Kerala
മൊഫിയയുടെ മരണം: സി ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തു; വകുപ്പ്തല അന്വേഷണത്തിനും ഉത്തരവ്
കൊച്ചി ഈസ്റ്റ് അസി.കമ്മിഷണറാണ് അന്വേഷണം നടത്തുക
തിരുവനന്തപുരം | നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീന്റെ മരണത്തില്‍ അലുവ മുന്‍ സി ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡിജിപിയാണ് നടപടിക്ക് ഉത്തരവിട്ടത്. സി ഐ സുധീറിനെതിരെ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.കൊച്ചി ഈസ്റ്റ് അസി.കമ്മിഷണറാണ് അന്വേഷണം നടത്തുക മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി മൊഫിയയുടെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിറകെയാണ് നടപടി.
മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി എല്‍ സുധീറിനെ നേരത്തെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അതേ സമയം സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു കോണ്‍ഗ്രസ്. സി ഐയെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ആലുവയില്‍ നടത്തിവരികയായിരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് ബെന്നി ബെഹ്നാന് അറിയിച്ചു.