Connect with us

Kerala

സംഗീത സംവിധായകൻ കെ ജി ജയൻ അന്തരിച്ചു

ചലച്ചിത്ര ഗാനങ്ങളിലൂടേയും ഭക്തിഗാനങ്ങളിലൂടേയും സംഗീതാസ്വാദകരുടെ ഹൃദയം നിറച്ച സംഗീത സംവിധായകനായിരുന്നു കെ ജി ജയൻ

Published

|

Last Updated

കൊച്ചി | പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടേയും ഭക്തിഗാനങ്ങളിലൂടേയും സംഗീതാസ്വാദകരുടെ ഹൃദയം നിറച്ച സംഗീത സംവിധായകനായിരുന്നു കെ ജി ജയൻ. ഇരട്ട സഹോദരനായ വിജയനൊപ്പം ചേർന്നുള്ള അദ്ദേഹത്തിന്റെ സംഗീത യാത്രക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1988–ൽ വിജയന്റെ വിയോഗ ശേഷവും ഗാനരംഗത്ത് സജീവമായിരുന്നു.

ചലച്ചിത്ര, ഭക്തി ഗാന മേഖലയിൽ 63 വർഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹം ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട് .പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങളിലും പാടി.

1934 നവംബർ 21-ന് കോട്ടയത്തെ വീട്ടിൽ പരേതനായ ഗോപാലൻ തന്ത്രികലിൻ്റെയും പരേതയായ നാരായണി അമ്മയുടെയും മൂന്നാമത്തെയും നാലാമത്തെയും മക്കളായാണ് കെജി ജയൻ, വിജയൻ സഹോദരങ്ങളുടെ ജനനം. 6–ാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 –ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനഭൂഷണം കോഴ്‌സ് പഠിച്ച് മികച്ച വിജയം നേടി. പിന്നീട്, ആലത്തൂർ ബ്രദേഴ്‌സ് , ചെമ്പൈ വൈദ്യനാഥ ഭാഗവതർ , എം. ബാലമുരളീകൃഷ്ണ തുടങ്ങിയ കർണാടക രംഗത്തെ അതികായൻമാരിൽ നിന്ന് അവർ ഉന്നത പരിശീലനം നേടി . ചെമ്പൈയുടെ കീഴിലുള്ള പഠനകാലത്താണ് അവർ പാട്ടുകൾ രചിക്കാനും പാടാനും തുടങ്ങിയത്.

2019 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്

സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനിൽ പോകവേ 1988 ജനുവരി ഒൻപതിനായിരുന്നു ഇരട്ട സഹോദരൻ കെ ജി വിജയന്റെ നിര്യാണം.

പ്രശസ്‌ത സിനിമാ താരം മനോജ് കെ.ജയൻ മകനാണ്. ബിജു കെ.ജയനാണ് മറ്റൊരു മകൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.

Latest