National
വഴങ്ങാതെ ഡി കെ; കര്‍'നാടകം' തുടരുന്നു
സര്‍ക്കാറില്‍ ഒരു ഉപ മുഖ്യമന്ത്രി മതി. മൂന്ന് ഉപ മുഖ്യമന്ത്രിയെങ്കില്‍ സ്വീകരിക്കില്ല. ആഭ്യന്തരം കൂടി വേണമെന്നും ആവശ്യം.
ന്യൂഡല്‍ഹി | കര്‍ണാടകയില്‍ ഇനിയും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായി സിദ്ധാരാമയ്യയ്യോ ഡി കെ ശിവകുമാറോ എന്നതില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. വിഷയത്തില്‍ ശിവകുമാറുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായാണ് വിവരം. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വിഫലമായത്.
ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഡി കെ പൂര്‍ണമായി വഴങ്ങിയിട്ടില്ല. സര്‍ക്കാറില്‍ ഒരു ഉപ മുഖ്യമന്ത്രി മതിയെന്നും മൂന്ന് ഉപ മുഖ്യമന്ത്രിമാരെയാണ് നിയോഗിക്കുന്നതെങ്കില്‍ പദവി സ്വീകരിക്കാന്‍ ഒരുക്കമല്ലെന്നും ഡി കെ പറഞ്ഞു. ആഭ്യന്തരം കൂടി വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. ടേം വ്യവസ്ഥ പരസ്യമായി വേണമെന്നും ഡി കെ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ കര്‍ണാടകയില്‍ സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിച്ച് മന്ത്രിസഭ നാളെ തന്നെ അധികാരമേല്‍ക്കുമെന്ന പ്രതീക്ഷയിലാണ് സത്യപ്രതിജ്ഞക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നത്.
മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി അംഗം രണ്‍ദീപ് സിങ് സുര്‍ജേവാല ഇന്ന് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീടിനടുത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുര്‍ജേവാല പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞുവെന്നും മന്ത്രിസഭ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
‘തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. രണ്ട് ദിവസത്തിനകം മന്ത്രിസഭ അധികാരമേല്‍ക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിനു പിന്നില്‍ ബി ജെ പിയാണ്.’- സുര്‍ജേവാല പറഞ്ഞു.







