Connect with us

International

ഇസ്ലാമാബാദിലെ ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം; മരണം 69 ആയി

169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്.

Published

|

Last Updated

ഇസ്ലാമാബാദ്| പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ആരാധനാലയത്തിനുള്ളില്‍ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ മരണം 69 ആയി. 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലായ് ഇമാംബര്‍ഗയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടനത്തെത്തുടര്‍ന്ന്, ഇസ്ലാമാബാദ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന ഭയത്താല്‍ രക്ഷാപ്രവര്‍ത്തകരും നിയമപാലകരും സ്ഥലത്തെത്തി. പരുക്കേറ്റവരെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. ഇസ്ലാമാബാദില്‍ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. കഴിഞ്ഞ നവംബറില്‍ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ചാവേര്‍ ആക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സ്‌ഫോടനത്തില്‍ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. പാകിസ്താന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരിയും ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വപരമായ പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ മനോവീര്യം കെടുത്താന്‍ കഴിയില്ലെനും പാക് പാര്‍ലമെന്ററി കാര്യമന്ത്രി വ്യക്തമാക്കി.

 

Latest