മരുന്നുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടാതിരിക്കാന്‍ നടപടി തുടങ്ങി

Posted on: August 4, 2013 7:03 am | Last updated: August 4, 2013 at 7:03 am
SHARE

കോഴിക്കോട്: ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറക്കുന്നതിന്റെ ഭാഗമായി പുതുക്കിയ വില അനുസരിച്ചുള്ള മരുന്നുകള്‍ വിപണിയില്‍ എത്തുന്നത് വരെ സ്റ്റോക്കുള്ള മരുന്നുകള്‍ പുതുക്കിയ നിരക്കില്‍ വിതരണം ചെയ്യണമെന്ന് നിര്‍ദേശം. അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ ജി അശോക് കുമാറാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ മൊത്ത, ചില്ലറ മരുന്ന് വ്യാപാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശ്യമരുന്നുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ചും യോഗത്തില്‍ നിര്‍ദേശം നല്‍കി. ഇതിനായി പുതിയ മരുന്നുക ള്‍ വരുന്നത് വരെ സ്റ്റോക്കു ള്ളവ പുതിയ നിരക്കില്‍ വിതരണം ചെയ്യണം. സ്റ്റോക്കുള്ള മരുന്നുകള്‍ വ്യാപാരികള്‍ കമ്പനിക്ക് നല്‍കുകയും പകരം പുതിയ മരുന്നുകള്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് ക്ഷാമം നേരിടും. ഇതൊഴിവാക്കാനാണ് ഈ തീരുമാനം. ഇങ്ങനെ ചെയ്യുമ്പോള്‍ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം കമ്പനികളില്‍ നിന്ന് ഈടാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു.
നിലവില്‍ സണ്‍ഫാര്‍മ, സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, എല്‍ഡര്‍ ഫാര്‍മ എന്നീ കമ്പനികള്‍ നഷ്ടം നികത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിപണിയില്‍ ക്ഷാമം നേരിടുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് അറിയിച്ചാല്‍ അവ ഉടന്‍ തന്നെ എത്തിക്കും. വ്യാപാരികള്‍ മരുന്നിനൊപ്പം ബില്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കി.
ജൂലൈ 29 മുതലാണ് 151 മരുന്നുകളുടെ വില കുറച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ ഔഷധ നയത്തിന്റെ ഭാഗമായി 348 ഇനം മരുന്നുകള്‍ക്കാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചിരുന്നത്.
യോഗത്തില്‍ റീജ്യനല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് വി മേനോന്‍, ഇന്റലിജന്‍സ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഷാജി വര്‍ഗീസ്, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ബെന്നിമാത്യു പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here