സലാലപ്പെരുന്നാളിന് വീടൊരുക്കി ഒമാനികള്‍

Posted on: August 4, 2013 12:51 am | Last updated: August 4, 2013 at 12:51 am
SHARE

salalahസലാല: ദോഫാറില്‍ സ്വദേശികളുടെ പെരുന്നാള്‍ ഒരുക്കങ്ങള്‍ കൗതുകം പകരുന്നതാണ്. പ്രാര്‍ഥനകളുടെ പകലിരവുകള്‍ കടന്ന് ഈദുല്‍ ഫിത്വറിനെ സ്വാഗതം ചെയ്യാന്‍ വീട് മോടി കൂട്ടാനും അലങ്കരിക്കാനുമുളള ഒരുക്കത്തിലാണ് സ്വദേശികള്‍. പഴയ കാര്‍പ്പറ്റ്, കര്‍ട്ടന്‍, സോഫ, മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ പെരുന്നാളിനോടനുബന്ധിച്ചാണ് മാറ്റുന്നത്. കര്‍ട്ടന്‍, കാര്‍പ്പറ്റ്, സ്വദേശി ഗൃഹങ്ങളിലെ മജ്‌ലിസ് മോടികൂട്ടുന്ന വിവിധ തരം ഉത്പന്നങ്ങളുടെയും വിപണി പാതിരാത്രി വരെ ഉപഭോക്താക്കളെയും പ്രതീക്ഷിച്ച് ഉണര്‍ന്നിരിക്കുകയാണിപ്പോള്‍. ഗര്‍ബിയ്യയിലാണ് ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ തിരക്കു വര്‍ധിച്ചത്. അത്തര്‍, ബുഖൂര്‍, ലുബാന്‍, മറ്റു സുഗന്ധ വസ്തുക്കളുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്. ഗര്‍ബിയ്യയില്‍ പാതനവീകരണവും ഇരട്ടിപ്പിച്ചതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. പാത നവീകരണത്തിന് മുമ്പ് ഇ്ഷ്ടാനുസരണം ഇരു വശത്തേയും കടകളില്‍ മാറി മാറി വില അന്വേഷിച്ചും വൈവിധ്യമുളള ഉത്പന്നങ്ങള്‍ തേടിയുമായിരുന്നു സ്വദേശികള്‍ ഷോപ്പിംഗ് നടത്തിയിരുന്നത്. എന്നാലിപ്പോള്‍ ആശുപത്രി റൗണ്ട് എബൗട്ട് ചുറ്റി മാത്രമേ മറു വശത്തുളള കടകളിലെത്താന്‍ സാധിക്കുകയുളളൂ. ഇത് കച്ചവടത്തെ ബാധിച്ചുവെന്നാണ് വ്യാപാരികളുടെ പക്ഷം.
അതേ സമയം പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ റമസാനിലും ഈദിനോടനുബന്ധിച്ചും സെയില്‍ ഏര്‍പ്പെടുത്തിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വിപുലമായ ശേഖരവും വൈവിധ്യമാര്‍ന്ന ഫാഷനുകളുമായി വസ്ത്ര വിപണിയിലും ഉണര്‍വ്വ് പ്രകടമായിത്തുടങ്ങി. രാത്രികളിലാണ് സ്വദേശികള്‍ ഷോപ്പിംഗിനെത്തുന്നത്. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍മേഘങ്ങള്‍ മൂടിയ തെളിച്ചമില്ലാത്ത വ്രതപ്പകലുകള്‍ക്ക് ശേഷം നോമ്പ് തുറയും നിശാപ്രാര്‍ഥനയും കഴിഞ്ഞാണ് സലാലയിലെ മഴ വീഴും പാതകളില്‍ വാഹനത്തിരക്ക് വര്‍ധിക്കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പാദരക്ഷകളുടെയും വിപണിയിലും ആള്‍ത്തിരക്ക് തുടങ്ങിക്കഴിഞ്ഞു. സ്വദേശി സ്ത്രീകളാണ് സൗന്ദര്യ വര്‍ധന വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കള്‍. ദുബൈയില്‍ നിന്നാണ് പെരുന്നാള്‍ വിപണിയിലെ ഉത്പന്നങ്ങള്‍ സലാലയിലേക്കെത്തുന്നത്.
തയ്യല്‍ കടകളിലും തിരക്കു പിടിച്ച ദിനങ്ങളാണെിപ്പോള്‍. കൃത്യ സമയത്ത് തന്നെ ഉപഭോക്താക്കള്‍ക്ക് വസ്ത്രം തയ്ച്ചു കൊടുക്കാന്‍ പകലിനെ രാത്രിയാക്കിയാണ് പലരും ജോലിചെയ്യുന്നത്. പൊതുമേഖലയില്‍ കഴിഞ്ഞ മാസം 22 ന് തന്നെ ശമ്പളം ലഭിച്ചതിനാല്‍ നേരത്തെ തന്നെ പെരുന്നാള്‍ ഷോപ്പിംഗ് നടത്താനായി. പെരുന്നാളിനോടനുബന്ധിച്ച് സലാലയിലെത്തുന്ന സഞ്ചാരികളെയും പ്രതിക്ഷിച്ച് സലാലയുടെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഇളനീര്‍ക്കടകളിലും കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം മലയാളികള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ മേഖലയിലിപ്പോള്‍ ബംഗ്ലാദേശ് സ്വദേശികള്‍ ധാരാളമെത്തിയിട്ടുണ്ട്. കടകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. ദഹരീസില്‍ ഒരു ഭാഗത്ത് 12 ഇളനീര്‍ കടകളുണ്ടായിരുന്നത് ഇപ്പോള്‍ 50 ആയി വര്‍ധിച്ചുവെന്ന് ഒരു വ്യാപാരി പറഞ്ഞു. പുതുതായി തുടങ്ങിയ കടകളധികവും ബംഗ്ലാദേശ് സ്വദേശികളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.