തെളിയോളം
അന്നത്തെ ഞാൻ ഇപ്പോഴത്തെ എന്നെ കണ്ടാൽ എന്ത് പറയും?
ഗൃഹാതുരത്വം അതുകൊണ്ടുതന്നെ നമ്മെ സുഖപ്പെടുത്തുന്ന ഒരു ഔഷധമാണ്. അത് നമ്മെ ഭൂതകാലത്തിലേക്ക് വലിച്ചിഴയ്ക്കുകയല്ല; നമ്മളിൽ നഷ്ടപ്പെട്ടുപോയ നമ്മെ വീണ്ടും കണ്ടെത്താൻ സഹായിക്കുകയാണ്. ഓരോ അർഥവത്തായ ഓർമയും നമ്മുടെ യഥാർഥ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു മറഞ്ഞ സന്ദേശം ഉൾക്കൊള്ളുന്നുണ്ട്.
നിങ്ങളുടെ പഴയ വീട്ടിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കെ പെട്ടെന്നൊരു നിമിഷം പഴയ ഒരു ഫോട്ടോ ആൽബം കിട്ടി, അത് തുറന്നുവെച്ച് ഒരു മണിക്കൂർ നേരം തറയിലിരുന്ന് ഓർമകളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? ആ ഫോട്ടോകളിൽ കാണുന്ന കാടുകയറിയ മുടി ഒരു രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ഉപ്പ വെട്ടിക്കളഞ്ഞത്, പുഴയിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി ചാടി കണ്ണ് കലങ്ങിയത്, കൂട്ടുകാർക്കൊപ്പം കുന്നിൻമുകളിലെ പാറക്കെട്ടിൽ ഇരുന്ന് ലോകം കീഴടക്കുന്ന സ്വപ്നങ്ങൾ നെയ്തത്… അങ്ങനെ എത്രയോ കാഴ്ചകൾ ആ ഒരു മണിക്കൂറിൽ മനസ്സിലൂടെ മിന്നിമറഞ്ഞിട്ടുണ്ടാകും. അറിയാതെ നിങ്ങളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിട്ടുമുണ്ടാകും. പക്ഷേ, ആ ചിരിക്ക് പിന്നിൽ ഒരു ചെറിയ ചോദ്യവും ഉയർന്നിട്ടുണ്ടാകും: “അന്നത്തെ ഞാൻ… ഇന്നത്തെ ഞാൻ… എത്ര മാറിപ്പോയിരിക്കുന്നു!’ അതാണ് ഗൃഹാതുരത്വത്തിന്റെ ശാന്തമായ ശക്തി.
അത് “പഴയ നല്ല നാളുകൾ’ ഓർക്കാനുള്ള ഒരു വികാരം മാത്രമല്ല; ഇന്ന് നമ്മൾ എവിടെയെത്തി നിൽക്കുന്നു എന്ന് സ്വയം കണക്കെടുപ്പിക്കുന്ന ഒരു നിമിഷം കൂടിയാണ്. കുട്ടികളായിരിക്കുമ്പോൾ നമ്മൾ സന്തോഷത്തെ അളന്നത് എത്ര വ്യത്യസ്തമായ രീതിയിലായിരുന്നു! ബസിൽ വിൻഡോ സീറ്റ് കിട്ടുന്നത് വലിയൊരു ഭാഗ്യമായിരുന്നു. പാഠപുസ്തകത്തിനുള്ളിൽ നിന്ന് എന്നോ മറന്നുവെച്ച ഒരു രൂപയുടെ നോട്ട് കിട്ടിയാൽ നിധി കിട്ടിയ സന്തോഷമായിരുന്നു. വേനലവധിക്കാലം ഒരിക്കലും തീരാത്തതുപോലെ തോന്നിയിരുന്നു.
