Kerala
ജയസൂര്യക്കും ബാലചന്ദ്ര മേനോനും എതിരായ പീഡന പരാതിയില്‍ തെളിവില്ല; കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്
ക്രൈം ബ്രാഞ്ച് എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും

തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെടുത്ത കേസില്‍ നടന്മാരായ ജയസൂര്യ, ബാലചന്ദ്ര മേനോന് എന്നിവര്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്മാര്ക്കെതിരെയുള്ള ബലാത്സംഗക്കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതിന് മാത്രമാണ് തെളിവ് ലഭിച്ചത്. എന്നാല്‍ പീഡിപ്പിച്ചതിന് തെളിവ് കിട്ടിയിട്ടില്ല. കിട്ടിയ തെളിവുകള്‍ വച്ച് കുറ്റപത്രം സമര്‍പ്പിക്കണമോ എന്നും എഡിജിപിയുടെ അഭിപ്രായ പ്രകാരം തീരുമാനിക്കും.
2008 ല്‍ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു നടന്മാരും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജയസൂര്യ സെക്രട്ടേറിയറ്റില്‍ വച്ചും ബാലചന്ദ്ര മേനോന് വഞ്ചിയൂരിലെ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്കിയ നടിയാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ പരാതിപ്പെട്ടത്.നടിയും ജയസൂര്യയും ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് പോലീസ് കണ്ടെത്തിയെങ്കിലും പീഡനം നടന്നു എന്നതിന് തെളിവ് ലഭിച്ചില്ല. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ ശുചിമുറി പിന്നീട് പൊളിച്ച് വനം മന്ത്രിയുടെ ഓഫീസാക്കി മാറ്റിയിരുന്നു. അതുകൊണ്ട് പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. സാക്ഷി പറയാന്‍ നടി ഹാജരാക്കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റും താനൊന്നും കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്.