Connect with us

Socialist

പൊളിറ്റിക്കല്‍ ഇസ്ലാം മസിലു കൊണ്ടാണ് ചിന്തിക്കുക

Published

|

Last Updated

ആകെക്കൂടി നമ്മളനുഭവിച്ച പ്രശ്‌നം ഈ ഫോട്ടോ കിട്ടാത്തതായിരുന്നുവെന്നാണ്
ചിലരുടെ അത്യുത്സാഹം കാണുമ്പോള്‍ തോന്നിപ്പോവുന്നത്.
സായിപ്പ് നശിപ്പിക്കാന്‍ ശ്രമിച്ച ഒന്ന് കണ്ടെത്തുക എന്നതിനെ ചെറുതായി കാണുന്നില്ല.
എന്നു കരുതി ആ ചിത്രം ലഭിച്ചില്ലായിരുന്നുവെങ്കില്‍ വാരിയന്‍ കുന്നന് എന്തു സംഭവിക്കുമായിരുന്നു ? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല എന്നു കൂടിയാണ് ഉത്സാഹക്കമ്മറ്റിക്കാരറിയേണ്ടത്.
ആ ചിത്രം വാരിയന്‍ കുന്നന്റെതല്ലെന്നു നാളെ തെളിയിക്കപ്പെട്ടാല്‍ വാരിയന്‍ കുന്നനെന്ന ഒരാള്‍ ജീവിച്ചിരുന്നില്ല എന്നു തന്നെ വന്നേക്കുമോ എന്നു തോന്നുമാറ് ഭീതിയോടെ ഉറഞ്ഞു തുള്ളുന്ന ചില അല്പന്‍മാരുടെ അത്യുത്സാഹം കാണുമ്പോള്‍ ഇവരെയോര്‍ത്ത് സഹതാപം തോന്നുന്നു.

ഒരു ജീവനില്ലാത്ത ചിത്രം ഇത്രയ്ക്കും വീര്യം പതപ്പിക്കുമെന്ന് വളരെ വൈകിയെങ്കിലും തിരിച്ചറിയുന്നുണ്ടല്ലോ?
എങ്കില്‍ ഇസ്ലാമിക ചരിത്രത്തില്‍ ജ്വലിച്ചു നിന്ന എത്രയെങ്കിലും മഹാത്മാക്കളുടെ
വിശ്രമ കേന്ദ്രങ്ങളും അവരുപയോഗിച്ച
ഉരുപ്പടികളും അത്ര തന്നെ ഊര്‍ജം പ്രവഹിപ്പിക്കാതിരിക്കില്ല.

ആത്മീയ ഇസ്ലാം തിരുദൂതരുടെ, സ്വഹാബിമാരുടെ, മഹാന്‍മാരുടെ ഓര്‍മകളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുമ്പോള്‍, അവരുടെ നടവഴികളും വിശ്രമസ്ഥലികളും കണ്ടെത്തി ആത്മീയമായി ശക്തിസ്വരൂപിക്കുമ്പോള്‍ അതിനെ നിശിതമായി വിമര്‍ശിക്കുകയും അതില്‍ വിഗ്രഹപൂജയും ശിര്‍ക്കും ആരോപിക്കുകയും ആവുന്നത്ര അതെല്ലാം നശിപ്പിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തവര്‍, ഇപ്പോള്‍ ചിത്രം വരച്ചുണ്ടാക്കാനും ചരിത്രത്തിലേക്ക് മുങ്ങാംകുഴിയിട്ട് അവ തപ്പിയെടുക്കാനും പാടുപെടുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?
രാഷ്ട്രീയ ഇസ്ലാമിന് തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിന് വീര്യമുണ്ടാക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് ചരിത്രസ്മാരകങ്ങളും ഓര്‍മകളും പ്രധാനമാവുന്നത്.
ശ്രീരാമന്‍ സംഘപരിവാറിനെന്ന പോലെയാണ് ഉമര്‍ ഖാളിയും മമ്പുറം തങ്ങളുമെല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമിന്.

മമ്പുറം തങ്ങളുടെയും ഉമര്‍ ഖാളിയുടെയും മസില്‍ വലിപ്പമളക്കുകയായിരിക്കും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഗവേഷണപ്പുരകള്‍ ഇപ്പോള്‍. ഒരു ചിത്രത്തിലെങ്കിലും അതു പ്രത്യക്ഷപ്പെടാതിരുന്നാല്‍ എന്നേ നമുക്ക് പ്രാര്‍ഥിക്കാനാവൂ.


 

www.facebook.com/majeed.ariyallur

Latest