Connect with us

Cover Story

കാത്തിരിപ്പും കമ്പിറാന്തലും

റമസാനിന് ഇനി അധികം ദിവസങ്ങളില്ല. നിസ്‌കാരപ്പായ കഴുകി വൃത്തിയാക്കുന്നു. നിസ്‌കാരക്കുപ്പായം അലക്കി വെളുപ്പിച്ച് അയലിന്മേല്‍ വ്രതശുദ്ധിയുടെ ഉള്ളുണർവിനെ കാത്തിരിക്കുന്നു. മുസ്ഹഫിന്റെ ഉറകള്‍ കഴുകി ഉണക്കുന്നു. ഇബ്റാഹിം മുസ്്ലിയാര്‍ മുതിര്‍ന്ന മേപ്പാടക്കാരെ വിളിച്ച് ഹൗള് ശുദ്ധീകരിപ്പിക്കുന്നു. നിസ്‌കാര സമയം സൂചിപ്പിക്കേണ്ട നിശ്ചല ഘടികാരസൂചികള്‍ ചുമരുകളില്‍ തൂക്കിയിടുന്നു. വല്യ കുളത്തിന്റെ കുളവാഴകള്‍ നീക്കി വിശുദ്ധജലത്തില്‍ പള്ളിയിലെ നിസ്‌കാരപ്പായകള്‍ മുങ്ങിനിവരുന്നു. എങ്ങും റമസാനിന്റെ കിളിയുടെ കാലൊച്ചകള്‍ക്കുള്ള അന്തരീക്ഷം ഉണരുകയായി.

Published

|

Last Updated

റാഅത്ത് ദിനം. വലിയകുളം അങ്ങാടിയില്‍ പോകണം. നെരപ്പലകയും ഓടാമ്പലും മാറ്റി പീടിക തുറക്കുന്നത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്. അങ്ങനെ മൂന്നുമുറിപ്പീടികയാണ് ബീരാവുഹാജിയുടേത്. ഉമ്മ സാധനങ്ങളുടെ പേര് തന്നു. ശർക്കരയും പെരിഞ്ചീരകവും വെളിച്ചെണ്ണയും വാങ്ങണം. അരീരമുണ്ടാക്കാനാണ് ഈ വസ്തുവഹകള്‍. ബറാഅത്തിന്റെ പ്രത്യേക ചീരണിയാണ് അരീരം. സ്‌കൂള്‍ വിട്ട് വന്നപാടെത്തന്നെ വടക്കിനിയില്‍ നിന്ന് അശരീരി വന്നു. ബീരാവു ഹാജിയുടെ പീടികയില്‍ പോണം. കളിക്കാനും കാറോടാനുമൊന്നും പോകണ്ട. പീടികയില്‍ ഒറ്റ ഓട്ടത്തിന് പോയിട്ട് വായോ. എന്നിട്ടെന്താ പണി?

കുളത്തില്‍ പോയി വുളു എടുത്ത് വന്ന് ആദരവായ റസൂലിന്റെ പേരില്‍ ഒരു യാസീന്‍ ഓതണം. ദിക്‌റുകളും അനവധി സ്വലാത്തുകളും ചൊല്ലണം. വെളിച്ചെണ്ണക്കുപ്പിയെടുത്ത് വലിയകുളം അങ്ങാടിയിലേക്ക് ഗിയര്‍ മാറ്റി റിവേഴ്‌സ് ഗിയറിട്ട് കയ്യാലയിലേക്ക് നോക്കി. വൈക്കോലൊടിച്ചിക്ക പോയ ലക്ഷണമുണ്ട്. അവരുടെ നെല്ലിന്‍ച്ചാക്കും പൊക്കണങ്ങളും മുഷിഞ്ഞ കുപ്പായത്തുണികളും ഒന്നും കാണുന്നില്ല. മാത്രമല്ല കയ്യാല നല്ല വെടിപ്പും വൃത്തിയിലും ഇരിക്കുന്നുമുണ്ട്. പയ്യും കുട്ടിയും താഴത്തെ കുടംപുളി മരം നില്‍ക്കുന്ന കള്ളിയില്‍ ആക്രാന്തത്തോടെ പുല്ല് തിന്നുന്നു. അവിടെ പറമ്പിന്റെ എതക്കല്‍ നല്ലോണം ഇഞ്ചിപ്പുല്ലുണ്ട്. പയ്യ് കൊമ്പ് കുലുക്കി എതിരെ വരുന്ന തെക്കാമാക്കരുടെ നായയോട് അരിശപ്പെടുന്നു. പയ്ക്കുട്ടി അകിടിലേക്ക് നോക്കി നുണയുന്നു. അതിന്റെ മോന്തക്കെട്ടി അഴിഞ്ഞുകിടക്കുകയാണ്. രണ്ട് കാര്യങ്ങള്‍ക്കാണ് മോന്തക്കെട്ടി. ഒന്ന് അത് ഈയിടെയായി നന്നായി മണ്ണ് തിന്നുന്നുണ്ട്. പിന്നെ പോരാത്തതിന് പയ്യിന്റെ അകിടില്‍ കേറി പാല് കുടിക്കുന്നുമുണ്ട്. പൈക്കുട്ടി പാല് കുടിച്ചാല്‍ പിന്നെ പാല് കൊറയും. ഇതൊക്കെ മൊരശിന്റെ കണ്ടുപിടിത്തങ്ങളാണ്. അയാള്‍ തന്നെ വന്നാണ് മോന്തക്കെട്ടി ഉണ്ടാക്കിയത്. ഒരു തെങ്ങിന്റെ കുരുത്തോല മെടഞ്ഞ് കെട്ടിക്കൊടുത്തത്. വൈക്കോലുണ്ടയുടെ പള്ളക്ക് തുരന്നതുപോലെ വികൃതമായി നില്‍ക്കുന്നു.

വെളിച്ചെണ്ണയും ശര്‍ക്കരയും പെരിഞ്ചീരകവും വാങ്ങി ഒറ്റ ഓട്ടത്തിന് തന്നെ പെരയിലെത്തി. കുളത്തില്‍ പോയി വുളു എടുത്ത് അടുക്കളയില്‍ നിന്ന് നോക്കിയപ്പോള്‍ ഉമ്മ വാഴക്കൂമ്പുകള്‍ വെട്ടിയെടുക്കുന്നുണ്ട്. വാഴയിലയില്‍ വെച്ചാണ് ശര്‍ക്കരയും പെരിഞ്ചീരകവും അരിപ്പൊടിയും ചോര്‍ത്ത മിശ്രിതത്തില്‍ നിന്ന് ഉമ്മയും പെറ്റമ്മയും കൂടി അരീരത്തിന്റെ വട്ടുകള്‍ ഉണ്ടാക്കുന്നത്. റെഡിയാക്കിവെച്ച നടുക്ക് കുഴിയുള്ള അരീരങ്ങള്‍. പിന്നെന്തൊക്കെയോ അനതാരികള്‍ ചേര്‍ത്ത് തയ്യാറാക്കുന്നു. ബറാത്തിന്റെ വിശിഷ്ടമായ ചീരണിയാണല്ലോ അരീരങ്ങള്‍. ബറാത്തിന്റെ പുണ്യം പങ്കിടാന്‍ ചോറ്റിന്‍ക്കുട്ടയില്‍ അരീരം എന്ന പലഹാരം ഉയര്‍ന്നുവന്നു. മുമ്പാരത്തിരുന്ന് മയമു മുസ്്ലിയാര്‍ ഓത്തു തുടങ്ങിയിരിക്കുന്നു. മയമു മുസ്്ലിയാരെ കൊച്ചേലന്‍ മെയ്‌ല്യാരെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. നല്ല പതിഞ്ഞ പരുക്കന്‍ ശബ്ദമാണ് മൊയ്‌ല്യാരുടേത്. വീടുകളില്‍ ഖത്തം ഓതലും മൗലീദ് ചൊല്ലലും നിസ്‌കാരവും ഇബാദത്തും ഒക്കെത്തന്നെയാണ് മൊയ്‌ല്യാരുടെ ആത്മീയജീവിതം. എപ്പോഴും ഓരോന്ന് ചെല്ലിപ്പറഞ്ഞ് കണ്ണടച്ച് അദ്ദേഹം വീട്ടിലിരിക്കുന്നത് കാണാം. നാട്ടില്‍ മൗലീദ്, റാത്തീബ് എന്നിങ്ങനെയുള്ള വിശിഷ്ടാവസരങ്ങളില്‍ കോഴിയെ അറത്തുകൊടുക്കുന്നതും മൊയ്‌ല്യാരാണ്. ഇതൊക്കെ പ്രതിഫലേച്ഛ ഇല്ലാതെയാണ് അദ്ദേഹം ചെയ്യുന്നത്.

ഉറച്ച ശബ്ദവും ദൃഷ്ടിയുറച്ച നോട്ടവുമായി പതിഞ്ഞ ശബ്ദത്തില്‍ തന്റെ കാല്‍ക്കുഴകളെ ഉഴിഞ്ഞ് മൊയ്‌ല്യാര് തന്റെ രണ്ട് കാലും മുകളിലേക്ക് വെച്ച് വീടുകളില്‍ കൈതോലപ്പായയില്‍ ഇരുന്ന് ഓതുന്നത് കാണാം. എന്തൊരു വൃത്തിയാണ് ആ കാല്‍ക്കുഴകള്‍ക്ക്. അദ്ദേഹം ഞങ്ങളുടെ വീട്ടിലിരുന്ന് ബറാത്തിന്റെ ഖത്തം ഓതുമായിരുന്നു. മുസ്ഹഫിന്റെ സമീപത്ത് അദ്ദേഹത്തിന്റെ വെളുത്ത് സ്ഫടികമണികള്‍ പോലുള്ള ദസ്ബീഹ് വിശ്രമത്തിലാണ്. മുസ്ഹഫ് മടക്കി ഉറയിലാക്കി മൊയ്‌ല്യാര് ദുആ ഇരക്കാന്‍ കൈകള്‍ ചേര്‍ത്തിരുന്നു. ഉമ്മയും പെറ്റമ്മയും ദുആയില്‍ പങ്ക് ചേരാനായി മുമ്പാരത്തെ കിളിവാതിലിന് സമീപം വന്നുനിന്നു. തട്ടത്തിന്റെ തെല്ല് നേരെയാക്കി നെറ്റിയിലേക്ക് ചേര്‍ത്തുവെച്ച് ഉമ്മ ചൊല്ലുകയാണ്. പെറ്റമ്മ ഏറ്റുപറയുന്നു. ” ഇനി മങ്കൂസ് മൗലീദ് കൂടി ഓതിയാല്‍ നന്നായിരുന്നു’ ഉമ്മ മണ്ഡകത്ത് പോയി ജില്‍ദ് കൊണ്ടുവന്നു. വലിയ തടിച്ച വലുപ്പത്തിലുള്ള ഒരു വലിയ ബൃഹദ്ഗ്രന്ഥമാണ് ജില്‍ദ്. ഒരുവിധം മൗലീദുകളും ദിക്‌റുകളും റാത്തീബും ഒക്കെ ഈ ജില്‍ദിലുണ്ട്.

ഉപ്പ ഏതോ കാലത്ത് തിരൂരങ്ങാടിയിലെ ഒരു പണ്ഡിതനെ കൊണ്ട് കലമുകൊണ്ട് എഴുതിച്ചതാണത്രെ ഈ ജില്‍ദ്. നാട്ടിലുള്ള സകലമാന ഭക്തജനങ്ങളും ഈ ജില്‍ദ് വന്നു കൊണ്ടുപോകാറുണ്ട്. ഇപ്പോള്‍ ബറാത്ത് ആയതുകൊണ്ട് ജില്‍ദിന് ഇനി മുതല്‍ തിരക്കുപിടിച്ച ദിവസങ്ങളാണ്. ഒരു തലയിണയില്‍ വെച്ച് ഒരു വെള്ളത്തട്ടത്തിന്റെ മുകളില്‍ ജില്‍ദ് വെച്ചു. മൗലൂദിന്റെ കാറ്റിനോടൊപ്പം അഗര്‍ബത്തിയും പുകഞ്ഞു. മുമ്പാരത്തുനിന്നും ചന്ദനസുഗന്ധം മുറ്റത്തേക്ക് പരന്നു. മൗലീദ് അവസാനിക്കുകയാണ്. മൊയ്‌ല്യാർക്ക് ഒരു വെള്ളപ്പിഞ്ഞാണത്തില്‍ നല്ല ചൂടുള്ള അരീരവും ചായയും കൊണ്ടുവന്നു വെച്ചുകൊടുത്തു. ബറാത്ത് ദിനത്തിലെ ഈ പ്രധാനപ്പെട്ട ചീരണി ഒറ്റക്ക് കഴിക്കാനുള്ളതല്ല. അയല്‍പക്കത്തെ ശ്രീധരന്‍, കുട്ടായി, മാക്ക, അപ്പുട്ടി എന്നിവരുടെ കുടിയിരുപ്പിലേക്കും കൂമ്പന്‍വാഴയില്‍ പൊതിഞ്ഞ് വിശിഷ്ട അതിഥികളായി യാത്ര പോകും. അന്നേ വിശേഷപ്പെട്ട ഈ പലഹാരം യാസീന്റെയും ഫാത്തിഹയുടേയും മങ്കൂസ് മൗലീദിന്റെയും കൂടെ കട്ടന്‍ചായ കുടിച്ച് ചവച്ചിറക്കി. ബറാത്തിനെ രാജകീയമായിത്തന്നെയാണ് ഉമ്മ വരവേറ്റത്. എല്ലാ ബറാത്തിനും അരീരത്തിന്റെ സ്വാദുണ്ടായത് അങ്ങനെയാണ്.

ഇന്നലെ പയ്ക്കുട്ടി കയറ് പൊട്ടിച്ച് പയ്യിന്റെ അകിട് തപ്പി. അതുകൊണ്ട് മൊരശ്ശിന് അന്ന് പാല് കറക്കാതെ കഴിഞ്ഞു. കുടുംബത്ത് അന്ന് ഈ ബറാത്തിന് അരീരത്തിനോടൊപ്പം സുലൈമാനി കുടിക്കേണ്ടിവന്നു. പെറ്റമ്മ പയ്ക്കുട്ടിയെ നോക്കി മുറുമുറുത്തു. കാഞ്ഞിരമുറ്റത്തെ ശെയ്ഖ് പരീദൗലിയുടെ വിളക്ക് കത്തിച്ചുവെക്കുന്ന ഒരു കാവല്‍വിളക്കുണ്ട് ഞങ്ങളുടെ പറമ്പിന്റെ എതിര്‍വശത്തുള്ള തൊഴുവാനൂരെ പറമ്പിനോട് ചേര്‍ന്ന്. ഒരു പച്ചക്കൊടി അവിടെ പാറിക്കളിക്കുന്നുണ്ട്. റോഡ് മുറിഞ്ഞുകടന്നാല്‍ പൂഴി പരന്ന വിശാലമായ തെങ്ങിന്‍ പറമ്പാണ്. അത് ഒരിടവഴിയിലൂടെ കിഴക്കോട്ട് പോകുന്നു. ആ ഇടവഴിയുടെ അറ്റത്ത് ഒരു പെരുംതോട് വളഞ്ഞുപുളഞ്ഞ് ഒരു പെരുമ്പാമ്പിനെപ്പോലെ കിടക്കുന്നു. പെരുംതോടിന്റെ പള്ളയിലാണ് പരീതൗലിയുടെ പച്ചക്കൊടിമരം. അവിടെ ഒരു തുരമ്പിച്ച ടിന്ന്. ആ ടിന്നില്‍ ഒരു ചിമ്മിനിവിളക്ക് എല്ലാ രാത്രികളിലും മുനിഞ്ഞുകത്തും. ഈ പച്ചക്കൊടിമരം നാട്ടുവഴികളുടെ ദിശ കാണിക്കുന്ന ഒരു ജംഗ്ഷനാണ്.

പല ഇടവഴികളും ഇവിടെ നിന്ന് നാല് ദിക്കിലേക്ക് തെന്നിമാറുന്നു. തെക്കോട്ട് തൊഴുവാനൂരെ പറമ്പിലേക്ക്. വടക്കോട്ട് ചപ്പേലെ പറമ്പിലേക്ക്. ഈ പറമ്പുകള്‍ മണ്ണൂപാടത്തെ പാത്രക്കുളത്തില്‍ ചെന്നവസാനിക്കും. അവിടന്നങ്ങോട്ട് നെല്‍പ്പാടങ്ങളാണ്. കന്നിയും മകരവും കൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങള്‍. മണ്ണൂപാടത്തിന്റെ വക്കത്ത് ഒത്തിരി ചെറ്റപ്പുരകളുണ്ട്. അവിടങ്ങളില്‍ കുറേ ചെറിയ മനുഷ്യരും. പറമ്പ് കിളയും മീന്‍ക്കച്ചവടവും ഓലക്കച്ചവടവും മണ്ണുകോരലുമൊക്കെയാണ് അവരുടെ പണികള്‍. വൈകുന്നേരമായാല്‍ ഈ ഭാഗത്ത് വലിയ ഇരുട്ടാണ്. വലിയ മാമരങ്ങള്‍ അയിനിയും പിലാവും മുള്ളങ്കിയും പൊടിഅയിനിയും പിന്നെ പേരറിയാത്ത കുറെ മരങ്ങളും ഈ ഭാഗത്തിന് കാവല്‍ നില്‍ക്കുന്നു. രാത്രിയില്‍ ഇതിലെ പോകുന്നവര്‍ക്ക് ദിശ കാണിച്ച് ഒരു വഴിവിളക്കായി ശൈഖ് പരീദൗലിയുടെ നേര്‍ച്ചപ്പെട്ടിയിരിക്കുന്നു. വിളക്കിന് ചുവട്ടില്‍ കുറെ ചിരട്ടകളും കൂട്ടിയിട്ടിട്ടുണ്ട്. നേര്‍ച്ചപ്പെട്ടിയുടെ താഴെ പൂഴിമണലില്‍ ചൂലിന്റെ ചുടുചുംബനങ്ങളുടെ പാട് കാണാം. മണ്ണൂപാടത്ത് താമസിക്കുന്നവർക്ക് രാത്രിയാത്രകളില്‍ അടയാളവെളിച്ചമായി ഏത് കാറ്റിലും ഉലയാത്ത നേര്‍ച്ചപ്പെട്ടിയിലെ ചിമ്മിണിവെളിച്ചം തുണയായുണ്ട്. മണ്ണൂപാടത്തെ ഈ നാട്ടുവെളിച്ചവും നേര്‍ച്ചപ്പെട്ടിയും ശൈഖ് പരീദൗലിയുടെ നേര്‍ച്ചക്കൊടിമരവും പരിപാലിക്കുന്ന ഒരു കൊച്ചുസംഘമുണ്ട്. അവരാണ് കാഞ്ഞിരമുറ്റത്തെ നേര്‍ച്ച കഴിക്കുന്നത്.

വീടുകളില്‍ നിന്ന് തേങ്ങ ശേഖരിച്ച് ആ വരുമാനം കൊണ്ടാണ് നേര്‍ച്ചച്ചെലവുകള്‍ നടത്തുന്നത്. ശൈഖ് പരീദൗലിയുടെ നേര്‍ച്ച. നേര്‍ച്ചക്ക് എല്ലാ വീടുകളിലേക്കും ഉച്ചക്ക് ചീരണി ഉണ്ടാകും. ചക്കരച്ചോറ് വെച്ച് എല്ലാ വീടുകളിലേക്കും നേര്‍ച്ചസംഘം ഈ ഒജീനം എത്തിക്കും. ചക്കരച്ചോറ് എന്ന ചീരണി. ആ നേര്‍ച്ചസംഘത്തിന് കൊടുക്കാന്‍ ഉമ്മ പത്ത് നാൽപ്പത് അരീരങ്ങള്‍ ഒരു വാഴയിലയില്‍ പൊതിഞ്ഞുതന്നു. അത് കരുമത്തില്‍ കുഞ്ഞുവിന്റെ പെരയില്‍ കൊടുക്കാന്‍ പറഞ്ഞു. കരുമത്തില്‍ക്കാരാണ് ശൈഖ് പരീദൗലിയായുടെ നേര്‍ച്ചയും കൊടിമരവും വിളക്കും പരിപാലിക്കുന്നത്. അതിന്റെ പോരിശയാണ് മണ്ണൂപാടത്ത് കൊയ്ത്ത്കാലത്ത് നെന്മണികളാകുന്നത്. ബറാത്ത് കഴിഞ്ഞാല്‍ റമസാനിന്റെ മെലിഞ്ഞ ചന്ദ്രിക കിന്നരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുയരാന്‍ പിന്നെ ദിവസങ്ങളേയുള്ളൂ. വീടും പരിസരവും പണ്ഡിത, പാമര , കുചേല, കുബേര വ്യത്യാസങ്ങളില്ലാതെ എടുത്തുപിടിയുടേയും തേച്ചുകുളിയുടേയും ദിവസങ്ങള്‍ ആരംഭിക്കുകയായി.

റമസാനിന് ഇനി അധികം ദിവസങ്ങളില്ല. നിസ്‌കാരപ്പായ കഴുകി വൃത്തിയാക്കുന്നു. നിസ്‌കാരക്കുപ്പായം അലക്കി വെളുപ്പിച്ച് അയലിന്മേല്‍ വ്രതശുദ്ധിയുടെ ഉള്ളുണർവിനെ കാത്തിരിക്കുന്നു. മുസ്ഹഫിന്റെ ഉറകള്‍ കഴുകി ഉണക്കുന്നു. ഇബ്റാഹിം മുസ്്ലിയാര്‍ മുതിര്‍ന്ന മേപ്പാടക്കാരെ വിളിച്ച് ഹൗള് ശുദ്ധീകരിപ്പിക്കുന്നു. നിസ്‌കാര സമയം സൂചിപ്പിക്കേണ്ട നിശ്ചല ഘടികാരസൂചികള്‍ ചുമരുകളില്‍ തൂക്കിയിടുന്നു. വല്യ കുളത്തിന്റെ കുളവാഴകള്‍ നീക്കി വിശുദ്ധജലത്തില്‍ പള്ളിയിലെ നിസ്‌കാരപ്പായകള്‍ മുങ്ങിനിവരുന്നു. എങ്ങും റമസാനിന്റെ കിളിയുടെ കാലൊച്ചകള്‍ക്കുള്ള അന്തരീക്ഷം ഉണരുകയായി. നോമ്പിന്റെ ശരീരഭാഷകള്‍ ജീവിതത്തെ സജ്ജമാക്കി പള്ളിയുടെ അകത്തളങ്ങള്‍ സ്വലാത്തിന്റേയും ദിക്‌റിന്റേയും മന്ത്രമധുരരാവുകളാക്കി ഇബ്്റാഹിം മുസ്്ലിയാര്‍ തന്റെ കമ്പിറാന്തലും കത്തിച്ചുവെച്ച് കാത്തിരിപ്പാണ്. രാവേറെ വൈകിയിട്ടും മണിച്ച് മണിച്ച് ഖുര്‍ആന്‍ ഓതുന്നത് കേട്ടാല്‍ ഊഹിക്കാം

റമസാനിലേക്ക് ഇനി അധികദൂരമില്ല. അമ്പിളിക്കല ചന്ദ്രബിംബം ഇന്നോ നാളെയോ കണ്‍തുറക്കും.
വയലും വീടും പരിപാടിക്ക് ശേഷം കോഴിക്കോട് ആകാശവാണി നിലയത്തില്‍ നിന്നും പ്രത്യേക അറിയിപ്പ് വരുന്നു. “കൂട്ടായി കടപ്പുറത്ത് മാസം കണ്ടിരിക്കുന്നു’. നാളെ മുതല്‍ നോമ്പാണ്. കൊട്ടയും വട്ടിയും ഒക്കെയായി അങ്ങാടിയിലേക്ക് ആള്‍ക്കൂട്ടം ഇഴഞ്ഞുനീങ്ങുന്നു. അത്താഴം കഴിക്കാന്‍ മൈസൂര്‍പ്പഴം തന്നെ വേണം. പള്ളിയില്‍ നിന്ന് ഫാത്തിഹയും ദിക്‌റും മുഴങ്ങുന്നു. ഇനി നിസ്‌കാരത്തിന്റേയും നോമ്പിന്റേയും ഭക്തിസാന്ദ്രമായ രാപ്പകലുകള്‍. നോമ്പ് തീരുന്നത് വരെ പ്രത്യേക തറാവീഹ് നിസ്‌കാരം. എരമംഗലം സീമയില്‍ മാറ്റിനി റദ്ദ് ചെയ്യുന്നു. ഇനി രണ്ട് കളികള്‍ മാത്രം. എരമംഗലത്തെ മീസാൻ കല്ലുകള്‍ കാവല്‍ നില്‍ക്കുന്ന കാക്കകാരണവന്മാര്‍ അന്തിയുറങ്ങുന്ന വലിയ പള്ളിയും അങ്ങാടിയിലെ ഇബ്്റാഹിം മുസ്്ലിയാരുടെ ചെറിയ നിസ്‌കാരപ്പള്ളിയും റമസാനിലേക്ക് കാലെടുത്ത് വെച്ചു. ഇനി ഭക്തിയുടെ വസന്തകാലം.

മുറുക്കിച്ചുവപ്പിച്ചിരുന്ന ചുണ്ടുകളില്‍ ഇപ്പോള്‍ പ്രാർഥനകളാണ്. എല്ലാവരും സദാ സമയവും ഫാത്തിഹയും സൂറത്തും യാസീനും ഓതി പള്ളിയില്‍ത്തന്നെ ഒതുങ്ങിയിരിപ്പാണ്. സ്‌കൂളില്‍ പോകുന്ന ആലിയും അലീമുവും ബീവാത്തുവുമൊക്കെ പതിവ് നോമ്പുകാരാണ്. ക്ലാസ്സ്റൂമില്‍ നിന്ന് തുപ്പാന്‍ പോകാന്‍ അവര്‍ക്ക് നിയന്ത്രണങ്ങളില്ല. കുടിനീരിറക്കിയാല്‍ അവരുടെ നോമ്പ് മുറിയില്ലേ…. മറ്റ് കുട്ടികള്‍ അത്ഭുതത്തോടെ നോമ്പുകാരനേയും നോമ്പുകാരിയേയും നോക്കുന്നു. അർധരാത്രിയില്‍ ഭക്ഷണം കഴിച്ച് നിയ്യത്തും വെച്ച് കിടന്നതാണ്. ഇനി മഗ്‌രിബിന്റെ വാങ്ക് കൊടുത്തിട്ടേ എന്തെങ്കിലും കഴിക്കൂ. നോന്പുകാരോട് സൂക്ഷിച്ചേ പെരുമാറാവൂ. വിക്രസ്സുകള്‍ക്ക് തത്കാലം അവര്‍ സുല്ല് പറഞ്ഞിരിക്കുന്നു. അവന്റെ മടിശ്ശീലയിലും കീറിയ കുപ്പായക്കീശയിലും കാരക്കയുടെ ചീളുകള്‍ കാണും. കാരക്ക കൊണ്ടു തന്നെയാണ് നോമ്പ് തുറക്കേണ്ടത്. വഴിയില്‍ നിന്നോ യാത്രയില്‍ നിന്നോ വാങ്ക്‌വിളി കേട്ടാല്‍ നോമ്പ് മുറിക്കാന്‍ ഒരു കാരക്ക എപ്പോഴും കരുതിവെക്കുന്നത് നല്ലതാണ്.

അന്നപാനീയങ്ങള്‍ വർജിച്ച് കെട്ടവാക്കും ചീത്ത പ്രവൃത്തിയുമായി നടന്നാല്‍ നോമ്പ് കൊണ്ട് കാര്യമില്ല. ഓത്തുപള്ളിയില്‍ വെച്ച് ഇബ്്റാഹിം മുസ്്ലിയാര്‍ പറഞ്ഞുകൊടുത്ത താക്കീത് അവരുടെ തലക്ക് മുകളിലുണ്ട്. അവര്‍ ഇപ്പോള്‍ ഒറ്റ നുണകള്‍ പോലും പറയുന്നില്ല. പരദൂഷണം പാടെ നിര്‍ത്തി. കെട്ട വാക്കുകള്‍ അവരില്‍ നിന്ന് കെട്ടുപോയിരിക്കുന്നു. വഴക്കും വക്കാണവുമില്ലാത്ത സത്യസന്ധരായ നോമ്പുകാര്‍ ബഞ്ചുകളില്‍ നിരന്നിരിക്കുന്നു. തലയില്‍ ഉറുമാല്‍ കെട്ടി. ഞെരിയാണിക്ക് മേലെ മുണ്ടുടുത്ത് വിളറിയ ഉഷസ്സുകള്‍ പള്ളിയിലേക്ക് കയറിപ്പോകുന്നു. തടിച്ച വെയിലുകള്‍ അവരെ ഇപ്പോള്‍ പൊള്ളിവേദനിപ്പിക്കാറില്ല. സ്‌കൂള്‍ വിട്ട് വന്നാല്‍ കുട്ടികള്‍ കാഞ്ഞിരമുറ്റത്തെ ശൈഖ് പരീദൗലിയായുടെ വിളക്ക് കാലിന് ചുറ്റും ഒത്തുകൂടുന്നു. പെണ്‍കുട്ടികള്‍ അടുക്കളയില്‍ തരിക്കഞ്ഞിയും പത്തിരിയുമുണ്ടാക്കാന്‍ ഉമ്മമാരെ സഹായിക്കുന്നു.

വാങ്ക് വിളി കേട്ടാല്‍ പച്ചവെള്ളം ബിസ്മി ചൊല്ലി കുടിച്ച് ആവി പാറുന്ന തരിക്കഞ്ഞിയും അകത്താക്കി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ പോകുന്നു. തിരിച്ചുവന്ന് വടക്കിനിയില്‍ മരപ്പലകയില്‍ അമര്‍ന്നിരുന്ന് ഉമ്മ ചുട്ടെടുത്ത കൈപ്പത്തിരിയും തേങ്ങാപ്പാലും കുഴച്ച ഒജീനം അകത്താക്കുന്നു. മുസ്ഹഫില്‍ ഖത്തം തീര്‍ക്കാന്‍ ഓതി നിര്‍ത്തിയ പേജ് ശുദ്ധിയോടെ നോക്കി ഖുര്‍ആന്‍ പാരായണം തുടങ്ങുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അത്താഴം വെയ്ച്ച് “നബൈതു, സൗമഹദിന്‍ അന്‍ അദാഹി ആദിഹി സെനത്തി…’ എന്ന നോമ്പിന്റെ നിയ്യത്തിന്റെ താക്കോല്‍ ഉള്ളിലിട്ട് ആശകളുടേയും ആസക്തികളുടേയും വാതിലടച്ച് പരലോകത്തെ ( ആഹറം) വെളിച്ചം വ്യക്തമാക്കേണ്ടതുണ്ട്. ദൈവമാർഗത്തിലേക്ക് ശരീരത്തേയും മനസ്സിനേയും സമര്‍പ്പിച്ച് തൗഹീദിന്റെ കൊടിക്കൂറ ഉയര്‍ത്തിക്കെട്ടണം. ബദ്്രീങ്ങളുടെ ആണ്ടും ഇരുപത്തിയേഴാം രാവും റമസാനിലെ മുപ്പത് ദിനങ്ങള്‍ക്കുള്ളില്‍ തിളങ്ങുന്ന രത്‌നങ്ങളാണ്.

.

Latest