Connect with us

Sangh Parivar

സയണിസ്റ്റ് തന്ത്രങ്ങൾ കടമെടുത്ത് സംഘ്പരിവാർ

ഇസ്‌ലാമോഫോബിയക്ക് തീവ്രത പകരാൻ ആഗോളതലത്തിൽ സയണിസ്റ്റുകളും ക്രിസ്ത്യൻ തീവ്രവാദികളും മുമ്പേ പ്രയോഗിച്ചു വരുന്ന തന്ത്രമാണ് തീവ്രവാദ, വിധ്വംസക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം മുസ്‌ലിംകളുടെ മേൽ അടിച്ചേൽപ്പിക്കുകയെന്നത്.

Published

|

Last Updated

മുസ്ലിം പേരിൽ വ്യാജ ഐ ഡിയുണ്ടാക്കി വിദ്വേഷ പ്രചാരണം നടത്തിവന്ന സംഘ്പരിവാർ പ്രവർത്തകൻ പോലീസ് പിടിയിലാവുകയുണ്ടായി കഴിഞ്ഞ ദിവസം കർണാടകയിൽ. മുഷ്താഖ് അലി എന്ന ഐ ഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മതസ്പർധ സൃഷ്ടിക്കുന്ന പോസ്റ്റുകളിട്ട സൗത്ത് കന്നഡ സ്വദേശി ശ്രീകാന്ത് നിരാലെ എന്ന ആർ എസ് എസ്- ബജ്‌റംഗ്്ദൾ പ്രവർത്തകനാണ് ബാഗൽകോട്ട് പോലീസിന്റെ പിടിയിലായത്. ശിവമോഗയിൽ ഹർഷ എന്ന ബജ്‌റംഗ്്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഷ്താഖ് അലി എന്ന പേരിൽ ഇയാൾ ഇട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. “ഒരു ഹിന്ദു ആക്ടിവിസ്റ്റ് മരിച്ചു. ഇതുകൊണ്ട് അവസാനിച്ചെന്ന് നിങ്ങൾ കരുതേണ്ട. വരും ദിവസങ്ങളിൽ നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും ഞങ്ങൾ ലക്ഷ്യംവെക്കും’. ഇതുപോലെ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ ശ്രീകാന്തിന്റേതായി വന്നിട്ടുണ്ട്. ഒടുവിൽ ബി ജെ പി. എം എൽ സി. ഡി എസ് അരുണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പോസ്റ്റിട്ട സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. മുസ്‌ലിംകൾ തീവ്രവാദികളും വിദ്വേഷപ്രചാരകരും കുഴപ്പക്കാരുമാണെന്ന് വരുത്തിത്തീർക്കാനായി മുസ്‌ലിം പേരിൽ വ്യാജ ഐ ഡിയുണ്ടാക്കി ഹിന്ദുത്വവിരുദ്ധ പോസ്റ്റുകളും വാർത്തകളും പ്രചരിപ്പിക്കുന്ന സംഘ്പരിവാർ ഗൂഢശ്രമങ്ങൾ മുമ്പും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് വിമാനാപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ, “അനസ് മുഹമ്മദ് വിളയിൽ’ എന്ന പേരിൽ റാവത്തിന്റെ മരണത്തിൽ മുസ്‌ലിംകൾ സന്തോഷിക്കുന്നുവെന്ന് വരുത്തിത്തീർക്കുന്ന ഒരു പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ. ചിരിക്കുന്ന ഇമോജിയും “അല്ലാഹുവിന്റെ ശിക്ഷ തുടങ്ങി’ എന്ന കമന്റുമായിരുന്നു റാവത്തിന്റെ മരണവാർത്തക്ക് താഴെ അനസ് മുഹമ്മദിന്റെ പേരിൽ കൊടുത്തിരുന്നത്. “ബിപിൻ റാവത്തിന്റെ മരണത്തിൽ സന്തോഷിക്കുന്ന ഈരാറ്റുപേട്ടക്കാരൻ ജിഹാദി’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ വ്യാജ വിദ്വേഷ പ്രചാരണം. സംഘ്പരിവാർ അനുകൂല ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ ന്യൂസ് ഈ പോസ്റ്റ് നന്നായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, സംഘ്പരിവാർ-തീവ്ര ക്രിസ്ത്യൻ ഗ്രൂപ്പുകളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പിന്നീട് വ്യക്തമായി.

