Connect with us

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ രണ്ടു സ്ത്രീകള്‍ പിടിയില്‍

പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിനി കൊള്ളിപറമ്പില്‍ വീട്ടില്‍ സുജാത, പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടില്‍ റോജ എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

തൃശൂര്‍ | സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തി ആറരപ്പവനോളം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത രണ്ടു സ്ത്രീകള്‍ പിടിയില്‍. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിനി കൊള്ളിപറമ്പില്‍ വീട്ടില്‍ സുജാത, പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടില്‍ റോജ എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

മണലൂര്‍ വല്ലത്തുപറമ്പില്‍ വീട്ടില്‍ 70 വയസുള്ള സ്വര്‍ണ്ണലതയാണ് തട്ടിപ്പിന് ഇരയായത്. പുല്‍തൈലം വില്‍ക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വീട്ടിലെത്തിയത്. വീടിരിക്കുന്ന സ്ഥലത്തിന് സര്‍പ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം സ്വര്‍ണലതയുടെ രണ്ടാമത്തെ മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഇവര്‍ ഭയപ്പെടുത്തുകയായിരുന്നു. തുടര്‍ന്് സര്‍പ്പകോപം തീര്‍ക്കാനായി സ്വര്‍ണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് വിശ്വസിപ്പിച്ചു.

ഇത് വിശ്വസിച്ച് പരാതിക്കാരി തന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയും ഉള്‍പ്പെടെയുള്ള ആറര പവനോളം സ്വര്‍ണവും 6,500 രൂപയും വഴിപാടിനായി പ്രതികള്‍ക്ക് കൈമാറി. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതിനെ തുടര്‍ന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മോഷണ മുതലായ 48 ഗ്രാം സ്വര്‍ണ്ണം പ്രതികള്‍ വില്‍പ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയില്‍ നിന്ന് പോലീസ് വീണ്ടെടുത്തു. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ കേഴ്സണ്‍, എസ് ഐ മാരായ ഹാഷിഷ്, റിജി, ഋഷിപ്രസാദ്, സി പി ഒ മാരായ രേഷ്മ, കിരണ്‍, ശ്രീജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Content Highlights:
Anthikad police arrested two women for defrauding an elderly woman of 6.5 sovereigns of gold and cash in Thrissur. The fraudsters frightened the victim with a fake serpent curse threat to steal the valuables. Police recovered 48 grams of sold gold from a jewellery shop in Chentrappinni.

 

Latest