National
കേന്ദ്ര ബജറ്റ്: വില കുറയുന്നവ, കൂടുന്നവ
കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് 17 കാൻസർ മരുന്നുകളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി.
ന്യൂഡൽഹി | ആഗോള വ്യാപാര സമ്മർദ്ദങ്ങൾക്കും രൂപയുടെ മൂല്യത്തകർച്ചയ്ക്കും ഇടയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ നികുതി ഇളവുകളിലൂടെയും വില നിയന്ത്രണത്തിലൂടെയും മധ്യവർഗത്തെയും കാർഷിക-വ്യവസായ മേഖലകളെയും ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് 17 കാൻസർ മരുന്നുകളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി.
പരമ്പരാഗത വ്യവസായ മേഖലയ്ക്ക് കരുത്തേകാൻ ‘മഹാത്മാഗാന്ധി ഗ്രാം സ്വരാജ്’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഖാദി, കൈത്തറി, കരകൗശല മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ ആഗോള വിപണികളുമായി ഈ ഉൽപ്പന്നങ്ങളെ ബന്ധിപ്പിക്കും. കൂടാതെ മെഗാ ടെക്സ്റ്റൈൽ പാർക്കുകളും നാഷണൽ ഫൈബർ സ്കീമും ഉൾപ്പെടുന്ന സമഗ്രമായ തുണിത്തര വികസന പാക്കേജും മന്ത്രി അവതരിപ്പിച്ചു. സ്മാർട്ട്ഫോണുകൾ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ എന്നിവയുടെ വില കുറയാൻ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ കാരണമാകും.
ബജറ്റിലെ വില മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
വില കുറയുന്നവ:
- 17 തരം കാൻസർ മരുന്നുകൾ
- സ്മാർട്ട്ഫോണുകൾ,
- ലതർ ഉൽപ്പന്നങ്ങൾ
- സോളാർ പാനലുകൾ,
- ഇ വി. ബാറ്ററികൾ
- കടൽ വിഭവങ്ങൾ,
- കായിക ഉപകരണങ്ങൾ
- മൈക്രോവേവ് ഓവനുകൾ
- വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ഇലക്ട്രോണിക് സാധനങ്ങൾ (നികുതി 20%-ൽ നിന്ന് 10%-ലേക്ക് കുറച്ചു)
വില കൂടുന്നവ:
- മദ്യം,
- സിഗരറ്റ്,
- പാൻ മസാല
- ഡിജിറ്റൽ ക്യാമറകൾ,
- വീഡിയോ ഗെയിമുകൾ
- ഇ-റീഡറുകൾ
- കുടകൾ (ഭാഗങ്ങൾക്കും അനുബന്ധ സാധനങ്ങൾക്കും 10% നികുതി)
- കോഫി മെഷീനുകൾ (വേണ്ടിംഗ്, ബ്രൂവിംഗ് മെഷീനുകൾ)
- മുതിർന്നവർക്കുള്ള ഡയപ്പറുകൾ




