ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 90 ജില്ലകളില്‍ മോഡല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

Posted on: June 3, 2013 8:37 am | Last updated: June 3, 2013 at 8:37 am
SHARE

the_minorityന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 90 ജില്ലകളില്‍ കേന്ദ്ര സഹായത്തോടെ മോഡല്‍ കോളജുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം. ദേശീയ ന്യൂനപക്ഷ മോണിറ്ററിംഗ് കമ്മിറ്റിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് മാനവ വിഭവശേഷി മന്താലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു ജില്ലയില്‍ ഒന്ന് എന്ന തോതിലായിരിക്കണം കോളജുകള്‍ സ്ഥാപിക്കേണ്ടത്. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് കോഴ്‌സുകളായിരിക്കും ഇവിടെയുണ്ടാകുക. കൂടുതല്‍ ന്യൂനപക്ഷക്കാരുടെ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ന്യൂനപക്ഷ വിദ്യാഭ്യാസം സംബന്ധിച്ച ശരിയായ കണക്കുകള്‍ ശേഖരിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2007-08 വര്‍ഷത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് വിഭാഗങ്ങളെ (16.8 ശതമാനം) അപേക്ഷിച്ച് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷം 8.7 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. ശാസ്ത്ര, ഭൗതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മദ്‌റസകളില്‍ പഠിപ്പിക്കുന്ന ബിരുദധാരികളായ അധ്യാപകര്‍ക്ക് ശമ്പളം ആറായിരത്തില്‍ നിന്ന് എണ്ണായിരമാക്കി വര്‍ധിപ്പിക്കണം. ബിരുദാനന്തരബിരുദധാരികളായ അധ്യാപകരുടെത് 12,000ത്തില്‍ നിന്ന് 15,000 ആക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
പത്ത് ശതമാനത്തില്‍ താഴെ ന്യൂനപക്ഷമുള്ള മേഖലകളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി എല്ലാ ജില്ലകളിലും കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയങ്ങള്‍ സ്ഥാപിക്കണം. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ വഴി പ്രവേശനം നേടുന്ന മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് ഒഴിവാക്കിക്കൊടുക്കുകയും പാസാകുമ്പോള്‍ ആയിരം രൂപ വീതം നല്‍കുകയും ചെയ്യുന്നത് കൂടുതല്‍ പേര്‍ക്ക് പരീക്ഷയില്‍ താത്പര്യമുണ്ടാകാന്‍ സഹായകമാകുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.