Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ നടന്‍ ജയറാം

കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ? നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണം.

Published

|

Last Updated

കൊച്ചി| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരായി. കടവന്ത്രയിലെ ഓഫീസിലാണ് ജയറാം ഹാജരായത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ് അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിലെ സത്യം പൂര്‍ണമായും പുറത്തുകൊണ്ടുവരണമെന്ന് ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ? നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണം. 50 വര്‍ഷമായി ഞാന്‍ ശബരിമലയില്‍ മുടങ്ങാതെ പോകുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വന്നപ്പോള്‍ ഒരു ഭക്തന്‍ എന്ന നിലയിലാണ് സൗകര്യം ഒരുക്കിയത്. അതിനപ്പുറം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു ബന്ധവുമില്ല. ശബരിമലയില്‍ മാത്രമല്ല മറ്റ് പല ക്ഷേത്രങ്ങളിലും അതിഥിയായി പോയിട്ടുണ്ട് ജയറാം വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. നേരത്തെ കേസില്‍ പ്രത്യേക അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

Latest