ബി പി എല്‍ പട്ടികയുടെ നടപടികള്‍ 70 ശതമാനം പൂര്‍ത്തിയാക്കി: കലക്ടര്‍

Posted on: August 13, 2013 10:27 am | Last updated: August 13, 2013 at 10:27 am
SHARE

മലപ്പുറം: ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ലഭിച്ച അപേക്ഷകളില്‍ 70 ശതമാനം നടപടികളില്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ കെ ബിജു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1200 റേഷന്‍കാര്‍ഡുകള്‍ പുതുതായി ഉള്‍പ്പെടുത്തുന്നതിന് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടിട്ടുണ്ട്.
ബി പി എല്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന ആദ്യ ജില്ലയാവാന്‍ മലപ്പുറത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 31നകം പദ്ധതി നിര്‍വഹണം നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.
മജീഷ്യന്‍ മുതുകാടിന്റെ മാജിക് അക്കാദമിക്ക് ധനസഹായം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. പഞ്ചായത്തുകള്‍ 25000 രൂപ വരെ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തെരുവ് മാജിക് കലാകാരന്‍മാരെ പുനരധിവസിപ്പിക്കുക, മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് മാജിക് അക്കാദമി പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടിയില്‍ സൗജന്യ മാജിക് അവതരണത്തിനും പദ്ധതിയിണ്ട്. യോഗത്തിന് ശേഷം അക്കാദമിയുടെ ആദ്യ മാജിക് അവതരണം നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ്, സെക്രട്ടറി സി കെ ജയദേവന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി വനജ, പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ വി പി സുകുമാരന്‍ പങ്കെടുത്തു.