കര്‍ണാടക തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് അവസാനം; നാളെ ജനം വിധിയെഴുതും

Posted on: May 4, 2013 6:00 am | Last updated: May 5, 2013 at 6:31 am
SHARE

karnadakaബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം. നാളെ ജനം വിധിയെഴുതും. തൂക്കുസഭക്ക് സാധ്യത നിലനില്‍ക്കുന്ന കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ദേശീയ നേതാക്കളെ തന്നെ പ്രചാരണത്തിനായി രംഗത്തിറക്കിയിരുന്നു. കോണ്‍ഗ്രസിനു വേണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തിയപ്പോള്‍ ഭരണകക്ഷിയായ ബി ജെ പിക്കു വേണ്ടി എല്‍ കെ അഡ്വാനി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തി.

4.3 കോടി ജനങ്ങളാണ് ഇത്തവണ കര്‍ണാടകയുടെ വിധി നിര്‍ണയിക്കുക. 224 മണ്ഡലങ്ങളിലായി 2,948 സ്ഥാനാര്‍ഥികളാണുള്ളത്. ഇവരില്‍ 170 പേര്‍ സ്ത്രീകളാണ്. കോണ്‍ഗ്രസും യഡിയൂരപ്പയുടെ കെ ജെ പിയും മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ബി ജെ പി ഇത്തവണ 223 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ജെ ഡി എസ് 222 മണ്ഡലങ്ങളിലും ബി എസ് പി 175 മണ്ഡലങ്ങളിലും എന്‍ സി പി 24 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. സി പി എം 17 സീറ്റുകളിലാണ് ജനവിധി തേടുന്നത്. മൈസൂര്‍ ജില്ലയിലെ പെരിയാപട്ടണയില്‍ ബി ജെ പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. മെയ് 28നാണ് ഇവിടെ വോട്ടെടുപ്പ്.
2008ലെ തിരഞ്ഞെടുപ്പില്‍ 33.86 ശതമാനം വോട്ട് നേടിയ ബി ജെ പി 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിക്കുകയായിരുന്നു. 34.59 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് എണ്‍പത് സീറ്റുകള്‍ മാത്രമേ അന്ന് നേടാനായുള്ളു. 28 സീറ്റാണ് ജനതാദള്‍ സെക്കുലര്‍ സ്വന്തമാക്കിയത്. യഡിയൂരപ്പയുടെ കെ ജെ പിയും ബി ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസും ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ബി ജെ പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കെ ജെ പി സ്വന്തമാക്കുന്നത് തുണക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

കുടകില്‍ ബി ജെ പി യും കോണ്‍ഗ്രസും വിജയ പ്രതീക്ഷയില്‍

വീരാജ്‌പേട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ സമാപിച്ചപ്പോള്‍ കുടക് ജില്ലയില്‍ ബി ജെ പി യും കോണ്‍ഗ്രസും വിജയപ്രതീക്ഷയില്‍. അവസാന ദിവസമായ ഇന്നലെ സ്ഥാനാര്‍ഥികള്‍ പ്രകടനമായി റോഡിലൂടെ വോട്ടഭ്യര്‍ഥിച്ചു. കോളനിയില്‍ കയറിയിറങ്ങിയും പ്രചാരണം നടത്തി. ജില്ലയിലെ വീരാജ്‌പേട്ട, മടിക്കേരി നിയോജകമണ്ഡലങ്ങള്‍ നിലവില്‍ ബി ജെ പിയുടെ കൈകളിലാണ്. സിറ്റിംഗ് സീറ്റ് വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്താന്‍ ബി ജെ പിയും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും വാശിയേറിയ പോരാട്ടമാണ് നടത്തുന്നത്. വീരാജ്‌പേട്ടയില്‍ സ്പീക്കര്‍ കെ ജി ബൊപ്പയ്യയെയും മടിക്കേരിയില്‍ സ്‌പോര്‍ട്‌സ് മന്ത്രി അപ്പാച്ചു രഞ്ജനെയും ഇറക്കി ബി ജെ പി നിലനില്‍പ്പിനായി ശ്രമിക്കുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി പുതുമുഖങ്ങളെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രണ്ട് മണ്ഡലങ്ങളിലുമായി മുപ്പതിനായിരത്തോളം മലയാളി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ കുടകില്‍ മലയാളികളുടെ നിലപാടും ജയപരാജയങ്ങളെ ബാധിക്കും.
ജില്ലയില്‍ ആകെ നാല് ലക്ഷത്തോളം വോട്ടര്‍മാരാണ് ഉള്ളത്. 510 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ 102 പ്രശ്‌നസാധ്യതയുള്ളതും 77 അതീവ പശ്‌നസാധ്യതയുള്ളതും 17 നക്‌സല്‍ ഭീഷണിയുള്ളതുമായ ബൂത്തുകളായാണ് കണക്കാക്കുന്നത്. ക്രമസമാധാനപാലനത്തിനായി കുടക് എസ് പി. അനുചേത്തിന്റെ നേതൃത്വത്തില്‍ നാല് ഡി വൈ എസ് പിമാര്‍, എട്ട് സി ഐ മാര്‍, ബി എസ് എഫ്, എം ആര്‍ എഫ്, ഹോംഗാര്‍ഡ്, കാര്‍വാര്‍ പോലീസ്, സായുധ സേനാംഗങ്ങള്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍.