അനധികൃത ക്വാറികള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു

Posted on: May 23, 2013 2:00 am | Last updated: May 23, 2013 at 2:00 am
SHARE

മുക്കം: അനധികൃത ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരെ പ്രകൃതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തോട്ടുമുക്കം പള്ളിത്താഴത്ത് സമര പ്രഖ്യാപന കണ്‍വന്‍ഷനും പൊതുയോഗവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലായി നൂറോളം ക്വാറികളും 15 ക്രഷറുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. തോട്ടുമുക്കം പ്രദേശത്തെ 762 ഏക്കര്‍ മിച്ചഭൂമിയില്‍ പുതിയൊരു ക്രഷറിന് കൂടി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയതോടെയാണ് ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ചാലിയാര്‍ പുഴയുടെ കൈവഴിയായ ചുരുളിത്തോടിന്റെയും പെരുവംപൊയില്‍ റോഡിന്റെയും ഉത്ഭവ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷറുകളും വന്‍തോതില്‍ ജലമൂറ്റുന്നത് മൂലം നിരവധി തോടുകള്‍ വറ്റി വരണ്ടു. ഇതുമൂലം പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകരുടെ കൃഷികള്‍ ഉണങ്ങി നശിച്ചിട്ടുണ്ട്. 2007 ജൂലൈയില്‍ മൈസൂര്‍ മലയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുകയും രണ്ട് കുട്ടികള്‍ മരിക്കുകയും ചെയ്തിരുന്നു. മിച്ചഭൂമിയില്‍പ്പെട്ട സ്ഥലങ്ങള്‍ 2006ന് ശേഷം വ്യാപകമായി ക്വാറി മാഫിയകള്‍ക്ക് പട്ടയം നല്‍കുന്നുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ക്വാറി, ക്രഷര്‍ മാഫിയകള്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.
നൂറുകണക്കിന് കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും ജീവനും സ്വത്തിനും ഭീഷണിയായ ക്വാറികള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് ഓഫീസ് പിക്കറ്റിംഗടക്കമുള്ള സമരങ്ങളാരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അഡ്വ. കെ ആനന്ദകനകം, വിജയകുമാര്‍, ഗ്രോ വാസു, പി ടി ജോണ്‍, ജി അജിത്കുമാര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ സോമി പുലക്കുടിയില്‍, ബാലകൃഷ്ണന്‍ കൊല്ലോലത്ത്, സണ്ണി വട്ടക്കുഴിയില്‍, വാസു മുത്തൂറ്റ്, ആര്‍ഡ്രിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here