Connect with us

Kasargod

സമാധാനത്തിന് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധര്‍ക്കുള്ളതാണ് കരുതല്‍ തടങ്കല്‍ -ജസ്റ്റീസ് വി രാംകുമാര്‍

Published

|

Last Updated

കാസര്‍കോട്: തുടര്‍ച്ചയായി ക്രമസമാധാനം തകര്‍ത്ത് പൊതുസമാധാനത്തിന് ഭീഷണിയാകുന്ന വിധത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടതെന്ന് കാപ്പാ നിയമ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റീസ് വി രാംകുമാര്‍ പറഞ്ഞു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നിയമ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരണയില്ലാതെയാണ് ആറുമാസം വരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്. കേന്ദ്ര നിയമത്തില്‍ ഇത് ഒരു വര്‍ഷം വരെയാണ്. കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതിയെ അതിനുളള കാരണം അറിയിക്കുകയും അതിനുളള എല്ലാ രേഖകളുടേയും പകര്‍പ്പുകള്‍ നല്‍കുകയും വേണം.
എന്നാല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവില്‍ കരുതല്‍ തടങ്കലിലാക്കപ്പെടുന്നവര്‍ക്ക് പോലീസ് നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ കേസില്‍ നിന്ന് മോചിപ്പിക്കപ്പെടാനുളള സാഹചര്യമുണ്ടെന്നും ഇത് ഗൗരവമായി പരിഗണിക്കണമെന്നും ജസ്റ്റീസ് വി രാംകുമാര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ജില്ലാ മജിസ്‌ട്രേട്ട് 10 കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ പരിഗണനയ്ക്ക് നല്‍കിയതില്‍ 9 കേസും വിട്ടു പോയി. ഈ ഒമ്പതു കേസുകളില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നിയമ ഉപദേശക ബോര്‍ഡ് അംഗങ്ങളായ റിട്ടയേഡ് ജില്ലാ സെഷന്‍ ജഡ്ജി പോള്‍ സൈമണ്‍, അഡ്വ.തോമസ് മാത്യു, ബോര്‍ഡ് സെക്രട്ടറി ജോസഫ് രാജന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സ്വാഗതവും സബ്കലക്ടര്‍ കെ ജീവന്‍ബാബു നന്ദിയും പറഞ്ഞു. എ ഡി എം. എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ ലോ ഓഫീസര്‍ സീതാരാമ, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.