Kerala
ഭരണഘടന അട്ടിമറിക്കാനുള്ള നീക്കം ചെറുക്കാന്‍ ജനങ്ങളൊന്നിക്കണം: കേരള മുസ്ലിം ജമാഅത്ത്
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനലക്ഷങ്ങളു വികാരമാണ് ഇന്ത്യന്‍ ഭരണഘടന

മലപ്പുറം | വൈവിധ്യത്താല്‍ സമ്പന്നമായ രാജ്യത്തിന്റെ പൈതൃകത്തെ സംരക്ഷിക്കുന്ന ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ ചെറുക്കാന്‍ രാജ്യത്തെ ജനങ്ങളൊരുമിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെന്‍ട്രല്‍ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ സോഷ്യലിസം, മതനിരപേക്ഷത എന്നീ അടിസ്ഥാന മൂല്യങ്ങളോടുള്ള വിദ്വേഷം ആര് എസ് എസ് പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. അടിയന്തരാവസ്ഥയുടെ മറവില്‍ ഭരണഘടനാ ധ്വംസനം നടത്താനുള്ള ഹീന ശ്രമമാണ് ദത്താത്രേയ ഹൊസബലെയുടെ പ്രസ്താവനയിലൂടെ പുറത്ത് ചാടുന്നതെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു. വാദീ സലാം ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കാബിനറ്റ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഉപരാഷ്ട്രപതിയും ഇപ്പോള്‍ കേന്ദ്ര മന്ത്രിമാരും ഭരണഘടനക്കെതിരെ രംഗത്തുവന്നത് യാദ്യശ്ചികമല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനലക്ഷങ്ങളു വികാരമാണ് ഇന്ത്യന്‍ ഭരണഘടന. ഈ കരുത്താണ് രാജ്യത്തിന്റെ ശക്തി. ഇത് നില നില്ക്കുവോളം കാലം സംഘപരിവാര്‍ ശക്തികള്‍ക്ക് ഹിന്ദുത്വ രാഷ്ട്രമെന്ന അജണ്ട നടപ്പിലാക്കാന്‍ കഴിയില്ലെന്നതിനാലാണ് ഭരണഘടനയെ തന്നെയും ഇപ്പോള്‍ ആമുഖത്തിനെതിരിലും ഉറഞ്ഞു തുള്ളുന്നത്. ഇക്കാര്യങ്ങള്‍ ഗൗരവത്തിലുള്ക്കൊണ്ട് മതനിരപേക്ഷത നിലനിര്‍ത്താന്‍ ജനങ്ങളെ ഒരുമിപ്പിക്കാന്‍ കക്ഷിരാഷ്ട്രിയ ഭിന്നതകള്‍ മറന്ന് യോജിപ്പിലെത്താന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി പെരിന്തല്‍മണ്ണ, ഊരകം അബ്ദുറഹ്മാന് സഖാഫി വടശ്ശേരി ഹസന് മുസ്ലിയാര്, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി കെ മുഹമ്മദ് ബശീര്‍, കെ ടി ത്വാഹിര്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെ പി ജമാല്‍ കരുളായി, അലിയാര് കക്കാട്, ശരീഫ് സഅദി ചര്‍ച്ചക്ക് നേതൃത്വം നല്കി.
വിവിധ പോഷക സംഘടന പ്രതിനിധികളായ സുല്‍ഫിക്കറലി സഖാഫി, മുനീര്‍ പാഴൂര്‍, മുഹമ്മദലി മുസ്ലിയാര് പൂക്കോട്ടൂര്‍ , കുഞ്ഞീതു മുസ്ല്യാര്‍, ഗഫൂര്‍ എടയൂര്‍, മുഹമ്മദ് അഫ്ലല്, കെ. മുശ്താഖ് സഖാഫി പ്രസംഗിച്ചു.