Connect with us

International

അഫ്ഗാനില്‍ പ്രസിഡന്റ് മന്ദിരത്തില്‍ താലിബാന്‍ ആക്രമണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് മന്ദിരത്തിന് സമീപം താലിബാന്‍ ആക്രമണം. തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയിലാണ് അക്രമികളായ സംഘം അതിക്രമിച്ച് കയറിയത്. അക്രമികളും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടായി. ആക്രമണത്തിന് തൊട്ടുപിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താലിബാന്‍ വക്താക്കള്‍ രംഗത്തെത്തി. പ്രസിഡന്റ് മന്ദിരത്തിന് സമീപത്തുള്ള അമേരിക്കന്‍ ചാര സംഘടനയുടെ ഓഫീസ് ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താക്കള്‍ അറിയിച്ചു.
ഏറ്റുമുട്ടലില്‍ മൂന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണ സമയം പ്രസിഡന്റ് ഹാമിദ് കര്‍സായി മന്ദിരത്തിലുണ്ടായിരുന്നുവെന്ന് പ്രസിഡന്റ് വൃത്തങ്ങള്‍ അറിയിച്ചു. യു എസ് ചാരസംഘടനയായ സി ഐ എ ഓഫീസിന് തൊട്ടടുത്തുള്ള അരിയാന ഹോട്ടലിലാണ് ആക്രമണം നടന്നതെന്ന് അഫ്ഗാന്‍ സൈനിക മേധാവികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാവിലെയാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘം പ്രസിഡന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വെടിവെപ്പുകളും സ്‌ഫോടനങ്ങളുമായി അക്രമികള്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെയും അമേരിക്കയുടെയും ഔദ്യോഗിക ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ആക്രമണം നടന്നത്. അക്രമികളെ മുഴുവനും തുരത്തിയിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഹോട്ടലിനുള്ളില്‍ അക്രമികള്‍ ഒളിച്ചിരിക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. മേഖലയില്‍ കനത്ത സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അഫ്ഗാനിലെ സുരക്ഷാ ചുമതല അഫ്ഗാന്‍ സൈന്യത്തിന് നാറ്റോ കൈമാറിയതിനു ശേഷം കാബൂളില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ 18ന് സുരക്ഷാ ചുമതല ഔദ്യോഗികമായി കൈമാറുന്ന ചടങ്ങ് നടക്കുന്നതിനിടെ കാബൂളില്‍ കനത്ത ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത് വ്യാപകമായ തോതില്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.
അതിനിടെ, തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയില്‍ റോഡ് അരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എട്ട് സ്ത്രീകള്‍ ഉള്‍െപ്പടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഖാക്രിസ് ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. വിവാഹ നിശ്ചയത്തിന് പങ്കെടുക്കാന്‍ വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട വരന്റെ വീട്ടുകാരാണ് കൊല്ലപ്പെട്ടതെന്ന് കാണ്ഡഹാര്‍ പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ താലിബാനാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest