Malappuram
തലമുറകൾക്ക് ദിശ നിർണ്ണയിക്കാൻ മദ്രസാ മാനേജ്മെൻ്റുകൾ ജാഗ്രത പുലർത്തണം: എസ് എം എ മലപ്പുറം ജില്ലാ സമ്മേളനം
സോഷ്യൽ മീഡിയകളുടെയും ലഹരി മാഫിയാ സംഘങ്ങളുടെയും പിടിയിലമരുന്ന കുരുന്നുകളെ മൂല്യങ്ങളിലേക്ക് തിരിച്ച് കൊണ്ട് വരാൻ രക്ഷിതാക്കളും അധ്യാപകരും ബുദ്ധിപരമായ ഇടപെടലുകളിലൂടെ മുന്നേറ്റം നടത്തണമെന്നും സമ്മേളനം

കൊണ്ടോട്ടി | കാലം മാറും തോറും മലീമസമായും അധാർമ്മികമായും അധഃപതിച്ചു വരുന്ന യുവ തലമുറക്ക് ശാസ്ത്രീയമായും ചിന്താപരവുമായ ദിശാ നിർണയത്തിനുള്ള പദ്ധതികളും കാലികമായ ഇടപെടലുകളും ആസൂത്രണം ചെയ്തിരിക്കുന്നത് നടപ്പിലാക്കാൻ മദ്രസാ മാനേജ്മൻ്റുകൾ തയ്യാറാവണമെന്ന് കൊണ്ടോട്ടിയിൽ നടന്ന സുന്നീ മാനേജ്മെൻ്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയകളുടെയും ലഹരി മാഫിയാ സംഘങ്ങളുടെയും പിടിയിലമരുന്ന കുരുന്നുകളെ മൂല്യങ്ങളിലേക്ക് തിരിച്ച് കൊണ്ട് വരാൻ രക്ഷിതാക്കളും അധ്യാപകരും ബുദ്ധിപരമായ ഇടപെടലുകളിലൂടെ മുന്നേറ്റം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.
മതാധ്യാപനം മാനേജ്മെൻ്റ് ദൗത്യങ്ങൾ എന്ന വിഷയം ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രസക്തിയും പ്രായോഗികതയും എന്ന വിഷയം റഹ് മത്തുല്ലാ സഖാഫി എളമരവും മതപഠനം – വെല്ലുവിളികളും പ്രതിരോധവും എന്ന വിഷയം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസിസിയും പഠന മേഖല – പ്രശ്നങ്ങൾ ചർച്ചക്ക് എന്ന വിഷയം ഡോ: അബ്ദുൽ അസീസ് ഫൈസി ചെറുവാടിയും അവതരിപ്പിച്ചു.
എസ് എം എ ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് ജലാലുദ്ദീൻ ജമലുല്ലൈലി, പി യു എസ് തങ്ങൾ ,പി എം മുസ്തഫ മാസ്റ്റർ കോഡൂർ ,ശൗഖത്ത് ബുഖാരി കാശ്മീർ, സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, എ കെ കുഞ്ഞീതു മുസ്ലിയാർ, ശുഐബ് ആനക്കയം , അശ്റഫ് മാടാൻ, ടി. അബ്ദുൽ അസീസ് ഹാജി പുളിക്കൽ, തറയിട്ടാൽ ഹസൻ സഖാഫി, ശിഹാബുദ്ധീൻ നഈമി , റസാഖ് സഖാഫി താഴെക്കോട്, ഹൈദർ പാണ്ടിക്കാട്, സലാം മാസ്റ്റർ തുവ്വക്കാട്, അബ്ദുല്ല കുട്ടി പത്തനാപുരം, യു ടി എം ശമീർ പുല്ലൂർ, മൊയ്തീൻ കുട്ടി ഹാജി വീമ്പൂർ, അബ്ദുൽ ഹമീദ്, അബ്ദുൽ ഹക്കീം ഹാജി നെടിയിരുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.