Kerala
മസ്തകത്തിന് പരുക്കേറ്റ കാട്ടാനയെ കണ്ടെത്തി; മയക്കുവെടിവെച്ചു
ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
തൃശൂര്‍ | അതിരപ്പള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. ആനയ്ക്ക് ചികിത്സ നല്‍കുന്നതിനായി ദൗത്യസംഘം നാല് റൗണ്ട് ആണ് മയക്കുവെടിവെച്ചത്. ആനയുടെ പിന്‍കാലിലാണ് മയക്കുവെടിയേറ്റത്. കാട്ടാനയ്ക്ക് ചികിത്സ തുടങ്ങി.
നാല് ആനകള്‍ക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് കൊമ്പന്‍മാരും ഒരു പിടിയാനയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ സമയത്താണ് ആനയെ മയക്കുവെടിവെച്ചത്. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്.
ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. രാവിലെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് ആന തിരിച്ചെത്തിയത്. 15 മുതലാണ് മുറിവേറ്റ നിലയില്‍ കാട്ടാനയെ തോട്ടത്തില്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വനം വകുപ്പ് ആനയെ നിരീക്ഷിച്ചു വരികയാണ്.