അപ്പോയിന്റ്മെന്റുകളൊന്നും വേണ്ടാത്ത സൗഹൃദങ്ങളും ബാറ്ററിയുടെ ശതമാനത്തെയോ ഇന്റർനെറ്റ് വേഗതയെയോ ആശ്രയിക്കാത്ത മനസ്സമാധാനവുമായിരുന്നു അന്നത്തെ സമ്പത്ത്. പക്ഷേ, ജീവിതം തിരക്കിലായപ്പോൾ, സമ്പാദിക്കാൻ പഠിച്ചപ്പോൾ, എവിടെയോ വെച്ച്, ജീവിതം ആസ്വദിക്കാൻ നമുക്ക് അറിയാമായിരുന്നു എന്ന കാര്യം നമ്മൾ മറന്നുപോയി. ഇന്ന് നമ്മുടെ ഫോണുകൾ ആയിരക്കണക്കിന് കോൺടാക്ടുകളും എണ്ണമറ്റ പാസ്‌വേഡുകളും എല്ലാ ജന്മദിനങ്ങളും ഓർത്തുവെക്കുന്നു. എന്നിട്ടും ഒരിക്കൽ നമ്മെ ആവേശത്തോടെ ഉണർത്തിയ സ്വപ്നങ്ങളെ ഓർത്തെടുക്കാൻ പലപ്പോഴും നമ്മൾ പാടുപെടുന്നു.
ഗൃഹാതുരത്വം അതുകൊണ്ടുതന്നെ നമ്മെ സുഖപ്പെടുത്തുന്ന ഒരു ഔഷധമാണ്. അത് നമ്മെ ഭൂതകാലത്തിലേക്ക് വലിച്ചിഴയ്ക്കുകയല്ല; നമ്മളിൽ നഷ്ടപ്പെട്ടുപോയ നമ്മെ വീണ്ടും കണ്ടെത്താൻ സഹായിക്കുകയാണ്. ഓരോ അർഥവത്തായ ഓർമയും നമ്മുടെ യഥാർഥ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു മറഞ്ഞ സന്ദേശം ഉൾക്കൊള്ളുന്നുണ്ട്. മണിക്കൂറുകളോളം നോട്ട്ബുക്കിൽ ചിത്രങ്ങൾ വരച്ചിരുന്ന ആ കൂട്ടുകാരൻ വെറുതെ വരകൾ കോറിയിടുകയായിരുന്നില്ല; തന്റെ ഉള്ളിലെ സർഗാത്മകതക്ക് രൂപം നൽകുകയായിരുന്നു. ധരിക്കാൻ നല്ല വസ്ത്രമില്ലാതിരുന്ന സുഹൃത്തിന് സ്വന്തം ട്രൗസറും ഷർട്ടും നൽകിയ അയൽവാസിയായ ജ്യേഷ്ഠൻ വെറും സഹായം ചെയ്തതല്ല; തന്റെ മനുഷ്യത്വത്തിന് ജീവൻ നൽകുകയായിരുന്നു.
ഓരോ സൂചിപ്പന്ത് മത്സരത്തിനും കൂട്ടുകാരെ വിളിച്ചുകൂട്ടിയിരുന്ന തല തെറിച്ച ഒരുത്തൻ, വെറുതെ സമയം കളയുകയായിരുന്നില്ല; ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധങ്ങൾ കെട്ടിപ്പടുക്കുകയായിരുന്നു. അത്തരം നിമിഷങ്ങളാണ് നമ്മെ യഥാർഥത്തിൽ ജീവനുള്ളവരായി അനുഭവിപ്പിച്ചിരുന്നത്. എന്നാൽ ഉത്തരവാദിത്വങ്ങൾ വർധിച്ചപ്പോൾ, ആ ഗുണങ്ങളിൽ പലതും നിശ്ശബ്ദമായി നമ്മിൽ നിന്ന് അകന്നുപോയി. ജിജ്ഞാസക്ക് പകരം തിരക്കും, വിസ്മയത്തിന് പകരം വേവലാതിയും, നീണ്ട സംഭാഷണങ്ങൾക്ക് പകരം നോട്ടിഫിക്കേഷനുകളും വന്നു. പിന്നീടൊരിക്കൽ ഒരു പഴയ പാട്ടോ, പരിചിതമായ ഒരു മണമോ, അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ചയോ നമ്മളെ വീണ്ടും ആ പഴയ മനുഷ്യനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത് – നമ്മൾ ഓർക്കുന്നത് പഴയ സ്ഥലങ്ങളെയോ ആളുകളെയോ മാത്രമല്ല; ഒരിക്കൽ നാം ആരായിരുന്നു എന്നതുകൂടിയാണ്. അതുകൊണ്ടുതന്നെയാകാം കുട്ടിക്കാലത്തെ ഓർമകൾ ഇന്നും മനസ്സിനെ ഇത്രയേറെ കുളിർപ്പിക്കുന്നത്.
