Editors Pick
ടെസ്‌ലയ്ക്ക് 'വെല്ലുവിളിയാകുമോ'?; ഡ്രൈവറില്ലാതെ പായുന്ന 'നാടൻ' കാറുമായി തൃശൂരിലെ ഓട്ടോമൊബൈൽ വിദ്യാർഥികൾ
വാഹനത്തിൽ കയറിയിരുന്നാൽ മാത്രം മതിയാകും, വേഗത നിയന്ത്രിക്കാനും സിഗ്നലുകൾക്ക് അനുസരിച്ച് കൃത്യസ്ഥലത്ത് എത്തിക്കാനും ഈ ഡ്രൈവറില്ലാ കാറിന് സാധിക്കും.
തൃശൂർ | വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഡ്രൈവറില്ലാ വാഹനമായ ടെസ്‌ലയ്ക്ക് ‘വെല്ലുവിളി’ ഉയർത്തുകയാണ് തൃശൂരിലെ ഒരു പറ്റം ഓട്ടോമൊബൈൽ വിദ്യാർഥികൾ. ഡ്രൈവറില്ലാതെ നിരത്തിലൂടെ ചീറിപ്പായുന്ന ഒരു ‘നാടൻ’ കാറാണ് ഇവർ നിർമിച്ചെടുത്തത്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് സ്വന്തം പണവും അധ്വാനവും ഉപയോഗിച്ച് ഒരു ഡ്രൈവലില്ലാ കാർ പുറത്തിറക്കിയത്. ലുക്കിൽ ഒരു കാറിനെ പോലെ ഒന്നും തോന്നില്ലെങ്കിലും ഇത് വികസിപ്പിച്ചെടുത്താൻ ഒരു ഉഗ്രൻ ഡ്രൈവറില്ലാ കാറായി നിരത്തിൽ ഇറക്കാനാകും.

വാഹനത്തിൽ കയറിയിരുന്നാൽ മാത്രം മതിയാകും, വേഗത നിയന്ത്രിക്കാനും സിഗ്നലുകൾക്ക് അനുസരിച്ച് കൃത്യസ്ഥലത്ത് എത്തിക്കാനും ഈ ഡ്രൈവറില്ലാ കാറിന് സാധിക്കും. നിലവിൽ ഈ വാഹനം പൊതുനിരത്തുകളിൽ ഇറക്കാൻ അനുമതിയായിട്ടില്ല. എന്നാൽ ഇതൊരു വെറും നിർമാണമല്ല, വരുന്ന ജൂലൈ മാസത്തിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന ഓട്ടോമോട്ടീവ് ബാഹ കോമ്പറ്റീഷനിൽ (Automotive BAHA Competition) മാറ്റുരയ്ക്കാൻ വേണ്ടിയാണ് വിദ്യാർഥികൾ ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

ഏകദേശം 11 മാസത്തെ കഠിനാധ്വാനമാണ് ഈ വാഹനത്തിന് പിന്നിലുള്ളത്. കോളജിലെ ക്ലാസുകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് ഗാരേജിൽ എത്തിയാണ് വിദ്യാർഥികൾ ഇതിന്റെ ജോലികൾ ചെയ്യുന്നത്. ഡെഡ്‌ലൈൻ അടുക്കുന്ന സമയങ്ങളിൽ പുലർച്ചെ 4 മണി വരെയും 24 മുതൽ 48 മണിക്കൂർ വരെ തുടർച്ചയായും ഇതിനായി അധ്വാനിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ഇനിയും ചെറിയ ചില മിനുക്കുപണികൾ കൂടി വാഹനത്തിൽ ബാക്കിയുണ്ട്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 30 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും. കോളജിലെ 30 പേർ അടങ്ങുന്ന വിദ്യാർഥി സംഘമാണ് ഈ നൂതന പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. നിലവിൽ 6 ലക്ഷത്തിലധികം രൂപ ഈ വാഹനത്തിന്റെ നിർമാണത്തിനായി ചിലവായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്പോൺസർഷിപ്പ് ലഭിക്കുകയാണെങ്കിൽ ഈ വാഹനത്തെ വലിയ രീതിയിൽ വികസിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
Content Highlights
Students of Thrissur Govt Engineering College have developed a unique driverless car using their own funds. Built by a 30-member team over 11 months, the car can travel 30 km on a single charge. Costing over 6 lakhs, the vehicle is set to compete in the BAHA competition in Chennai this July.







