Connect with us

Kerala

കെ എം ബഷീർ മാധ്യമ പുരസ്കാരം മുഹമ്മദ് അനീസിന് സമ്മാനിച്ചു

മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രൗഢമായ അലുംനി ഡെലിഗേറ്റസ് കോൺക്ലൈവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് പുരസ്കാരം കൈമാറിയത്.

Published

|

Last Updated

കെ.എം. ബഷീർ മാധ്യമ പുരസ്കാരം മുഹമ്മദ് അനീസിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കുന്നു.

കോഴിക്കോട്| മർകസ് പൂർവ വിദ്യാർഥിയും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിന്റെ സ്മരണാർഥം മർകസ് അലൂംനി ഏർപ്പെടുത്തിയ 2026-ലെ മാധ്യമ പുരസ്‌കാരം പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് അനീസിന് സമ്മാനിച്ചു. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രൗഢമായ അലുംനി ഡെലിഗേറ്റസ് കോൺക്ലൈവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് പുരസ്കാരം കൈമാറിയത്. 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റിങ് എഡിറ്ററായ മുഹമ്മദ് അനീസ്, അന്താരാഷ്ട്ര രാഷ്ട്രീയ വിശകലനങ്ങളിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ ഏറെ ശ്രദ്ധേയനാണ്. സങ്കീർണമായ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ലളിതവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന മികവ് മുൻനിർത്തിയാണ് പുരസ്കാരം. 2012-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക സന്ദർശിച്ച മാധ്യമ സംഘത്തിലും മലേഷ്യയിൽ നടന്ന യു.എൻ. മതസൗഹാർദ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്, സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി. എറയ്ക്കൽ, എസ്. ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടി. കാസിം എം.എൽ.എ, സി.പി. ഉബൈദുല്ല സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എഫ് ജോർജ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.

കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ പരേതനായ പി.കെ. അബൂബക്കർ ഹാജിയുടെയും സഫിയയുടെയും മകനാണ് മുഹമ്മദ് അനീസ്. എളേറ്റിൽവട്ടോളി കിളച്ചപറമ്പിൽ ജുമാനയാണ് ഭാര്യ. അമൻ അഹ്മദ്, നേഹ അനീസ് എന്നിവർ മക്കളാണ്.

Content Highlights:
Journalist Muhammed Anees received the 2026 KM Basheer Memorial Media Award for his global political analysis. Indian Grand Mufti Kanthapuram AP Aboobacker Musliyar presented the honor at Markaz Knowledge City. The event was inaugurated by Agriculture Minister Adv T Siddique in Calicut.

 

Latest