Connect with us

Kerala

മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ കണ്ടെത്തിയാല്‍ സ്‌പോട്ട് ഫൈനായി 5000 രൂപ;പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍

മാലിന്യശേഖരണത്തിനുള്ള യൂസര്‍ഫീ നല്‍കിതിരുന്നാല്‍ 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായി ഈടാക്കും.

Published

|

Last Updated

പത്തനംതിട്ട |  മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് 2023 പ്രാബല്യത്തില്‍ വന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പിഴ തുകകള്‍, പിഴ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങള്‍, യൂസര്‍ഫീ ശേഖരണം, സെക്രട്ടറിയുടെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഭേദഗതി ചെയ്തത്. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ കണ്ടെത്തിയാല്‍ സ്‌പോട്ട് ഫൈനായി 5000 രൂപ പിഴ ചുമത്തും. ഓര്‍ഡിനന്‍സ് പ്രകാരം തദ്ദേശസ്ഥാപനത്തിന്റെ മാലിന്യശേഖരണത്തിനുള്ള യൂസര്‍ഫീ നല്‍കിതിരുന്നാല്‍ 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായി ഈടാക്കും. അര്‍ഹതപ്പെട്ടവര്‍ക്കു യൂസര്‍ഫീയില്‍ ഇളവ് നല്‍കും. യൂസര്‍ ഫീ അടക്കാത്ത വ്യക്തികള്‍ക്ക് അടക്കുന്നതുവരെ തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ള മറ്റ് സേവനങ്ങളും നിരസിക്കാനുള്ള അധികാരമുണ്ട്.

നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ മൂന്ന് ദിവസം മുമ്പെങ്കിലും തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തും. ഓര്‍ഡിനന്‍സ് പ്രകാരമുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും പിഴ തുകയും സെക്രട്ടറി നിര്‍ദ്ദേശിച്ച പ്രകാരം മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കുയോ യൂസര്‍ഫീ നല്‍കാതിരിക്കുകയോ പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുയോ ചെയ്യുന്നതിന് 1000 രൂപ മുതല്‍ 10000 രൂപ വരെ. മലിനജലം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കി വിടുന്നതിന് 5000 രൂപ മുതല്‍ 50000 രൂപ വരെ.

90 ദിവസത്തിനുശേഷവും യൂസര്‍ഫീ നല്‍കാതിരിക്കുന്നതിന് പ്രതിമാസം 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായും ഈടാക്കും. കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപ. മാലിന്യങ്ങളും വിസര്‍ജ്ജ്യ വസ്തുക്കളും ജലാശയങ്ങളിലേക്കോ ജലസ്രോതസ്സുകളിലേക്കോ ഒഴുക്കി വിടുന്നതിന് 10000 രൂപ മുതല്‍ 50000 രൂപ വരെ. മാലിന്യം നിയമവിരുദ്ധമായി കൊണ്ടുപോകുന്നതിനുള്ള വാഹനം പിടിച്ചെടുത്താല്‍ വാഹനം കണ്ടുകെട്ടലും 5000 രൂപയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കും. ലംഘനങ്ങള്‍ക്ക് പിഴതുകകള്‍ക്കു പുറമേ ബന്ധപ്പെട്ട വകുപ്പ് പ്രകാരമുള്ള മറ്റ് നിയനടപടികളും ബാധകമാണ്. മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖമൂലം അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാരിതോഷികവും നല്‍കും

 

---- facebook comment plugin here -----

Latest