ചിറ്റൂര്‍ പുഴയുടെ കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

Posted on: August 4, 2013 7:07 am | Last updated: August 4, 2013 at 7:07 am
SHARE

ചിറ്റൂര്‍: ആളിയാര്‍ ഡാം തുറന്നതോടെ ചിറ്റൂര്‍പുഴയിലെ പ്രധാന കോസ്‌വേകള്‍ വെള്ളത്തിനിടയിലായി. ചിറ്റൂര്‍ പുഴയുടെ ഇരു കരളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അധികൃതര്‍.
കുറച്ചു ദിവസങ്ങളിലായി തമിഴ്‌നാട്ടിലെ ആളിയാറിന്റെ വൃഷ്ടി പ്രദേശത്ത് തുടരുന്ന കനത്ത മഴയില്‍ ആളിയാര്‍ ഡാം നിറഞ്ഞതോടെ ശനിയാഴ്ച രാവിലെ വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് തുറന്നു വിടുകയായിരുന്നു. ആദ്യം 500 ഘനയടി വെള്ളം തുറന്നുവിട്ടെങ്കിലും പിന്നീട് അളവ് വര്‍ധിപ്പിച്ച് 2200 ഘനയടിയായി ഉയര്‍ത്തി. ആളിയാറില്‍ നിന്ന് വെള്ളം തുറന്നെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ മൂലത്തറ റെഗുലേറ്ററിലെ മുഴുവന്‍ ഷട്ടറുകളും രാവിലെ തന്നെ തുറന്നുവെച്ചിരുന്നു. എങ്കിലും മുന്നറിയിപ്പില്ലാതെ കൂടുതല്‍ വെള്ളം എത്തുമോ എന്ന ആശങ്കയിലാണ് ചിറ്റൂര്‍പുഴയിലെ പദ്ധതി അധികൃതര്‍. മൂലത്തറയില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ പ്രധാന കോസ്‌വേകളായ മൂലത്തറ, നറണി, വിളയോടി, പാറക്കളം എന്നിവ വെള്ളത്തിനടിയിലായി.
ആളിയാര്‍ വെള്ളം തുറന്നതോടെ മൂലത്തറ റെഗുലേറ്റര്‍ മുതല്‍ ആളിയാര്‍ വരെ ഏകദേശം 45 കി മീറ്ററോളം ദൂരം അടിഞ്ഞുകൂടിയ കുളവാഴയും പായലും റെഗുലേറ്ററിന് അപകടഭീഷണിയായിരിക്കുകയാണ്. പുഴയിലെ ഇരുഭാഗത്തും അടിഞ്ഞുകൂടിയ കുളവാഴയും പായലും ആളിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതോടെ റെഗുലേറ്ററില്‍ വന്നടിഞ്ഞാല്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടും. എന്നാല്‍, കുളവാഴകള്‍ റെഗുലേറ്ററിലെ വെള്ളം ഒഴുകി പോകുന്ന ഷട്ടറിന്റെ ഭാഗത്ത് അടിഞ്ഞുകൂടിയാല്‍ വെള്ളം പുഴയിലേക്ക് ഒഴുകുന്നത് തടസപ്പെട്ട് റെഗുലേറ്ററിനു തന്നെ ഭീഷണിയാകുകയും ചെയ്യും.
ഇത്തരത്തില്‍ 2009 നവംബര്‍ എട്ടിനാണ് മൂലത്തറ റെഗുലേറ്ററിന്റെ വലതുകര കനാല്‍ ബണ്ടും അപ്രോച്ച് റോഡും തകര്‍ന്നത്. ഇനിയൊരു അപകടം ഒഴിവാക്കുന്നതിനായി വെള്ളത്തില്‍ ഒഴുകിയെത്തുന്ന കുളവാഴകളെ റെഗുലേറ്ററില്‍ അടിഞ്ഞുകൂടിയാല്‍ വെട്ടിമാറ്റാനാണ് നീക്കം.
എന്നാല്‍, ആളിയാറില്‍ നിന്ന് കൂടുതല്‍ വെളളം ഒഴുകിയെത്തിയാല്‍ ഇത് സാധ്യമാകില്ല.