Connect with us

തെളിയോളം

തർക്കിക്കുന്നതിലെ ശക്തി

ഞങ്ങൾ മാത്രമാണ് ശരി എന്ന് വാദിക്കുകയും എതിരാളികളെ അടിച്ചമർത്തി എന്ന് വീമ്പു പറയുകയും ചെയ്യുന്നതിനു പകരം മറുപക്ഷങ്ങളെക്കൂടി അംഗീകരിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുകയും ചെയ്യുന്ന സമീപനമാണ് ശരിയായ ശക്തി എന്ന തിരിച്ചറിവുണ്ടാവുകയാണ് വേണ്ടത്. വിയോജിക്കുന്നുവെങ്കിൽപ്പോലും എല്ലാ കാഴ്ചപ്പാടുകളും ശ്രദ്ധിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.

Published

|

Last Updated

മുന്നിൽ കിട്ടുന്നവരോടെല്ലാം വെറുതെ വാക്കു തർക്കമുണ്ടാക്കി അവരെ കുത്തി നോവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന അതിബലവാനായ ഒരാൾക്ക് പെട്ടെന്നൊരിക്കൽ മനംമാറ്റമുണ്ടായി. പിന്നീട് അയാളോട് എതിരിടാൻ വരുന്ന ദുർബലരായ ആളുകളോട് പോലും വളരെ സൗമ്യമായി പ്രതികരിക്കുന്ന അദ്ദേഹത്തോട് എങ്ങനെ ഇത് സാധിക്കുന്നു എന്ന് ചോദിച്ചതിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. “മുമ്പ് ആളുകളെ അടിച്ചമർത്തുന്പോഴെല്ലാം എന്നേക്കാൾ ബുദ്ധിമാനും ബലവാനുമായ ആരെങ്കിലും വന്നേക്കുമോ എന്ന ഉൾഭയം ഉണ്ടായിരുന്നു. ഇന്ന് മറ്റയാളെ കൂടി ഉൾക്കൊള്ളുമ്പോൾ ഞാൻ മുമ്പത്തെക്കാൾ ശക്തനായ പോലെ തോന്നുന്നു’.

തർക്കിച്ചും മറ്റുള്ളവരെ എതിർത്തും ജയിക്കുക, മറ്റുള്ളവരുടെ വാദങ്ങളെയും വീക്ഷണങ്ങളെയും അടിച്ചമർത്തി മേന്മ കാണിക്കുക ഇതൊക്കെ മനുഷ്യന്റെ ഡി എൻ എയിൽ ഉള്ളതാണ്. കൂടുതൽ ഉച്ചത്തിൽ സംസാരിച്ച്, ശരീരബലത്തിന്റെ ഗാംഭീര്യം പ്രകടിപ്പിച്ച്, പരിഹസിച്ചും ഇടിച്ചു താഴ്ത്തിയും മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ച് ശക്തി കാണിക്കുന്ന ആളുകൾക്ക് ഉള്ളിൽ എന്നും ആധിയും ശങ്കയും തന്നെയായിരിക്കും. ഈ രീതിയിലെല്ലാം ബലം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നവർ ശരിക്കും അവരുടെ ദൗർബല്യമാണ് വെളിപ്പെടുത്തുന്നത്.

തർക്കിക്കുകയും കലഹിക്കുകയും ചെയ്യുന്നത് മോശം കാര്യമല്ല. പക്ഷേ, അതിന്റെ ലക്ഷ്യം ജയവും ശക്തിപ്രകടനവും ആവരുതെന്നു മാത്രം. ഞങ്ങൾ മാത്രമാണ് ശരി എന്ന് വാദിക്കുകയും എതിരാളികളെ അടിച്ചമർത്തി എന്ന് വീമ്പു പറയുകയും ചെയ്യുന്നതിനു പകരം മറുപക്ഷങ്ങളെക്കൂടി അംഗീകരിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുകയും ചെയ്യുന്ന സമീപനമാണ് ശരിയായ ശക്തി എന്ന തിരിച്ചറിവുണ്ടാവുകയാണ് വേണ്ടത്. വിയോജിക്കുന്നുവെങ്കിൽപ്പോലും എല്ലാ കാഴ്ചപ്പാടുകളും ശ്രദ്ധിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.

