Connect with us

Prathivaram

ആരാണ് യഥാർഥ പാപ്പർ

നരഭോജനത്തിന് സമാനമായ ഹീനമായ പ്രവൃത്തിയാണ് പരദൂഷണം. അത് പറയുന്നതും കേൾക്കുന്നതും കുറ്റകരം തന്നെ. കേൾവിക്കാരനുണ്ടായത് കൊണ്ടാണല്ലോ പറയുന്നവന് ആ കുറ്റം ചെയ്യേണ്ടി വന്നത്. തെറ്റ് ചെയ്യുന്നതും അതിന് പശ്ചാത്തലമൊരുക്കി കൊടുക്കുന്നതും ശിക്ഷാർഹമായ കാര്യം തന്നെ.

Published

|

Last Updated

വെറുതെയൊരു സല്ലാപത്തിനോ ഗൗരവമായ ആലോചനകൾക്കോ ഭക്ഷണം കഴിക്കാനോ നമ്മൾ ഒന്നിച്ചിരുന്നാൽ കുതറിത്തെറിച്ചു വരുന്ന ദുഃസ്വഭാവമാണ് പരദൂഷണം. ഉള്ളടക്കങ്ങൾക്ക് ദാരിദ്ര്യമനുഭവിക്കാത്ത വിഷയം അന്യരെ കുറിച്ചുള്ള ഈ അനിഷ്ട സംസാരങ്ങളായിരിക്കും. ഉള്ളതാണെങ്കിലുമല്ലെങ്കിലും അപരനിഷ്ടപ്പെടാത്ത, ആദർശപരമായി മറ്റുള്ളവർക്ക് യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങൾ പറയുകയെന്നത് വിശ്വാസിക്ക് ഭൂഷണമല്ല. അത്തരം ശീലങ്ങൾ വളരെയധികം വഷളത്തരമെന്നാണ് മതം പഠിപ്പിച്ചത്. എവിടെ നിന്നെങ്കിലും ആരെ കുറിച്ചെങ്കിലും കേട്ട തുണ്ടു കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കാൻ നമ്മൾ കാണിക്കുന്ന വ്യഗ്രത ഒട്ടും നന്നല്ല. ദോഷങ്ങൾ മാത്രമാണത് നമുക്ക് തരിക. സൂറ: ഹുജുറാത്ത് 12ൽ നമുക്കത് കാണാം. “നിങ്ങൾ ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെ കുറിച്ചും പരദൂഷണം പറയരുത്. തന്റെ സഹോദരന്റെ മൃതശരീരത്തിലെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? നിങ്ങളത് വെറുക്കുകയാണു ചെയ്യുന്നത്‌.’

നരഭോജനത്തിന് സമാനമായ ഹീനമായ പ്രവൃത്തിയാണ് പരദൂഷണം. അത് പറയുന്നതും കേൾക്കുന്നതും കുറ്റകരം തന്നെ. കേൾവിക്കാരനുണ്ടായത് കൊണ്ടാണല്ലോ പറയുന്നവന് ആ കുറ്റം ചെയ്യേണ്ടി വന്നത്. തെറ്റ് ചെയ്യുന്നതും അതിന് പശ്ചാത്തലമൊരുക്കി കൊടുക്കുന്നതും ശിക്ഷാർഹമായ കാര്യം തന്നെ.

സ്നേഹിതരേ… ഒരാൾ പരദൂഷണം പറയുമ്പോൾ ആ സംസാരം നമ്മൾ തടയണം. വിഷയം നന്മകളിലേക്ക് വഴി തിരിച്ച് വിടണം, സാധ്യമല്ലെങ്കിൽ അത്തരം സദസ്സുകളിൽ നിന്നെഴുന്നേറ്റു പോകണം. പരദൂഷണമുള്ള പ്രഭാഷണങ്ങൾ കേൾക്കരുത്, അത്തരം സദസ്സുകളിൽ പങ്കെടുക്കരുത്. അതിന് സഹായങ്ങൾ ചെയ്യരുത്. പണ്ഡിതന്മാരുടെയും മഹത്തുക്കളുടെയും കുറ്റം പറയുന്നത് അതിതീവ്ര ദുരന്തങ്ങൾക്കാണ് കാരണമാകുന്നത്. എന്നാൽ അതിനോടുള്ള ലാഘവത്തോടെയുള്ള സമീപനം നമുക്കിടയിൽ പരദൂഷണം പറയുന്നതിന്റെ ഗൗരവം കുറച്ചിട്ടുണ്ട്. ഭീഷണമാണത്. നബി (സ) പറഞ്ഞു: അന്യായമായി ഒരു മുസ്‌ലിമിന്റെ അഭിമാനത്തിന്‌ പോറലേൽപ്പിക്കുന്നത്‌ നീചമായ പലിശയെപ്പോലെ മഹാപാപമാണ്‌.

