Connect with us

National

വീണ്ടും ചോദ്യപേപ്പർ ചോർച്ച; ഗുജറാത്തിൽ ജൂനിയര്‍ ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി

ഗ്രാമങ്ങളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയത്.

Published

|

Last Updated

വഡോദര | ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് വഡോദരയിൽ ഇന്ന് നടത്താനിരുന്ന ജൂനിയര്‍ ക്ലാര്‍ക്ക് റിക്രൂട്ട്മെന്റിനായുള്ള മത്സര പരീക്ഷ ഗുജറാത്ത് സര്‍ക്കാര്‍ റദ്ദാക്കി. സംസ്ഥാനത്ത് 2,995 കേന്ദ്രങ്ങളിലായി 1,181 തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷയ്ക്ക് 9.5 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് മൂന്നാം തവണയാണ് ജൂനിയര്‍ ക്ലാര്‍ക്കുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷ മാറ്റിവെക്കുന്നത്.

ചോദ്യപേപ്പറിന്റെ പകര്‍പ്പ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഗ്രാമങ്ങളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയത്. പുതിയ തീയതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പാര്‍ട്ടുകളുണ്ട്.

അതേസമയം, ഗുജറാത്തിലെ മിക്കവാറും എല്ലാ ചോദ്യപേപ്പറുകളും ചോരുന്നുമെന്നും ഇത് മൂലം യുവാക്കളുടെ ഭാവി നശിക്കുമെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാന റിക്രൂട്ട്മെന്റുകളില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ 15-ാമത്തെ സംഭവമാണിത്.

Latest