എതിർവീക്ഷണങ്ങളും ആശയ വൈജാത്യങ്ങളും പരസ്പരം തുറന്ന് പറയുന്നതും അതിന്റെ പേരിൽ തർക്കിക്കുകയും വഴക്കിടുകയും ചെയ്യുന്നതും ഒരർഥത്തിൽ നല്ലതാണ്. അഭിപ്രായങ്ങൾ എല്ലാവരുടെയും ഒരുപോലെയാകുന്നതിൽ നിർമാണാത്മകമായി എന്താണുള്ളത്? ഒരു കൂട്ടം ആളുകൾ ഒരേ രീതിയിൽ ചിന്തിക്കുന്നതിലല്ല, ഏതു കാര്യത്തെയും വ്യത്യസ്ത തലങ്ങളിൽ നിന്ന് കാണുന്നതിലാണ് വളർച്ചയുള്ളത്.

ഒരു കൂട്ടം ആളുകളുടെ വ്യത്യസ്‌ത വീക്ഷണങ്ങൾ ഒരുമിച്ച് കൂട്ടിച്ചേർത്താൽ മാത്രമേ അതിലെ ഏറ്റവും മിടുക്കനായ അംഗത്തിന്റെ വീക്ഷണത്തേക്കാൾ മികവുള്ള വീക്ഷണം രൂപപ്പെടുത്താനാകൂ. വ്യത്യസ്ത വീക്ഷണങ്ങൾ പങ്കിടുന്നത് ക്രിയാത്മകമായി ചിന്തിക്കാൻ ആളുകളെ സഹായിക്കും. ആളുകൾക്ക് അവരുടെ പ്രവർത്തന വൈദഗ്ധ്യം മൂർച്ചപ്പെടുത്താനും അവരുടെ അനുഭവങ്ങൾ സൃഷ്ടിച്ച പരിധികൾക്ക് പുറത്ത് കടക്കാനും മറ്റുള്ളവരുടെ ആശയങ്ങളെ വെല്ലുവിളിച്ചും വികസിപ്പിച്ചും മുന്നേറാനും ഇതിലൂടെ സാധിക്കും.

സംഘടനകളിലും സ്ഥാപനങ്ങളിലും എല്ലാവർക്കും വിയോജിക്കാനും സംവദിക്കാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോഴാണ് വളർച്ചയുണ്ടാവുക. പ്രതികാരഭയമില്ലാതെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരം ഉള്ളിടത്ത് ആളുകൾ പ്രക്രിയ മെച്ചപ്പെടുത്തുകയും കാര്യങ്ങൾ ചെയ്യുന്നതിനുള്ള പുതിയ വഴികൾ നിർദേശിക്കുകയും അവിടങ്ങളിൽ നവീകരണവും സർഗാത്മകതയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.

നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും അപ്പടി തലയാട്ടി അംഗീകരിക്കുന്ന ഒരാൾ ഒന്നുകിൽ ഒരു വിഡ്ഢിയാണ് അല്ലെങ്കിൽ അയാൾ നിങ്ങളെ തോൽപ്പിക്കാൻ ഒരുങ്ങുകയാണ് എന്ന് ഓരോ മേലധികാരിയും മനസ്സിലാക്കണം. എതിർവാദങ്ങളും വിഭിന്ന അഭിപ്രായങ്ങളും പറയുന്നവരെയല്ല, ഇത്തരം മറുചിന്തകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരെയാണ് ഭയപ്പെടേണ്ടത്. ആരോഗ്യകരമായ ആശയ സംഘട്ടനങ്ങളിലൂടെ പ്രവർത്തിക്കാൻ പഠിക്കുമ്പോൾ സഹപ്രവർത്തകർക്കിടയിലെ ബന്ധം കൂടുതൽ ഊഷ്മളവും ശക്തവുമാകും.

പ്രണയ ജോഡികൾ വേർപിരിയുന്നതിന്റെയോ വിവാഹ മോചനം നടക്കുന്നതിന്റെയോ സുഹൃത്തുക്കൾ തമ്മിൽ അകലുന്നതിന്റെയോ കാരണങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, “ഒരുപാട് വഴക്കിടുക’, “അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക’ എന്നതിനേക്കാൾ “സംസാരിക്കാതിരിക്കുക’, “മറച്ചുവെക്കുക’ എന്നിവയായിരിക്കും നിങ്ങൾക്ക് കണ്ടെത്താനാവുക.

Latest