Connect with us

Saudi Arabia

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സഊദിയുടെ എണ്ണ കയറ്റുമതി യാമ്പു തുറമുഖം വഴി: സഊദി അരാംകോ

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തന്ത്രപ്രധാന പ്രവേശന കവാടമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെയാണ് സുപ്രധാന നീക്കമുമായി സഊദി അരാംകോ രംഗത്ത് വന്നത്

Published

|

Last Updated

യാമ്പു |  പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും എണ്ണ വിതരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സഊദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി താല്‍ക്കാലികമായി സഊദി അരാംകോ യാമ്പു വ്യാവസായിക തുറമുഖം വഴി ആരംഭിച്ചതായി അല്‍ അഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തന്ത്രപ്രധാന പ്രവേശന കവാടമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെയാണ് സുപ്രധാന നീക്കമുമായി സഊദി അരാംകോ രംഗത്ത് വന്നത്. അറേബ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിവിധ രാജ്യങ്ങളുടെ എണ്ണ വാഹിനികള്‍ക്ക് താത്കാലിക പരിഹാരമായാണ് ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഒരു ഭാഗം യാമ്പുവിലേക്ക് മാറ്റിയത്

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഹോര്‍മുസ് വഴിയുള്ള കയറ്റുമതി ഇതിനകം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. മേഖലയിലുടനീളം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കപ്പലുകള്‍ക്ക് ഭീഷണിയാകുകയും കടലിടുക്കിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയുമാണ്. ജലപാതയിലൂടെ കടന്നുപോകാന്‍ നിര്‍ദ്ദേശിക്കുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഒഴിവാക്കിയതോടെ ജല ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്

ആഗോള എണ്ണ വിതരണത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നത് വരെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അരാംകോ വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് വലിയ ക്രൂഡ് ഓയില്‍ കാരിയറുകളാണ് യാമ്പു തുറമുഖം വഴി ഇതിനകം കയറ്റുമതി ചെയ്തതെന്നും ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയുടെ മൂന്നിരട്ടിയായി കയറ്റുമതി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2025 ല്‍ യാമ്പുവില്‍ നിന്നും അരാംകോ ഏകദേശം 560,000 ബാരല്‍ അസംസ്‌കൃത എണ്ണയാണ് പ്രതിദിനം വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലേക്കും മെഡിറ്ററേനിയനിലേക്കും കയറ്റി അയച്ചത്. അറബ് ലൈറ്റ് ക്രൂഡിന്റെ കയറ്റുമതിയാണ് യാമ്പു തുറമുഖം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈന്‍ വഴി യാന്‍ബുവിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ തിരിച്ചുവിടാന്‍ കഴിയുമെന്ന് ആരാംകോ വൃത്തങ്ങള്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest