Connect with us

Kerala

മീഡിയവണ്‍ സംപ്രേഷണ വിലക്ക്: കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| മീഡിയ വണ്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജി ചൂണ്ടിക്കാട്ടുന്നു.

 

Latest