Connect with us

Malappuram

കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കി എസ്എസ്എഫ്

ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. കോളജില്‍ നടന്നു

Published

|

Last Updated

മലപ്പുറം |  വിശുദ്ധ റമസാനില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി എസ്എസ്എഫിന്റെ ഇഫ്താര്‍ സംഗമങ്ങള്‍. ക്യാമ്പസ് സിന്‍ഡിക്കേറ്റിന് കീഴില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ വിവിധ കോളജ് ക്യാമ്പസുകളിലാണ് ഈ വര്‍ഷം ‘ഗ്രാന്‍ഡ് ഇഫ്താര്‍’ സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇഫ്താറിന്റെ ഭാഗമാകും. മലപ്പുറം ഗവണ്‍മെന്റ് കോളജ് ക്യാമ്പസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ശുഹൈബ് നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി നജ്മുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി, മുഹമ്മദ് രിസ്വാന്‍ കെ, മുഹമ്മദ് നിയാസ്, ആദില്‍, അസ്ഹറുദ്ദീന്‍, അഹമ്മദ് ബിഷ്ര്‍, ലുഖ്മാന്‍ സി, മുഹമ്മദ് ഫാഹിം പി കെ എന്നിവര്‍ സംസാരിച്ചു. അന്‍സഫ് നിയാസ് നന്ദിയും പറഞ്ഞു.

 

റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ സ്ഥിരമായി ഇഫ്താര്‍ നടക്കുന്ന ക്യാമ്പസുകളില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അത്താഴവും എസ് എസ് എഫ് ഒരുക്കുന്നുണ്ട്. നോമ്പുതുറയ്ക്ക് മുന്നോടിയായി ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിജ്ഞാന സദസ്സുകളും സംഘടിപ്പിച്ചു വരുന്നു. ജില്ലാ, സംസ്ഥാന ഭാരവാഹികളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളുമായി സഹകരിച്ചാണ് ക്യാമ്പസുകളില്‍ വിപുലമായ ഈ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.

അന്‍വാറുല്‍ ഇസ്ലാം കോളജ്, കുനിയില്‍ (അരീക്കോട്), മാര്‍ത്തോമ കോളജ്, ചുങ്കത്തറ (അരീക്കോട്), ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, വിളയില്‍ (എടവണ്ണപ്പാറ), മഅ്ദിന്‍ കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, മേല്‍മുറി (മലപ്പുറം), ഏറനാട് നോളജ് സിറ്റി ടെക്‌നിക്കല്‍ കാമ്പസ് (മഞ്ചേരി ഈസ്റ്റ്), ഗവ. മെഡിക്കല്‍ കോളജ് (മഞ്ചേരി വെസ്റ്റ്), എം ഇ എസ് മമ്പാട് കോളജ് (നിലമ്പൂര്‍), സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, വാഴയൂര്‍ (പുളിക്കല്‍), ഹൈസര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, തിരുവാലി (വണ്ടൂര്‍), അലിഗഢ് ഓഫ് കാമ്പസ് (പെരിന്തല്‍മണ്ണ), എം ഇ എസ് മെഡിക്കല്‍ കോളജ് (കൊളത്തൂര്‍), ഇ എം ഇ എ കോളജ് (കൊണ്ടോട്ടി) എന്നീ കാമ്പസുകളില്‍ ഡിവിഷന്‍ ഉദ്ഘാടനങ്ങള്‍ നടക്കും.

 

റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി റമളാന്‍ ദര്‍സ്, വൈ ബ്രാന്‍ഡ്, യൗമി, ചേമ്പര്‍ ക്യാമ്പ്, ക്വിസ്, ഇഅ്തികാഫ് ജല്‍സ, റിഫ്‌ലക്ഷന്‍ തുടങ്ങിയ ആത്മീയ സംഗമങ്ങളും ക്യാമ്പുകളും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും നിലവില്‍ നടന്നു വരുന്നുണ്ട്. ഇതിനു പുറമെ വിദ്യാര്‍ഥികള്‍ക്കായി ആത്മീയ യാത്രകളും സംഘടിപ്പിക്കും.

 

Latest