യൂനാനി വൈദ്യവും ശാസ്ത്രവും

Posted on: May 11, 2013 11:49 pm | Last updated: May 21, 2013 at 4:54 pm
SHARE

‘ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ..’ ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്‍ത്താന്‍ ശരിയായ അറിവും ആരോഗ്യ ചിന്തയും അനിവാര്യമാണ്. ഇത്തരമൊരു ചിന്തയുടെ അഭാവമാണ് അനാരോഗ്യ പ്രവണതകള്‍ക്ക് കാരണം. ആരോഗ്യം യഥാര്‍ഥത്തില്‍ ജീവന്‍ തന്നെയാണ്. ഒരാളുടെ ജീവിതം ആ വ്യക്തിയുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പക്ഷേ, ഉപഭോഗ സംസ്‌കൃതിയുടെ ഇഷ്ടദാനമായി സ്വജീവിതത്തെ വിലയിരുത്തപ്പെടുന്ന ആരോഗ്യ കാഴ്ചപ്പാടാണ് ഇന്നുള്ളത്.
വാണിജ്യവത്കരിക്കപ്പെട്ട ഫോര്‍മുലകളില്‍ ശരീരത്തെ അളന്നെടുക്കാനും നിര്‍ണയിക്കാനും ഓരോ വ്യക്തിയും നിര്‍ബന്ധിതനാകുന്നു. ചികിത്സയും മരുന്നും മനുഷ്യനെയല്ല ലക്ഷ്യം വെക്കുന്നത്, ശരീരത്തെയും അവ സാധ്യമാക്കുന്ന വൈദ്യനേട്ടങ്ങളെയുമാണ്. നിരന്തരം പുറത്തുവരുന്ന മെഡിസിനുകളും ആയുര്‍വേദ ഒറ്റമൂലി ചികിത്സകളും ഇതാണ് കാണിക്കുന്നത്. ഉഴിച്ചിലിന്റെയും പിഴിച്ചിലിന്റെയും മറവിലെ അനാരോഗ്യ പ്രവണതകള്‍ ചികിത്സാരംഗത്തെ മൂല്യക്ഷയവും രോഗാതുരമായ മനസ്സുകളെയുമാണ് ബോധ്യപ്പെടുത്തുന്നത്. ഒരാള്‍ ഭിഷഗ്വരനാകുന്നത് പഠിച്ചറിവ് കൊണ്ടു മാത്രമല്ല, ദൈവികമായ ഒരു ഉള്‍വിളി കൂടി തന്നില്‍ സന്നിവേശിച്ചിട്ടുണ്ടെന്ന് വൈദ്യശാസ്ത്ര പഠിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ അവബോധമുള്ള ഡോക്ടര്‍ ചികിത്സാവിധികളിലെ കര്‍മങ്ങളെ വിസ്മരിക്കില്ല. തന്റെ വിരലുകള്‍ സ്പര്‍ശിക്കുന്ന ഓരോ രോഗിയുടെ ഹൃദയമിടിപ്പിലെ അവസ്ഥാന്തരവും അവര്‍ അനുഭവിക്കുന്ന മാനസിക വേദനയും തിരിച്ചറിയും. രോഗിയെ പരിചരിക്കുന്നതും പരിശോധിക്കുന്നതും ദൈവികമായ ഒരു കര്‍മത്തിലെ പങ്കാളിത്തപ്പെടലാണെന്നും മനസ്സിലാക്കും. രോഗിക്ക് എന്ത് മരുന്ന് കുറിച്ചു കൊടുക്കുമെന്നത് പോലും ഇന്ന് നിശ്ചയിക്കുന്നത് മരുന്നു കമ്പനികളും ആശുപത്രി അധികൃതരുമാണ്. വര്‍ധിക്കുന്ന സിസേറിയനുകളും മറ്റും ‘ഡോക്ടര്‍ ദൈവതുല്യ’നാണെന്ന സങ്കല്‍പ്പത്തിനാണ് തുരങ്കം വെക്കുന്നത്. രോഗിയും ഡോക്ടറും ഒന്നാകുമ്പോഴാണ് യഥാര്‍ഥ ചികിത്സയും രോഗനിര്‍ണയവും സാധ്യമാകുന്നത്.
ലോകത്ത് കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന അലോപ്പതി ചികിത്സക്കു പുറമെ ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോ, അക്വുപങ്ചര്‍ തുടങ്ങിയ നിരവധി വൈദ്യശാസ്ത്ര വിഭാഗങ്ങളുണ്ട്. ഓരോന്നിനും അതിന്റെതായ പ്രാധാന്യവുമുണ്ട്. ഓരോ ചികിത്സാ സമ്പ്രദായത്തിന്റെയും ഗുണം അതിന്റെ പ്രായോഗികതയെയും ഉപയോഗ സാധ്യതകളെയും