിക്കുക. കുറ്റവാളികള്‍ക്ക് മതമുണ്ടോയെന്നും മോഡി ചോദിച്ചു.

കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയെന്നത് ബി ജെ പിയുടെ മാത്രം ലക്ഷ്യമല്ലെന്നും എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്നും മോഡി പറഞ്ഞു. അമ്പത് വര്‍ഷത്തെ ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചു. ഇന്ത്യയെ ആദ്യമായി പരിഗണിക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള നേതാവിനെയാണ് രാജ്യത്തിനാവശ്യമെന്നും ജനമനസ്സുകളില്‍ തനിക്ക് വലിയ ഇടമാണുള്ളതെന്നും മോഡി പറഞ്ഞു.