(അബൂദാവൂദ്‌) മറ്റൊരു ഹദീസ് ശ്രദ്ധിക്കൂ “നബി(സ) പറഞ്ഞു: മിഅ്‌റാജ് രാവിൽ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ നടക്കാനിടയായി. ഞാൻ ചോദിച്ചു: ജിബ്‌രീൽ ആരാണിവർ? അവിടുന്ന് പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ. (അബൂദാവൂദ്) അത്ര ലാഘവത്തോടെ കാണേണ്ട തെറ്റല്ല പരദൂഷണമെന്ന് ഈ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു. ഒരു വേള തിരുനബി(സ) അനുചരരോട് ആരാണ് പാപ്പരെന്ന് ചോദിക്കുന്നുണ്ട്. അബൂഹുറൈറ(റ) ആ സംഭവം രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങളുമില്ലാത്തവനാണ് പാപ്പരായവന്‍.’

നബി (സ) തിരുത്തി: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുത്തനാണ്, നിസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അയാൾ മറ്റൊരുത്തനെ ശകാരിച്ചിട്ടുണ്ട്. മറ്റൊരാളെ പറ്റി അപവാദം പറഞ്ഞിട്ടുണ്ട്. വേറൊരുത്തന്റെ സ്വത്ത് അന്യായമായി തിന്നിട്ടുണ്ട്. മറ്റൊരുത്തന്റെ രക്തം ചിന്തിയിട്ടുണ്ട്. അങ്ങനെ അവര്‍ക്കൊക്കെയും അവൻ ചെയ്ത നന്മകളുടെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരും മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെയെല്ലാം പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’.

(മുസ്‌ലിം) നോക്കൂ അപരരെ കുറിച്ചുള്ള വാക്കുകളും പ്രവൃത്തികളുമാണ് ഏറ്റവും നിർണായക നേരത്തെ പാപ്പരത്തത്തിലും പരാജയത്തിലും കലാശിക്കുന്നത്. നന്മകളെല്ലാം നാലുപാടും എറിഞ്ഞുകളയുന്ന ഹതഭാഗ്യനെന്നാണ് പരദൂഷകനെ കുറിച്ച് ഇബ്നുൽജൗസി (റ) പരിചയപ്പെടുത്തിയത്. സംസാരത്തിനിടെ സ്വഫിയ്യ ബീവിയുടെ പൊക്ക കുറവിനെ കളിയാക്കി പോയ ഭാര്യയെ “നീ പറഞ്ഞ പദം സമുദ്രത്തിലിട്ടാൽ അത് മുഴുവൻ പതച്ചു മറിയാൻ അതുമതി’ എന്ന് സഗൗരവം ഉപദേശിച്ചത് അബൂദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റുള്ളവരുടെ കുറ്റവും കുറവും പറയുന്നവർക്ക് ആരും മനസ്സിൽ ഉന്നത സ്ഥാനം നൽകില്ല. അവനോടുള്ള ജനങ്ങളുടെ വിശ്വാസം കുറയും. മറ്റൊരു വേള തന്നെ കുറിച്ചും ഇയാൾ പറഞ്ഞേക്കുമോ എന്ന ചിന്ത അയാളോട് അകലം പാലിക്കാൻ പ്രേരിപ്പിക്കും. കൂട്ടുകാരേ… തെറ്റിദ്ധാരണകളുടെ പുറത്താണ് പല പരദൂഷണങ്ങളുമുണ്ടാവുന്നത്. കേട്ടതെല്ലാം പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ് ആ കുരുക്കിൽ ചെന്നു വീഴുന്നത്. “ഒരു മനുഷ്യന് വലിയ കുറ്റമാകാൻ കേട്ടതെല്ലാം പറഞ്ഞ് നടക്കുക എന്നത് തന്നെ മതി’ എന്ന തിരുമൊഴി ആ ശീലത്തോടുള്ള ശക്തമായ പ്രതിഷേധമുയർത്തുന്നുണ്ട്. സൂറ: ഹുജുറാത്തിന്റെ 6-ാം സൂക്തവുമതേ. നമുക്ക് നമ്മെ തിരുത്താനും നിർമിക്കാനുമെത്രയുണ്ട് കൂട്ടരേ.. എന്തിനാണ് മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് സമയം കളയുന്നത്. ആ പണി ഇപ്പോൾ തന്നെ നിർത്താമല്ലേ…

 

 

Latest