നാല് വർഷം മുമ്പ് കർണാടക കേന്ദ്രീകരിച്ച് “പോസ്റ്റ്കാർഡ് ന്യൂസ്’ എന്ന പേരിൽ ഒരു ന്യൂസ് ചാനൽ പ്രവർത്തിച്ചിരുന്നു. മുസ്‌ലിംവിരുദ്ധ, വർഗീയ വാർത്തകളായിരുന്നു നിരന്തരം അതിൽ വന്നുകൊണ്ടിരുന്നത്. കർണാടകയിലെ ജയിൻ സന്യാസിയെ മുസ്‌ലിംകൾ ആക്രമിച്ചു, കർണാടക സ്‌കൂളിലെ സാമൂഹിക പാഠപുസ്തകം വിദ്യാർഥികളെ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളിലേക്ക് പോകാനും മതംമാറാനും പ്രേരിപ്പിക്കുന്നു, മുസ്‌ലിംകൾ ഹൈന്ദവ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു എന്നിത്യാദി വാർത്തകളാണ് പോസ്റ്റ് കാർഡിൽ ഏറെയും പ്രചരിച്ചിരുന്നത്. സോണിയാ ഗാന്ധി, എ ആർ റഹ്്മാൻ തുടങ്ങിവർക്കെതിരെയും വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ പോസ്റ്റ് കാർഡ് സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്‌ഡെയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഫേസ്ബുക്ക് അധികൃതർ പോസ്റ്റ് കാർഡിന്റെ പേജ് നീക്കം ചെയ്യുകയുമുണ്ടായി. ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിന് മുന്നിൽ നടൻ ഷാറൂഖ് ഖാൻ കൈകൾ ഉയർത്തി പ്രാർഥന നടത്തി ഊതിയ സംഭവത്തെക്കുറിച്ച് “മൃതദേഹത്തിൽ തുപ്പി’ എന്നായിരുന്നല്ലോ സംഘ്പരിവാർ സൈബർ പോരാളികൾ പ്രചരിപ്പിച്ചത്.

വിധ്വംസക പ്രവർത്തനങ്ങൾ നടത്തി ഉത്തരാവാദിത്വം മുസ്‌ലിംകളുടെ പേരിൽ കെട്ടിവെച്ച് ഈ സമുദായത്തെ കടന്നാക്രമിക്കുകയെന്നത് സംഘ്‌രിവാറിന്റെ ഹിഡൻ അജൻഡയാണ്. മുസ്‌ലിം വംശഹത്യക്ക് അവർ പ്രയോഗിക്കുന്ന ഒരു തന്ത്രമാണിത്. സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനം, മക്കാ മസ്ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം, അജ്മീർ ദർഗ സ്‌ഫോടനം തുടങ്ങി രാജ്യത്തെ നടുക്കിയ പല സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഹിന്ദുത്വരും തുടക്കത്തിൽ അന്വേഷണ ഏജൻസികളും മുസ്‌ലിംകളുടെ പേരിലായിരുന്നല്ലോ കെട്ടിവെച്ചിരുന്നത്. ഹേമന്ത് കർക്കരെയുടെ മലേഗാവ് കേസന്വേഷണത്തിൽ പിടിയിലായ ലഫ്. കേണൽ പുരോഹിതിനെ ബാംഗ്ലൂരിൽ നാർക്കോ അനാലിസിസിന് വിധേയമാക്കിയപ്പോഴാണ് ഈ സ്‌ഫോടനങ്ങളുടെയെല്ലാം ചുരുളഴിഞ്ഞതും സംഘ്പരിവാർ പ്രവർത്തകരാണ് അതിന് പിന്നിലെന്ന സത്യം പുറത്തുവന്നതും. അഭിനവ് ഭാരത് എന്ന സംഘ്പരിവാർ സംഘടനയും സ്വാമി അസിമാനന്ദയുൾപ്പെടെയുള്ള കാവി ഭീകരരുമാണ് പല സ്‌ഫോടനങ്ങളും നടത്തിയതെന്ന് ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഭീകരവിരുദ്ധ സംഘത്തിന് തെളിവുകൾ ലഭിക്കുകയായിരുന്നു. ഇസ്‌ലാമോഫോബിയക്ക് തീവ്രത പകരാൻ ആഗോളതലത്തിൽ സയണിസ്റ്റുകളും ക്രിസ്ത്യൻ തീവ്രവാദികളും മുമ്പേ പ്രയോഗിച്ചുവരുന്ന തന്ത്രമാണ് തീവ്രവാദ, വിധ്വംസക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം മുസ്‌ലിംകളുടെ മേൽ അടിച്ചേൽപ്പിക്കുകയെന്നത്. മുസ്്ലിംകൾക്ക് മേൽ തീവ്രവാദ മുദ്ര ചാർത്താൻ ഇടയാക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ കഥ തന്നെയെടുക്കാം.

ഉസാമ ബിൻ ലാദന്റെ ആളുകളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു മുസ്‌ലിംവിരുദ്ധരുടെ പ്രചാരണം. ഏറെ താമസിയാതെ ജൂത ലോബിക്ക് സംഭവത്തിലുളള പങ്കിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്തു വന്നു. ഇസ്‌റാഈലിലെ ഒഡിഗോ കമ്പനി മേധാവികൾ വേൾഡ് ട്രേഡ് സെന്റർ ആക്രണ വിവരം, സംഭവം നടക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പേ അറിയുകയും തങ്ങളുടെ ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്ത കാര്യം അന്തർദേശീയ മാധ്യമങ്ങളാണ് റിപോർട്ട് ചെയ്തത്. അമേരിക്കയിലെ സുശക്തമായ ഇന്റലിജൻസ് ഏജൻസികൾക്ക് പോലും മണത്തറിയാൻ കഴിയാതിരുന്ന ഭീകരാക്രമണ പദ്ധതി ഇസ്‌റാഈൽ കമ്പനി എങ്ങനെ നേരത്തേ അറിഞ്ഞുവെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ആഗോള ഇസ്‌ലാമികവിരുദ്ധരുടെ ഇത്തരം തന്ത്രങ്ങളാണ് ഇന്ത്യയിൽ സംഘ്പരിവാർ പ്രഭൃതികൾ നടപ്പാക്കിവരുന്നത്.

---- facebook comment plugin here -----

Latest