Connect with us

First Gear

മഹീന്ദ്ര എക്‌സ് യുവി300 ഇലക്ട്രിക് മോഡല്‍ പരീക്ഷണത്തില്‍

രണ്ട് വര്‍ഷം മുമ്പ് ഓട്ടോ എക്സ്പോയില്‍ എക്‌സ് യുവി300 എന്ന ഇലക്ട്രിക് വാഹന ആശയം മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവമാണ് നടക്കുന്നത്. കൂടുതല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതായാണ് കണ്ടുവരുന്നത്. നിലവില്‍ ടാറ്റ നെക്സോണ്‍ ഇവിയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് കാര്‍. നെക്സോണ്‍ ഇവിയുമായി മത്സരിക്കാന്‍ മഹീന്ദ്ര എക്‌സ് യുവി300ന്റെ ഇലക്ട്രിക് പതിപ്പ് വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

റോഡുകളില്‍ പരീക്ഷിക്കുന്ന മഹീന്ദ്ര എക്‌സ് യുവി300ന്റെ ഇലക്ട്രിക് പതിപ്പിനെ കണ്ടെത്തിയതായാണ് വാര്‍ത്തകള്‍. ടെസ്റ്റ് വാഹനത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഓട്ടോ എക്സ്പോയില്‍ എക്‌സ് യുവി300 എന്ന ഇലക്ട്രിക് വാഹന ആശയം മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. റേവ, ഇ2ഒ എന്നിവയുടെ രൂപത്തില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നിര്‍മ്മാതാവാണ് മഹീന്ദ്രയെങ്കിലും, നിര്‍മ്മാതാവിന് നിലവില്‍ സ്വകാര്യ വാഹന വിഭാഗത്തില്‍ ഇലക്ട്രിക് വാഹനമില്ല.

ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ബാഹ്യ രൂപകല്‍പ്പനയില്‍ ഇത് മഹീന്ദ്ര എക്‌സ് യുവി300 ആണെന്ന് വ്യക്തമാണ്. ഇതൊരു ഇലക്ട്രിക് വാഹനമാണെന്ന് സ്ഥിരീകരിക്കുന്നത് ചിത്രങ്ങളിലൊന്നിലെ ഫ്രണ്ട് ഫെന്‍ഡറിലെ ഒരു ലിഡ് ആണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി, ഇലക്ട്രിക് കാറുകള്‍ക്ക് ഫ്യുവല്‍ ലിഡ് കാണുന്ന സ്ഥലത്തോ മുന്‍ ഗ്രില്ലിലോ ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ടായിരിക്കും. എക്സ് യുവി 300-ന്റെ ഇലക്ട്രിക് പതിപ്പിന് സാധാരണ പെട്രോള്‍, ഡീസല്‍ എതിരാളികളെ അപേക്ഷിച്ച് അല്‍പം നീളമുണ്ടാകാന്‍ സാധ്യതയുണ്ട്.

എക്‌സ് യുവി300 ഇവിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 40 കെഡബ്ല്യുഎച്ച് ബാറ്ററി പാക്ക് ആയിരിക്കും വാഹനത്തിന് കരുത്ത് പകരുക. ഇത് ഏകദേശം 130 ബിഎച്ച്പി ഉല്‍പ്പാദിപ്പിക്കുകയും ഏകദേശം 300 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കുകയും ചെയ്യും. മഹീന്ദ്ര എക്‌സ് യുവി300 ഇവി പുറത്തിറക്കുമ്പോള്‍ ടാറ്റ നെക്സോണ്‍ ഇവി, എംജി സെഡ്എസ് ഇവി എന്നിവയുമായി മത്സരിക്കും.

മഹീന്ദ്ര എക്‌സ് യുവി300ന്റെ ഇലക്ട്രിക് പതിപ്പ് 2023-ല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ വാണിജ്യ വിഭാഗത്തില്‍ മഹീന്ദ്ര ഇ-വെരിറ്റോ വാഗ്ദാനം ചെയ്യുന്നു. ഇതല്ലാതെ, നിര്‍മ്മാതാവിന് അവരുടെ പോര്‍ട്ട്ഫോളിയോയില്‍ മറ്റൊരു ഇലക്ട്രിക് വാഹനവുമില്ല. എക്‌സ് യുവി300ന് ശേഷം, മഹീന്ദ്ര കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Latest