Connect with us

സ്മൃതി

കർമയോഗി

കൈവരിച്ചതെല്ലാം കാലത്തിന്റെ ചുവരെഴുത്തുകളിൽ കനകത്താൽ കുറിച്ചുവെക്കാൻ, ഒരാൾക്ക് ഈ ഭൂമിയിൽ എത്ര കാലം വേണ്ടി വരും..?! എത്ര തന്നെ അതിശയോക്തി കലർത്തി പറഞ്ഞാലും, തന്റെ പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ചുരുങ്ങിയ കാലം കൊണ്ട് അത് സാധ്യമാക്കിയ മനുഷ്യജന്മമാണ് ഈയിടെ കടന്നു പോയത്. കഠിനാധ്വാനിയായ, ദീർഘവീക്ഷണമേറിയ രമേശൻ പാലേരി എന്ന മനുഷ്യന്റെ ജീവിതം പറയുമ്പോൾ അത് ഊരാളുങ്കലിന്റെ ചരിത്രം കൂടിയാകുന്നുണ്ട്.

Published

|

Last Updated

താബ്‌ദി പിന്നിട്ട ഒരു പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുമ്പോൾ, മുപ്പത്തിയൊന്ന് വർഷത്തെ ചരിത്രം, അന്നോളം പിന്നിട്ട കാലത്തെയാകെ മറ്റൊന്നാക്കി തീർത്ത രമേശൻ പാലേരി എന്ന കർമയോഗിയാണ് ഈയിടെ വിട വാങ്ങിയത്. 1925ൽ പതിനല് ആളുകളുമായി തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കൈവരിച്ച നേട്ടങ്ങളെ കുറിച്ച് അറിയുമ്പോഴാണ് രമേശൻ പാലേരിയുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ആഴവും പരപ്പും നമുക്ക് അളക്കാവുന്നതിനും അപ്പുറമാണെന്ന് മനസ്സിലാവുക.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യു എൽ സി സി എസ്) സമീപകാല വളർച്ചയുടെ കഥ രമേശൻ പാലേരിയുടെ ജീവിതം കൂടിയാണ്. സൊസൈറ്റിയുടെ 70-ാം വർഷം പത്താമത്തെ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന് കേവലം 35 വയസ്സായിരുന്നു. ചെറിയ കരാർ ജോലികളുമായി മലബാറിൽ ഒതുങ്ങിനിന്ന സൊസൈറ്റി ഗുരുതരമായ പ്രതിസന്ധി നേരിട്ട കാലത്താണ് ഓവർസീയറായി ജോലി ചെയ്തുവന്ന രമേശൻ പാലേരിയെ അംഗങ്ങൾ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജനകീയാസൂത്രണ കാലത്ത് നിർമാണ പ്രവൃത്തികൾ സുഗമമായി ചെയ്യാൻ വൈദഗ്ധ്യം ഇല്ലാതെ വിഷമിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി ഊരാളുങ്കൽ സൊസൈറ്റി മാറി.

അസംഘടിത മനുഷ്യർക്ക് തൊഴിലും ജീവിതവും നൽകാൻ ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യർ 1925ൽ രൂപം നൽകിയ സംഘം ഇന്ന് നാടിനാകെ തൊഴിൽ നൽകുന്ന പ്രസ്ഥാനമായി മാറി. സൊസൈറ്റിയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി തൊഴിലാളികളും എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും മാനേജ്മെന്റ് വിദഗ്ധരും ഓഫീസ് ജീവനക്കാരുമായി 18,000 പേർക്ക് നേരിട്ടും ആയിരങ്ങൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. ഉപസ്ഥാപനമായ യു എൽ സൈബർ പാർക്കിൽ ജോലിയെടുക്കുന്ന രണ്ടായിരത്തിലേറെ ഐ ടി പ്രൊഫഷണലുകൾ വേറെയുമുണ്ട്. സംസ്ഥാനത്ത് സർക്കാർ കഴിഞ്ഞാൽ മൂന്നാമത്തെ വലിയ തൊഴിൽദാതാവാണ് സൊസൈറ്റി.

തൊഴിലാളികളുടെ ഉടമസ്ഥതയിലും സഹകരണ മേഖലയിലുമുള്ള ലോകത്തെ ആദ്യത്തെ ഐ ടി പാർക്കായ യു എൽ സൈബർ പാർക്ക് മലബാറിലെ ആദ്യ ഐ ടി സെസ് ആയി കോഴിക്കോട്ട് ഉയർന്നു. സ്വന്തം ഐ ടി സ്ഥാപനമായ യു എൽ ടെക്നോളജി സൊല്യൂഷൻസും ആരംഭിച്ചു. യു എൽ ഹൗസിംഗ് എന്ന ഉപസ്ഥാപനത്തിലൂടെ പാർപ്പിട നിർമാണ രംഗത്തും സൊസൈറ്റി സ്ഥാനമുറപ്പിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ഗുണനിലവാര പരിശോധനാ ലാബായ മാറ്റർ ലാബ് അടുത്തിടെയാണ് സൊസൈറ്റി തുറന്നത്. നൈപുണ്യ പരിശീലനത്തിനായി സ്കിൽ അക്കാദമിക്ക് രൂപം നൽകിയ സൊസൈറ്റി ഈ രംഗത്ത് സർവകലാശാല ആരംഭിക്കാനുള്ള ആലോചനയിലാണ്.

കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്്ഷൻ, തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കോഴിക്കോട് ഇരിങ്ങലിലെ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നീ സർക്കാർ സ്ഥാപനങ്ങൾ നിർമിച്ചു നടത്തുന്നതും സൊസൈറ്റിയാണ്. ഈ ഉപസ്ഥാപനങ്ങളുടെയെല്ലാം ചെയർമാൻ കൂടിയായിരുന്നു രമേശൻ പാലേരി.

യു എൽ സി സി എസ് ഫൗണ്ടേഷൻ വഴി ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ചവർക്കുമായി വികസിപ്പിച്ച പരിശീലന പരിപാടി രാജ്യത്തിനാകെ മാതൃകയാണ്. യു എൽ സ്പേസ് ക്ലബ് അടക്കം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. വയോജന പരിപാലന കേന്ദ്രങ്ങളായ മടിത്തട്ട്, ഭിന്നശേഷിക്കാർക്കായുള്ള യു എൽ കെയർ, നായനാർ സദനം എന്നിവയും സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുന്നു.

നാഷനൽ അഡ്വൈസറി കൗൺസിൽ ഓൺ ലേബർ കോ-ഓപ്പറേറ്റീവ് അംഗം, നാഷനൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ്സ് ഫെഡറേഷൻ ഡയറക്ടർ തുടങ്ങി ദേശീയ സംസ്ഥാന തലങ്ങളിൽ ഒട്ടേറെ പദവികൾ രമേശൻ പാലേരി വഹിച്ചിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും പിന്നീട് ചെയർമാനുമായിരുന്ന പാലേരി ചന്തമ്മന്റെ ചെറുമകനും സൊസൈറ്റിയെ നയിച്ച പത്ത് പ്രസിഡന്റുമാരിൽ പ്രധാനിയായ പാലേരി കണാരൻ മാസ്റ്ററുടെ മകനുമാണ് നാട്ടുകാരുടെയും ഊരാളുങ്കലിന്റയും പ്രിയപ്പെട്ട രമേശേട്ടൻ.

യു എൽ സി സി എസ് എന്ന പേരിൽ പുറംലോകം അറിയുന്ന ഊരാളുങ്കൽ സൊസൈറ്റിയെ യു എൻ ഡി പി 2013ൽ മാതൃകാ സഹകരണ സംഘമായി തിരഞ്ഞെടുത്തു. ഇന്റർനാഷനൽ കോ-ഓപ്പറേറ്റീവ് അലയൻസ് 2019ൽ ആദ്യമായും അവസാനമായും ഒരു പ്രാഥമിക സഹകരണ സംഘത്തിന് അംഗത്വം നൽകി ആദരിച്ചതും ഊരാളുങ്കൽ സൊസൈറ്റിയെയാണ്. എട്ട് ലക്ഷം സഹകരണ സംഘങ്ങളുള്ള രാജ്യത്തെ സഹകരണ നവരത്നങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതും മികച്ച സഹകരണ സംഘത്തിനുള്ള പുരസ്കാരം പലതവണ ലഭിച്ചതും ചരിത്രമാണ്.

തന്റെ അറുപത്തിയാറാം വയസ്സിൽ ഈ ലോകത്തോട് വിട പറയുമ്പോൾ, കേവലം മുപ്പത്തിയൊന്ന് വർഷം കൊണ്ട് ഒരു പ്രസ്ഥാനത്തിന് ഒത്തിരി പുരുഷായുസ്സ് കൊണ്ട് മാത്രം നേടിയെടുക്കാവുന്ന നേട്ടങ്ങൾ പലത് സ്വന്തമാക്കി കൊടുത്തിരിക്കുന്നു എന്ന കാലാതീതമായ ഒരു ചരിത്രം വായിക്കുന്പോഴാണ്, ആ മനുഷ്യൻ എത്രമാത്രം തന്റെ പ്രസ്ഥാനത്തിനായി ആത്മാർപ്പണം നടത്തിയിട്ടുണ്ടാകും എന്ന് നമുക്ക് മനസ്സിലാവുക. അത്രമേൽ സാർഥകമായ ഒരു ജന്മമാണ്, കാലയവനികക്കപ്പുറത്തേക്ക് കടന്നു പോകുന്നത്.

Content Highlights:
ULCCS President Rameshan Paleri passed away at 66, leaving behind a remarkable legacy. Over 31 years of leadership, he transformed ULCCS into a major cooperative and infrastructure giant. Under his vision, the society created thousands of jobs and built South India’s premier IT and tech facilities.

 

---- facebook comment plugin here -----

Latest