Connect with us

bharat jodo yathra

പുന്നമടക്കായലില്‍ ചുണ്ടന്‍ വള്ളം തുഴഞ്ഞ് രാഹുല്‍ ഗാന്ധി

നടുവിലെപ്പറമ്പന്‍ ചുണ്ടനിലാണ് രാഹുല്‍ തുഴയാന്‍ കയറിയത്.

Published

|

Last Updated

ആലപ്പുഴ | ഭാരത് ജോഡോ പദയാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഘവും കായല്‍സൗന്ദര്യം നുകര്‍ന്നു ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തി. രാവിലെ 10.30യോടെയാണ് അദ്ദേഹം പുന്നമടയിലെത്തിയത്. രാഹുലിനൊപ്പം വടക്കെ ഇന്ത്യയില്‍ നിന്നുള്ള 250 സ്ഥിരം ജാഥാംഗങ്ങളും ഉണ്ടായിരുന്നു. പിന്നീട് അഞ്ച് ഹൗസ്സ് ബോട്ടുകളിലായി അഞ്ച് മണിക്കൂര്‍ കായല്‍ സവാരി. കരിമീനും കൊഞ്ചും അടക്കമുള്ള കുട്ടനാടന്‍ വിഭവങ്ങളും കഴിച്ചും കായല്‍ സൗന്ദര്യം ആസ്വദിച്ചും സംഘം യാത്ര അടിപൊളിയാക്കി. വൈകിട്ട് 3.30ന് മടങ്ങി എത്തിയപ്പോള്‍ രാഹുലിനും സംഘത്തിനുമായി പുന്നമടയില്‍ പ്രദര്‍ശന വള്ളംകളിയുമൊരുക്കി. പ്രദര്‍ശന മത്സരത്തിനായി മൂന്ന് ചുണ്ടന്‍ വളളങ്ങളാണ് ഒരുക്കിയിരുന്നത്. ചുണ്ടന്‍ കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തച്ചൻ ജവഹർലാൽ നെഹ്റുവിന് തോന്നിയ അതേ വികാരം. പിന്നെ ഒന്നും ചിന്തിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ നോക്കാതെ തുഴച്ചില്‍കാര്‍കൊപ്പം രാഹുലും കൂടി.

പിന്നെ ഒരാവേശമായിരുന്നു. ഫിനിഷിംഗ് പോയിന്റ് വരെ ഒറ്റ തുഴച്ചില്‍. എസ് പി ജിക്കാര്‍ ചിന്തിക്കുന്നതിന് മുന്‍പ് തന്നെ രാഹുല്‍ ചുണ്ടനില്‍ തുഴച്ചില്‍കാരനായി മാറി. കരുവാറ്റ സി ബി എല്‍ മത്സരത്തില്‍ ജേതാവായ എന്‍ സി ബി സി ബോട്ട് ക്ലബിനൊപ്പം നടുവിലെപ്പറമ്പന്‍ ചുണ്ടനിലാണ് രാഹുല്‍ തുഴയാന്‍ കയറിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വള്ളത്തില്‍ തുച്ചില്‍ക്കാരനായി കയറി. വെള്ളംകുളങ്ങരയും ആനാരി ചുണ്ടനും വള്ളംകളിയില്‍ പങ്കെടുത്തു. കെ കെ ഷാജു, തോമസ് ജോസഫ്, അഡ്വ. റീഗോ രാജു, ആര്‍ കെ കുറുപ്പ്, എസ് ഗോപാലകൃഷ്ണന്‍, സുനില്‍ ജോസഫ് വഞ്ചിക്കല്‍, സജി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രദര്‍ശന മത്സരത്തിന് ശേഷം വിജയികളായ സുനില്‍ വഞ്ചിക്കല്‍ അടക്കമുള്ള ക്യാപ്റ്റന്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി ട്രോഫികളും വിതരണം ചെയ്തു. ഒടുവില്‍ ആര്‍പ്പുവിളികളോടെയാണ് നെഹ്റുവിന്റ പിന്‍മുറക്കാരനെ കുട്ടനാട്ടുകാര്‍ യാത്രയാക്കിയത്. 1952ല്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ജലമാര്‍ഗമെത്തിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചുണ്ടന്‍ വള്ളംകളിയുടെ അകമ്പടിയോടെയാണ് വരവേറ്റത്. അന്ന് നടുഭാഗം ചുണ്ടന്‍ വള്ളത്തില്‍ നെഹ്‌റു ചാടിക്കയറിയിരുന്നു. വള്ളംകളിയില്‍ വിജയികളായവര്‍ക്ക് സമ്മാനിക്കാനായി നെഹ്‌റു ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കൈയൊപ്പോടുകൂടിയ വെള്ളിക്കപ്പ് അയച്ചുകൊടുത്തു. പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്ന പേരിലുള്ള ട്രോഫി പിന്നീട് നെഹ്‌റു ട്രോഫിയായി മാറുകയായിരുന്നു.

Latest