ഒരു കാര്യം ഉറപ്പാണ്. ഈ നൊസ്റ്റാൾജിയ എന്നത് ഇന്നലെകളിൽ ജീവിക്കാനുള്ള ഓർമയുടെ ക്ഷണമല്ല; ഇന്നലകളിൽ നിന്ന് പഠിച്ച ജ്ഞാനം ഇന്നിലേക്ക് കൊണ്ടുവരാനുള്ള ഉണർത്തലാണ്. ഗൃഹപാഠങ്ങളോ സർപ്രൈസ് പരീക്ഷകളോ വാർഷികാഘോഷത്തിലെ വിചിത്ര വേഷങ്ങളോ തിരികെ വേണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, അന്നുണ്ടായിരുന്ന നിഷ്കളങ്കതയും ജിജ്ഞാസയും ധൈര്യവും ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനുള്ള കഴിവും നമുക്ക് തിരികെ കിട്ടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വളരുക എന്നത് നമ്മിൽ നിന്ന് അകന്നുപോകുക എന്നല്ല എന്ന് ഗൃഹാതുരത്വം നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ ഉള്ളിലെ ആ പഴയ കുട്ടിക്ക് ബില്ലുകൾ അടയ്ക്കാനോ മീറ്റിംഗുകൾ നയിക്കാനോ തിങ്കളാഴ്ച പ്രഭാതത്തിൽ ഉണ്ടാകുന്ന തലപ്പെരുപ്പ് നേരിടാനോ അറിയില്ലായിരിക്കാം. പക്ഷേ, ഒരു സൂര്യാസ്തമയം കണ്ട് അത്ഭുതപ്പെടാനും, കാരണമൊന്നുമില്ലാതെ പൊട്ടിച്ചിരിക്കാനും, പെട്ടെന്ന് ക്ഷമിക്കാനും, അതിരുകളില്ലാതെ സ്വപ്നം കാണാനും ആ കുട്ടിക്ക് ഇന്നും അറിയാം. ഒരുപക്ഷേ യഥാർഥ പക്വത എന്നത് തികച്ചും പുതിയൊരു മനുഷ്യനാകുന്നതിലല്ല; നമ്മൾ എന്നും ആയിരുന്ന മനുഷ്യന്റെ കൂടുതൽ പക്വവും വിവേകപൂർണവുമായ പതിപ്പായി മാറുന്നതിലാണ്.
ലോകം നമ്മോട് കൂടുതൽ വിജയിക്കാനും കൂടുതൽ സമ്പാദിക്കാനും കൂടുതൽ തിളങ്ങാൻ പറയുമ്പോൾ, ഗൃഹാതുരത്വം നിശ്ശബ്ദമായി ഒരു ചോദ്യം മാത്രം ചോദിക്കുന്നു: “ഇതെല്ലാം ആകുന്ന തിരക്കിനിടയിൽ, നിങ്ങൾ നിങ്ങളായിത്തന്നെ ഇപ്പോഴും ബാക്കിയുണ്ടോ?’ ആ ചോദ്യം നമ്മളെ ഇടയ്ക്കൊന്ന് നിശ്ശബ്ദരാക്കുന്നുവെങ്കിൽ, അമ്പത് രൂപയുടെ കൂപ്പണിന് വേണ്ടി അരമണിക്കൂർ കസ്റ്റമർ കെയറുമായി തർക്കിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഇന്നത്തെ ജീവിതത്തെക്കാൾ, ഒരിക്കൽ കാരണമില്ലാതെ ചിരിച്ചിരുന്ന ആ പഴയ കുട്ടിയെ ഒന്നു കണ്ടുമുട്ടാൻ, ഇടയ്ക്കെങ്കിലും ആ നൊസ്റ്റാൾജിയയിലേക്ക് വഴുതിവീഴുന്നത് നല്ലതാണ്.
Content Highlights:
Nostalgia is not just about longing for the good old days but serves as a healing tool to rediscover our true selves. Revisiting childhood memories helps evaluate our personal growth and the simple joys we lost to modern stress. True maturity lies in blending today’s wisdom with yesterday’s innocence.

