Connect with us

National

ബലാല്‍സംഗ വിരുദ്ധ ബില്‍ ലോക്‌സഭ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗവിരുദ്ധ ബില്‍ ലോക്‌സഭ പാസ്സാക്കി. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ബില്‍ അവതരിപ്പിച്ചത്. ക്രിമിനല്‍ നിയമ (ഭേദഗതി) ബില്‍ 2013ലെ ചില വ്യവസ്ഥകള്‍ തള്ളിക്കൊണ്ടാണ് ലോക്‌സഭ പാസ്സാക്കിയത്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ എന്ന വ്യവസ്ഥ 105നെതിരെ 62 വോട്ടുകള്‍ക്ക് തള്ളുകയായിരുന്നു. ഒന്നാമത്തെ പ്രാവശ്യം പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമായിരിക്കും എന്ന ഭേദഗതിയും സഭയില്‍ പരാജയപ്പെട്ടു. ബില്ലിന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ജാമ്യമില്ലാ വകുപ്പാക്കണമെന്നതിനെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പിന്തുണച്ചു. കുട്ടികളെ കടത്തുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന ഭേദഗതിയും ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഈ കുറ്റത്തിന് 20 വര്‍ഷം വരെ ശിക്ഷ നല്‍കണമെന്ന ഭേദഗതിയും സഭ തള്ളി. 168 എം പിമാര്‍ മാത്രമാണ് ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ ഉണ്ടായിരുന്നത്.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ വയസ്സ് 18 തന്നെയാക്കി കഴിഞ്ഞ ദിവസം മന്ത്രിസഭ നിജപ്പെടുത്തിയിരുന്നു. ഇത് 16 വയസ്സാക്കി കുറക്കണമെന്നായിരുന്നു നേരത്തേ മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്തിരുന്നത്. പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതും ഒളിഞ്ഞുനോക്കുന്നതും അടക്കം സ്ത്രീകളെ ശല്യം ചെയ്യുന്നതിന് ശക്തമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. ഒളിഞ്ഞുനോട്ടവും സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്യലും ജാമ്യമില്ലാ കുറ്റമാക്കാനും സമിതി ശിപാര്‍ശ ചെയ്തിരുന്നു. മന്ത്രിസഭ ബില്‍ അംഗീകരിക്കുകയും ചെയ്തു. ലൈംഗികാതിക്രമം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന് തന്നെ ഉപയോഗിക്കാനും തീരുമാനമായി.
കഴിഞ്ഞ മാസം മൂന്നിന് പ്രഖ്യാപിച്ച ഓര്‍ഡിനന്‍സില്‍ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 ആക്കി കുറച്ചിരുന്നു. ക്രിമിനല്‍ നിയമ (ഭേദഗതി) ബില്‍ 2013ലും ഇത് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ 18 തന്നെയാക്കി നിജപ്പെടുത്തുകയായിരുന്നു. വിവിധ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കേന്ദ്ര മന്ത്രി സഭ ഈ തീരുമാനത്തിലെത്തിയത്.
വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊണ്ടുവന്ന സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈ മാസം 22ന് അവസാനിക്കുകയാണ്. അതിനുമുമ്പ് പുതിയ നിയമം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍.

---- facebook comment plugin here -----

Latest