Kerala
രാജ്ഭവനെ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന ഇടമായി മാറ്റാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
ഔദ്യോഗിക പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

തിരുവനന്തരപുരം | രാജ്ഭവനില്‍ ആര്‍ എസ് എസിന്റെ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനെ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ അനുവദിക്കില്ല. ഇത്തരം പ്രവണതകള്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ പരിപാടിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പൊതു ബിംബങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ ചടങ്ങില്‍ ആര്‍ എസ് എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതില്‍ സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്. ഔദ്യോഗിക പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പൊതു പരിപാടികളില്‍ അത്തരം ചിത്രങ്ങള്‍ വെക്കില്ല എന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നു. ഗോള്‍വാള്‍ക്കറിന്റെയും ഹെഡ്ഗേവാറിന്റെയും മറ്റും ചിത്രങ്ങള്‍ സ്ഥാപിച്ച് രാജ്ഭവനെ ആര്‍ എസ് എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റാനാണ് ശ്രമം. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.