Connect with us

National

പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യം; അസമില്‍ വ്യാപക സംഘര്‍ഷം

Published

|

Last Updated

ഗുവാഹത്തി: തെലങ്കാന രൂപവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ അസമില്‍ വ്യാപക സംഘര്‍ഷം. പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അസമിനെ നാലായി വിഭജിക്കണമെന്നാവശ്യപ്പെട്ടാണ് ബോഡോ , കര്‍ബി, ദിമാസാ, കൂച്ച് രാജ്‌ബോംഗ്ഷി വിഭാഗങ്ങള്‍ രംഗത്തെത്തിയത്. മലയോര ജില്ലയായ കര്‍ബി ആംഗ്‌ലോംഗില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ബി ആംഗ്‌ലോംഗ് ജില്ല പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാണ് കര്‍ബി സംഘടനകളുടെ ആവശ്യം.
ബോഡോലാന്‍ഡ് സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ആള്‍ ബോഡോസ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പന്ത്രണ്ട് മണിക്കൂര്‍ റെയില്‍ തടഞ്ഞു. ബോഡോ സാഹിത്യ സഭ, ആള്‍ ബോഡോ വിമന്‍സ് ഫെഡറേഷന്‍, ബോഡോലാന്‍ഡ് പീപ്പിള്‍സ് പ്രോഗ്രസ്സീവ് ഫ്രണ്ട്, എന്‍ ഡി എഫ് ബി (പി) തുടങ്ങിയ സംഘടനകളും സമരത്തില്‍ പങ്കെടുത്തു. ഈ മാസം അഞ്ച് മുതല്‍ അറുപത് വരെ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബന്ദിനും ബോഡോസ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുനൈറ്റഡ് ഡെമോക്രാറ്റിക് പീപ്പിള്‍സ് ഫ്രണ്ട് ഇതേ ആവശ്യമുന്നയിച്ച് ആഗസ്റ്റ് അഞ്ചിന് 1,500 മണിക്കൂര്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇത്രയും നീണ്ടുനില്‍ക്കുന്ന സമരത്തിന് മേഖല സാക്ഷ്യം വഹിക്കുന്നത്.
എന്‍ ഡി എഫ് ബി പിയും പീപ്പിള്‍സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ബോഡോലാന്‍ഡും സംയുക്തമായി ആഗസ്റ്റ് പതിമൂന്നിന് നൂറ് മണിക്കൂര്‍ ഹൈവേ തടയല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ 24 മണിക്കൂര്‍ നിരാഹാര സമരവും ഈ മാസം ഇരുപതിന് നടത്തും.
അസം വിഭജിച്ച് കമതാപൂര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കൂച്ച് രാജ്‌ബോംഗ്ഷിസ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ആഹ്വാനം ചെയ്ത 36 മണിക്കൂര്‍ നീളുന്ന അസം ബന്ദ് ഇന്നലെ മുതല്‍ തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ നൂറ് മണിക്കൂര്‍ നീളുന്ന നിരാഹാര സത്യഗ്രഹ സമരവും നടത്തുന്നുണ്ട്. അസമിനെ വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഇന്നലെ ആവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം അസം മൂന്ന് തവണ വിഭജിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest