Connect with us

അതിഥി വായന

മുഴക്കമുള്ള വരികൾ

ഭക്ഷണം പോലും ദേശരാഷ്ട്രീയത്തിന്റെ വികലസൂചകങ്ങളാകുന്ന വർത്തമാനകാലസമസ്യകളിൽ കുഴിമന്തി ഒരേ സമയം വിശപ്പിനുള്ള അന്നവും പ്രതിരോധത്തിന്റെ ആയുധവുമായി മാറുന്നു.

Published

|

Last Updated

സ്നേഹത്തിന്റെയും കരുണയുടെയും ആർദ്രതയുടെയും സൗഹാർദത്തിന്റെയും സമഭാവനയുടെയുമൊക്കെ മുഴക്കമുള്ള വർത്തമാനങ്ങളാണ് വിജു വി രാഘവിന്റെ മുപ്പത് കവിതകളുടെ സമാഹാരമായ “കുഴിമന്തി’ എന്ന ഈ കാവ്യപുസ്തകം. ഇതിലെ ഓരോ കവിതയും ഉദാത്തമായ മാനവികതയിലേക്ക് മുഷ്ടിചുരുട്ടി സ്വയം ഇൻക്വിലാബ് മുഴക്കുന്നു. ഭക്ഷണം പോലും ദേശരാഷ്ട്രീയത്തിന്റെ വികലസൂചകങ്ങളാകുന്ന വർത്തമാനകാലസമസ്യകളിൽ കുഴിമന്തി ഒരേ സമയം വിശപ്പിനുള്ള അന്നവും പ്രതിരോധത്തിന്റെ ആയുധവുമായി മാറുന്നു.

മരണപ്പെട്ടുകഴിഞ്ഞവർക്ക് മാത്രം ഇഷ്ടഭക്ഷണം സാധ്യമാകുന്ന ഇരുൾകാലത്തിനെ ഏറ്റവും നിഷ്കളങ്കമായ വരികളിലൂടെ “കുഴിമന്തി’ എന്ന കവിത പ്രസാധനം ചെയ്യുന്നു. ഓർമകളെ പ്രാർഥനാമന്ത്രങ്ങൾ പോലെ ഏറ്റവും ഹൃദയനിർഭരമായി മന്ത്രിച്ചു പോകുന്നുണ്ട് പലയിടങ്ങളിലായി ഈ പുസ്തകത്തിൽ. അത് നിരാശയുടെ ഓരം ചാരിയിരിക്കലായല്ല ഉത്സാഹത്തിന്റെ ഐസ് ഒരതി നുണയലായാണ് അനുഭവപ്പെടുക.

നളന്ദയും ബോധിയും ഗാഥയും ജനതയും ചേതനയും പണ്ടത്തെ ട്യൂഷൻ ക്ലാസ്സുകളുടെ ചോക്കു പൊടികാലങ്ങളെ കാലത്തിന്റെ കറുത്ത ബോഡിൽ വീണ്ടും എഴുതിയിടുന്നുണ്ട്. കണക്കും ചരിത്രവും ഹിന്ദിയും സയൻസും ഇംഗ്ലീഷും തൊണ്ടപൊട്ടി പഠിപ്പിച്ച മാഷൻമ്മാർ കാലത്തിന്റെ കോണികൈയുകളിൽനിന്ന് തെന്നി വീണ് പെയിന്ററും, സെക്യൂരിറ്റിയും, ലോട്ടറിക്കാരനും, സർക്കാർ ഗുമസ്തനും ഒക്കെയായി മാറുന്നുമുണ്ട്.

പാഞ്ഞുമുന്നേറുകയാണെന്ന് സ്വയം കരുതുന്ന മനുഷ്യർ താനറിയാതെ കാലങ്ങളായി ഏതോ നിശ്ചലതയിൽത്തന്നെ തളംകെട്ടി കിടക്കുകയാണെന്ന് ഈ കവിതകളിൽ ചിലവ പറയുന്നു. ഓൺലൈൻ ക്ലാസ്സിൽ കടലാസ് തോണിയുണ്ടാക്കി പഠിക്കുന്ന കുട്ടി നിശ്ചലനാണ്. ക്ലാസ്സും തോണിയും നിശ്ചലമാണ്. ഒഴുക്കോ ചലനമോ അസാധ്യം. വീടു വരയ്ക്കുന്ന മറ്റൊരു കുട്ടി. കടലാസിൽ ഇഷ്ടികകൾ മാത്രം അടുക്കിവെക്കുന്നു. മുറ്റമോ പൂന്തോട്ടമോ വൃക്ഷങ്ങളോ ഇല്ല. അവൻ അവന്റെ സ്വപ്നത്തിലെ കാനഡയിലെ വീടാണ് വരയ്ക്കുന്നത്. നിശ്ചലതയാണ് അവിടെയും. സ്കൂളടച്ചാൽ എന്ത് ചെയ്യും എന്ന് വ്യാകുലപ്പെടുന്ന സ്കൂളിൽ ഉച്ചക്കഞ്ഞി വെക്കുന്ന “വേനലവധി’ എന്ന കവിതയിലെ ശാന്തേച്ചിയും സ്കൂൾ തുറക്കാറായല്ലോ എന്ത് ചെയ്യും എന്ന് ആശങ്കപ്പെടുന്ന “ശാന്തേച്ചി’ കവിതയിലെ ശാന്തേച്ചിയും ഒരാളാകുന്നതിൽ അത്ഭുതമില്ല. ഹരിത കർമസേനയിലെ അനിതേച്ചിയും റൂബിക്സ് ക്യൂബ് സമ്മാനമായി കൊടുക്കുന്ന അനിതേച്ചിയും ഒരാൾ തന്നെ.

മലപ്പള്ളിയിലെ മധു ഇവരുടെ ചാർച്ചക്കാരനാകണം. ഐസ് വിൽക്കുന്ന അബൂക്ക, മൂസാക്ക, കണ്ടക്കുട്ട്യേട്ടൻ, മമ്മത്ക്കാനും ബാലൻ നായരും ഇവരൊക്കെ ബന്ധുക്കളായി, ഉറ്റവരായി ഈ കവിതകളിൽ ചേർന്നൊട്ടി നിൽക്കുന്നു. വായിച്ചുതീരുമ്പോൾ ഇഷ്ടികക്കട്ടകൾക്കിടയിൽ സമയം നിലച്ചൊരു ഘടികാരവും പാതി തുന്നിയ കുഞ്ഞുടുപ്പും നിങ്ങൾക്കു കണ്ടെത്താനാകും.യുദ്ധം മറക്കാത്ത കുട്ടികൾ ഇപ്പോൾ എവിടെയാകും? എങ്ങനെയാകും?അവനവന്റെ വാക്കും ഭാഷയും ആയുസ്സൊടുങ്ങുവോളവും ഇടനെഞ്ചിൽ അമൂല്യമായികാത്തുസൂക്ഷിക്കാൻ ബാധ്യതപ്പെട്ട ഒരു കവിയുടെ ധീരസഞ്ചാരങ്ങൾ ഈ കവിതകൾക്ക് നാട്ടുവഴക്കവും ഉള്ളുറപ്പും സമാസമം നൽകുന്നു. മിഴി ബുക്സാണ് പ്രസാധകർ. വില 100 രൂപ.

Content Highlights:
Viju V Raghavan’s new poetry collection titled Kuzhimanthi features thirty poems focusing on humanism and contemporary social realities. The book, published by Mizhi Books, uses simple yet powerful verses to discuss topics ranging from hunger and nostalgia to local life and defense. The collection blends local dialects and strong emotional elements effectively.

 

---- facebook comment plugin here -----

Latest