തപാല്‍ വകുപ്പ് ബേങ്കിംഗ് സേവനത്തിന് അപേക്ഷ നല്‍കി

Posted on: June 27, 2013 7:26 pm | Last updated: June 27, 2013 at 7:26 pm
SHARE

india postന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പ് ബേങ്കിംഗ് സേവനം തുടങ്ങുന്നതിന് അനുമതി തേടി റിസര്‍വ് ബേങ്കിന് അപേക്ഷ നല്‍കി. പൂര്‍ണ രൂപത്തില്‍ ബേങ്ക് തുടങ്ങുന്നതിനാണ് തപാല്‍ വകുപ്പ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബേങ്ക് ആരംഭിക്കാന്‍ അനുമതി ലഭിച്ചാല്‍ അത് വിപ്ലവകരമായ മാറ്റമായിരിക്കുമെന്ന് ടെലികോം, ഐ ടി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

പുതിയ ബേങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആര്‍ ബി ഐ ആരംഭിച്ച സാഹചര്യത്തിലാണ് പോസ്റ്റല്‍ വകുപ്പ് അപേക്ഷ നല്‍കിയത്. ബേങ്കിംഗ് സേവനത്തിന് അടുത്ത മാസം ഒന്ന് വരെ അപേക്ഷിക്കാം.

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ രാജ്യത്ത് 1,54,822 പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ക്കുന്നുണ്ട്. ഇവയില്‍ 1,39,086 എണ്ണവും ഗ്രാമീണ മേഖലകളിലാണ്. പോസ്റ്റല്‍ വകുപ്പ് ബേങ്കിംഗ് സേവനം ആരംഭിച്ചാല്‍ അത് ഏറ്റവും സഹായകമാകുക ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്കായിരിക്കും. ആദ്യ വര്‍ഷം 50 ബേങ്കുകള്‍ ആരംഭിക്കാനാണ് പോസ്റ്റല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 150 എണ്ണമായി ഉയര്‍ത്തും.

ആര്‍ ബി ഐയുടെ അനുമതിക്ക് ശേഷം മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാലേ തപാല്‍ വകുപ്പിന്റെ ബേങ്ക് സ്വപ്‌നം യാഥാര്‍ഥ്യമാകൂ.