ആശ്രയിച്ചാണ്. യൂനാനി വൈദ്യശാസ്ത്രം ഈ സന്ദേശത്തെയും യാഥാര്‍ഥ്യത്തെയും നന്നായി പരിഗണിക്കുന്നു. ഇത് വര്‍ത്തമാന സമൂഹത്തിന് പകര്‍ന്നുനല്‍കാനും യൂനാനി വൈദ്യശാസ്ത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഇന്ന് കൈതപ്പൊയിലില്‍ യൂനാനി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് യൂനാനി. ശാസ്ത്രത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്തിട്ടുള്ള ഗ്രീക്കില്‍ നിന്നാണ് യൂനാനിയുടെ ഉത്ഭവം. ബിസി 400കളില്‍ ജീവിച്ചിരുന്ന തത്വചിന്തകനും ആധുനിക ലോകം വൈദ്യശാസ്ത്രത്തിന്റെ പിതാവായി അംഗീകരിക്കുകയും ചെയ്യുന്ന ഹിപ്പോക്രാറ്റസ് ആണ് ഈ വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയത്. ഹിപ്പോക്രാറ്റസിന്റെ തത്വങ്ങളായ ചതുര്‍ഭുത സിദ്ധാന്തവും ചതുര്‍ദോഷ സിദ്ധാന്തവും ആസ്പദമാക്കി ഇപ്പോഴും നിലനിന്നുപോകുന്ന ഒരേ ഒരു വൈദ്യശാസ്ത്രമാണ് യൂനാനി. പിന്നീട് അറേബ്യയിലും പേര്‍ഷ്യയിലും ജീവിച്ചിരുന്ന പ്രശസ്ത വൈദ്യശാസ്ത്ര ആചാര്യന്മാരായ സക്കരിയ്യാ റാസി, ഇബ്‌നു സീന, ജാനിലൂസ് തുടങ്ങിയവര്‍ യൂനാനിയെ പരിപൂര്‍ണതയിലെത്തിക്കാന്‍ ശ്രമിച്ചു. ഒരു കാലത്ത് യൂറോപ്പിലും മറ്റു ലോക രാജ്യങ്ങളിലും വൈദ്യശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായി കല്‍പ്പിച്ചിരുന്നത് ഇബ്‌നുസീനയുടെ അല്‍ ഖാനൂന്‍ ഫിത്തിബ്ബ് ആയിരുന്നു. യൂനാനി വൈദ്യശാസ്ത്ര ചികിത്സകളില്‍ ഒട്ടുമിക്കതും ഈ ഗ്രന്ഥത്തിലധിഷ്ഠിതമാണ്. അറബികളിലൂടെ ഇന്ത്യയിലെത്തിയ യൂനാനി വൈദ്യശാസ്ത്രത്തിന് മുഗള്‍ ഭരണകൂടം വേണ്ടത്ര പ്രചാരം നല്‍കി. എന്നാല്‍, ബ്രിട്ടീഷ് ആധിപത്യത്തോടെ ക്ഷതമേറ്റ യൂനാനിയെ സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഭിഷഗ്വരനുമായ ഹകീം അജ്മല്‍ ഖാന്‍ (ഡല്‍ഹി) പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
WHO ( World Health Organization ) അംഗീകരിച്ച ഒരു വൈദ്യശാസ്ത്രവും ചികിത്സാ രീതിയുമാണ് ഇത്. ചതുര്‍ഭൂത സിദ്ധാന്തവും (അഗ്‌നി, വായു, വെള്ളം, മണ്ണ്) ചതുര്‍ദോഷ സിദ്ധാന്തവും (രക്തം, കഫം, പിത്തം, കറുത്ത പിത്തം) അടങ്ങിയ എട്ട് സിദ്ധാന്തങ്ങളിലാണ് യൂനാനി വൈദ്യശാസ്ത്രം നിലനില്‍ക്കുന്നത്. രോഗങ്ങളുടെ സ്വഭാവവും കാരണങ്ങളും അടിസ്ഥാനപ്പെടുത്തി നാല് ചികിത്സാരീതികളാണ് (ഭക്ഷണ ചികിത്സ, ഔഷധ ചികിത്സ, സാങ്കേതിക വ്യവസ്ഥയിലെ ചികിത്സ, ശാസ്ത്രക്രിയ) യൂനാനിയിലുള്ളത്. തികച്ചും പ്രകൃതിദത്തമായ ഔഷധങ്ങള്‍ മാത്രമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഔഷധങ്ങള്‍ ഒറ്റമൂലികളായും കൂട്ടൗഷധങ്ങളായും നല്‍കുന്നു. രോഗിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയെന്നതാണ് യൂനാനിയുടെ അടിസ്ഥാന വശം. രോഗത്തെക്കാള്‍ രോഗിയുടെ ആരോഗ്യത്തിന് യൂനാനി പ്രാധാന്യം നല്‍കുന്നു.
