കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു

Posted on: January 2, 2014 12:43 am | Last updated: January 1, 2014 at 9:43 pm

കുമ്പള: കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അമ്പത്തിനാലാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ അരങ്ങുണര്‍ന്നത് നാട്യ-രാഗ-താള-ലയ വര്‍ണങ്ങള്‍ തീര്‍ത്ത നൃത്തവൈഭവത്തോടെ. ഒന്നാം വേദിയായ നീലാംബരിയില്‍ രാവിലെ കേരള നടനത്തിന് തിരശീല ഉയര്‍ന്നത് നിറഞ്ഞ വേദിയെ സാക്ഷിയാക്കിയാണ്.
എട്ടുവേദികളിലായാണ് സ്‌റ്റേജിന മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായത്. മറ്റു വേദികളില്‍ മോണോആക്ട്, ലളിതഗാനം, ശാസത്രീയസംഗീതം, യു പി ഖുര്‍ആന്‍ പാരായണം, പദ്യംചൊല്ലല്‍, പൂരക്കളി എന്നിവ അരങ്ങേറും. കലോത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തുളുനാടിനെ പുളകമണിയിച്ച് വര്‍ണശഭളമായ ഘോഷയാത്ര കലോത്സവത്തിന്റെ വരവറിയിച്ച് ഉദ്ഘാടനവേദിക്കരികിലെത്തി. കുമ്പള മാവിനക്കട്ടയില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്ര സ്‌കൂള്‍ പരിസരത്ത് സമാപിക്കുമ്പോള്‍ ഇത് വീക്ഷിക്കുന്നതിനായി നിരവധിപേരാണ് റോഡിനിരുവശത്തുമായി കൂടിയിരുന്നത്. മുത്തുക്കുട, നിശ്ചല ദൃശ്യം, ബാന്റ്‌മേളം, ശിങ്കാരിമേളം, നാസിക് ബാന്റ്, തിരുവാതിര, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടായി അണിനിരന്നു.
ഘോഷയാത്രയ്ക്കുശേഷം വൈകുന്നേരം മഞ്ചേശ്വരം എം എല്‍ എ. പി ബി അബ്ദുറസാഖ് കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ എം എല്‍ എ. കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍(ഉദുമ), മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എസ് പി തോംസണ്‍ ജോസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സായിറാം ഭട്ടിനെ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി സ്വാഗതവും സി രാഘവന്‍ നന്ദിയും പറഞ്ഞു.
നാലിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. 300 ഇനങ്ങളിലായി ഏഴ് ഉപജില്ലകളിലെ നാലായിരത്തോളം കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.