Connect with us

From the print

സമസ്ത സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്ട്

100 വർഷങ്ങൾക്കപ്പുറം 1926 ജൂൺ 26ന് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേദിയായ കോഴിക്കോട് ടൗൺഹാളിൽ തന്നെയാണ് നാളത്തെയും പ്രൗഢമായ ചടങ്ങ്.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുമെന്ന് സമസ്ത സെക്രട്ടറിമാരായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സമസ്ത സെന്റിനറി പ്രൊജക്ട് കൗൺസിൽ കൺവീനർ മജീദ് കക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100 വർഷങ്ങൾക്കപ്പുറം 1926 ജൂൺ 26ന് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേദിയായ കോഴിക്കോട് ടൗൺഹാളിൽ തന്നെയാണ് നാളത്തെയും പ്രൗഢമായ ചടങ്ങ്.

ഇസ്‌ലാമിന്റെ തനതായ ആദർശങ്ങളെയും ആചാരങ്ങളെയും മാറ്റം കൂടാതെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ലക്ഷക്കണക്കിന് വിദ്യാർഥികളെ വ്യവസ്ഥാപിതമായി മത-ഭൗതിക വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ചെയ്ത ചരിത്രപരമായ നിയോഗമാണ് സമസ്തയുടേത്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആധുനിക വിദ്യാഭ്യാസ മുന്നേറ്റവും സമന്വയിപ്പിച്ച്, മുസ്‍ലിം സമൂഹത്തെ സന്മാർഗത്തിലും സാംസ്‌കാരിക ഉന്നതിയിലും നയിക്കുന്നതിൽ ഈ പണ്ഡിതകൂട്ടായ്മ നിർണായക പങ്ക് വഹിക്കുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി.

കേരളത്തിലെ ഏറ്റവും വലിയ ജനകീയ സ്വാധീനമുള്ള മതസംഘടന എന്ന നിലയിൽ, സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ നട്ടെല്ലാണ് സമസ്ത. ബഹുസ്വര രാജ്യമായ ഇന്ത്യയിൽ സൗഹാർദവും സഹകരണവും നിലനിർത്തുന്നതിലും രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുന്നതിലും സംഘടന വലിയ പങ്കാണ് വഹിക്കുന്നത്.
സെന്റിനറി ആഘോഷങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം 2023 ഡിസംബർ 30ന് കാസർകോട് വെച്ച് നടന്നു. തുടർന്ന് സമസ്തയുടെ കീഴ്‍ഘടകങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കർമപദ്ധതികളാണ് നടന്നുവരുന്നത്. 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദിഹറമൈനിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ സെന്റിനറി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
നാളെ രാവിലെ പത്തിന് നടക്കുന്ന സ്ഥാപകദിന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുര്‍റഹ്‌മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷയാവതരണം നടത്തും.
സ്ഥാപകദിനത്തോടനുബന്ധിച്ച് മദ്‌റസകളിൽ സ്റ്റുഡന്റ്സ് അസംബ്ലി, തീം സോംഗ്, പ്രഭാഷണം, യൂനിറ്റുകളിൽ പതാക ഉയർത്തൽ, സന്ദേശ പ്രഭാഷണം, ലഘുലേഖ വിതരണം തുടങ്ങിയവ നടക്കും.

#Samastha #Kozhikode #SamasthaCentenary #SunniScholars #KeralaNews #MalabarNews #IslamicEducation

Content Highlights: The foundation day conference of Samastha Kerala Jamiyyathul Ulama will be held tomorrow at the historic Town Hall in Kozhikode. General Secretary Kanthapuram A P Aboobacker Musliyar will inaugurate the event under the presidency of E Sulaiman Musliyar. Leaders announced that the grand finale of the organization’s centenary celebrations will conclude at Malappuram Wadi Haramain in January 2027.

---- facebook comment plugin here -----

Latest