National
കനത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ആരംഭിച്ചു; വൈകിയെത്തിയവര്‍ക്ക് പരീക്ഷയെഴുതാനായില്ല
ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ.
ന്യൂഡൽഹ| ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനപ്പരീക്ഷ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. മെയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പിന്നീട് പുനപ്പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന 180 മിനുട്ടില്‍ നിന്നും 195 മിനുട്ടായി പരീക്ഷാസമയം കൂട്ടിയിരുന്നു.
പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1:30ന് തന്നെ എല്ലാ കേന്ദ്രങ്ങളുടെയും ഗേറ്റുകള്‍ അടച്ചു. പുതിയ ഹോള്‍ ടിക്കറ്റിന് പകരം ആദ്യ പരീക്ഷയുടെ പഴയ ഹോള്‍ ടിക്കറ്റുമായി വന്നവര്‍ക്കും, ഗതാഗത പ്രശ്നങ്ങള്‍ കാരണം കൃത്യസമയത്ത് എത്താന്‍ കഴിയാത്തവര്‍ക്കും പരീക്ഷയെഴുതാന്‍ സാധിച്ചില്ല.
സുരക്ഷക്കായി അര്‍ധ സൈനിക വിഭാഗങ്ങളെ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. സി സി ടി വി നിരീക്ഷണത്തിലാകും പരീക്ഷ നടക്കുക. ജലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ 51,311 ജാമറുകള്‍ വിവിധ കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാ മുറികളില്‍ രണ്ട് നിരീക്ഷണ ഉദ്യോഗസ്ഥര്‍ വീതം ഉണ്ടാകും.
ഓരോ കേന്ദ്രത്തിലും പത്തിലധികം ഉദ്യോഗസ്ഥരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ബയോമെട്രിക് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥരും കേന്ദ്രങ്ങളില്‍ ഉണ്ടാകും. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരു സെന്റര്‍ സിസ്റ്റം ഓഫീസറുണ്ടാകും. സി സി ടി വി ദൃശ്യ പരിശോധനക്ക് എഐ അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും എന്‍ ടി എ അറിയിച്ചു.
Content Highlights:
The NEET UG re-examination has commenced across 5,440 centers under stringent security measures following a previous question paper leak. Over 23 lakh students are appearing for the extended 195-minute test under intense CCTV and AI surveillance. Strict guidelines led to some latecomers being barred.







