പശ്ചിമേഷ്യ ഇറാനിലെ യു എന്‍ പ്രതിനിധി കൈക്കൂലി വാങ്ങിയെന്ന്

Posted on: March 9, 2013 1:10 am | Last updated: March 9, 2013 at 1:10 am
SHARE

ടെഹ്‌റാന്‍: ഇറാനിലെ യു എന്‍ മനുഷ്യാവകാശ പ്രത്യേക പ്രതിനിധി അമേരിക്കയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി ഇറാന്‍. ഇറാന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ജവാദ് ലറിജാനിയെ ഉദ്ധരിച്ച് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ എസ് എന്‍ എയാണ് കൈക്കൂലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
യു എന്‍ പ്രതിനിധി അഹ്മദ് ശഹീദ്് ഇറാനെതിരെ അമേരിക്കയുടെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഹജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയാണ് ശഹീദ് ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ശഹീദ് ചെയ്ത തെറ്റുകള്‍ക്ക് യു എന്നിന് ആവശ്യമായ തെളിവുകള്‍ ഇറാന്‍ നല്‍കിയിട്ടുണ്ടെന്നും ലറിജാനി പറഞ്ഞു. ടി വി അവതാരകനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. പാശ്ചാത്യ ചാനലുകള്‍ക്കായി ഇറാനെതിരെ വാര്‍ത്ത നല്‍കുന്നയാളായി അദ്ദേഹം അധഃപതിച്ചുവെന്നും ലറിജാനി കുറ്റപ്പെടുത്തി. ഇറാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് അഹ്മദ് ശഹീദ് നല്‍കിയ നാല് റിപ്പോര്‍ട്ടുകളും ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു.