നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് ബൈക്കില്‍ അഭ്യാസം; നിരവധി പേര്‍ പിടിയില്‍

Posted on: May 29, 2013 11:20 pm | Last updated: May 29, 2013 at 11:20 pm
SHARE

ദുബൈ: വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് റോഡില്‍ അഭ്യാസം നടത്തിയ ചെറുപ്പക്കാരെ പിടികൂടിയതായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു. നിരവധി മോട്ടോര്‍ സൈക്കിളുകളും ക്വാഡ് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ നീക്കത്തിലൂടെയാണ് ഇവ കണ്ടെത്തിയത്.
ബര്‍ദുബൈ, ജുമൈറ, മംസാര്‍ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിളയാട്ടം. പോലീസ് നോക്കി നില്‍ക്കുമ്പോള്‍ അഭ്യാസം നടത്തിയ ശേഷം അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഉടന്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ക്കായി പരിശോധന നടത്തി. നാദ് അല്‍ ഹമാറില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനവാസ സ്ഥലങ്ങളിലായിരുന്നു അഭ്യാസങ്ങള്‍. പൊതുജനങ്ങള്‍ക്ക് പ്രയാസകരമാവുന്ന തരത്തില്‍ അത്യുച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും അപകടകരമാംവിധം ചുവപ്പ് സിഗ്നല്‍ മറികടക്കുകയും ചെയ്തു. ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന ബൈക്കുകള്‍ പിടികൂടി പൊതുലേലത്തില്‍ വില്‍ക്കുമെന്ന ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രയാസകരമാകുന്ന രീതിയില്‍ ബൈക്കുകള്‍ പൊതുനിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ടു ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here