പ്രാചീന കാലം തൊട്ടുതന്നെ വൈദ്യശാസ്ത്ര സമ്പ്രദായത്തിന് പ്രസിദ്ധിയാര്‍ജിച്ച ഭാരതത്തില്‍ അറേബ്യന്‍ വ്യാപാര ബന്ധത്തോടെ യൂനാനി വളരെ വേഗം പ്രചരിച്ചു. ഭാരതം ഭരിച്ചിരുന്ന മിക്ക രാജാക്കന്മാരും ഈ ചികിത്സാ സമ്പ്രദായം അംഗീകരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തു. പരമ്പരാഗതമായ ഹകീമുകളിലൂടെ ഇത് പ്രചരിക്കുകയും ഇന്ന് ആധുനിക രീതിയില്‍ യൂനാനി വൈദ്യം പഠിപ്പിക്കാനും ഗവേഷണങ്ങള്‍ നടത്താനും മെഡിക്കല്‍ കോളജുകളും യൂനിവേഴ്‌സിറ്റികളും നിലവില്‍ വരികയും ചെയ്തു. ഇന്ത്യയില്‍ ഇന്ന് അന്‍പതിലധികം യൂനാനി മെഡിക്കല്‍ കോളജുകളും 189 സര്‍ക്കാര്‍ യൂനാനി ഹോസ്പിറ്റലുകളും 32 റിസര്‍ച്ച് സെന്ററുകളും അനേകം സ്വകാര്യ ചികിത്സാലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയിലെ വ്യത്യസ്ത യൂനാനി മെഡിക്കല്‍ കോളജുകളില്‍ നിന്ന് യൂനാനി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഒരു പറ്റം കേരളക്കാരായ ഡോക്ടര്‍മാരുടെ സംഘടനയാണ് കേരളാ യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ (K U M A). കേരളത്തിനകത്തും പുറത്തും അത്രയേറെ പ്രശസ്തമായ ഈ വൈദ്യശാസ്ത്ര രീതി വളര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ് അതിന്റെ മുഖ്യ ലക്ഷ്യം.
യൂനാനി വൈദ്യശാസ്ത്രം കേരളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടില്ലെങ്കിലും യൂനാനി ബിരുദമെടുത്ത നിരവധി ബിരുദധാരികളും ബിരുദ വിദ്യാര്‍ഥികളും രണ്ടായിരത്തോളം വരുന്ന ഹകീമുമാരും കേരളത്തില്‍ യൂനാനിയുടെ ആവശ്യകത തെളിയിക്കുന്നു. എന്നാല്‍, കേരളത്തില്‍ കാസര്‍കോട്ട് ഒരു സര്‍ക്കാര്‍ യൂനാനി ഡിസ്‌പെന്‍സറി ഒഴിച്ച് വേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല. ഈ പശ്ചാത്തലത്തിലാണ് മര്‍കസ് യൂനാനി ഹോസ്പിറ്റലിനും മെഡിക്കല്‍ കോളജിനും തുടക്കം കുറിച്ചത്. മര്‍കസ് നോളജ് സിറ്റിയിലെ പ്രഥമ സ്ഥാപനമായി യൂനാനി മെഡിക്കല്‍ കോളജ് താമസിയാതെ യാഥാര്‍ഥ്യമാകും. മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യയുടെ ആതുരസേവന വീഥിയില്‍ കര്‍മധന്യമായ ഒരു അധ്യായമായിരിക്കും കേരളത്തിലെ തന്നെ പ്രഥമ സംരംഭമായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്. ഡോ. കെ ടി അജ്മലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരാണ് മെഡിക്കല്‍ കോളജിന് സാരഥ്യം വഹിക്കുന്നത്.

 

[email protected]

LEAVE A REPLY

Please enter your comment!
Please enter your name here